പരിയാരം മെഡിക്കൽ കോളജ്: ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു

Posted on: March 3, 2019 10:08 am | Last updated: March 3, 2019 at 10:09 am
കണ്ണൂർ പരിയാരം മെഡിക്കൽ കോളജ്

തിരുവനന്തപുരം: കണ്ണൂർ പരിയാരം സഹകരണ മെഡിക്കൽ കോളജ് പൂർണമായും സർക്കാർ മെഡിക്കൽ കോളജ് ആക്കി മാറ്റുന്ന ഓർഡിനൻസ് ഗവർണർ ഒപ്പുവച്ചതായി ആരോഗ്യ സാമൂഹികനീതി വനിത ശിശു വികസന മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതു സംബന്ധിച്ച ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം ഗവർണറോട് ശിപാർശ ചെയ്തിരുന്നു.

പരിയാരം കേരള സ്‌റ്റേറ്റ് കോ-ഓപറേറ്റീവ് ഹോസ്പിറ്റൽ ആന്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് മെഡിക്കൽ സർവീസസും അനുബന്ധ സ്ഥാപനങ്ങളുമാണ് ഏറ്റെടുത്ത് സർക്കാർ സ്ഥാപനങ്ങളാക്കി മാറ്റുന്നത്. പരിയാരം മെഡിക്കൽ കോളജ്, ഡന്റൽ കോളജ്, അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, കോളജ് ഓഫ് നഴ്‌സിംഗ്, സ്‌കൂൾ ഓഫ് നഴ്‌സിംഗ്, സഹകരണ ഹൃദയാലയ, മെഡിക്കൽ കോളജ് പബ്ലിക് സ്‌കൂൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് എന്നീ എട്ടു സ്ഥാനങ്ങളാണ് അക്കാദമിക്കു കീഴിൽ പ്രവർത്തിച്ചുവരുന്നത്.

ഈ മെഡിക്കൽ കോളജ് പൂർണമായും സർക്കാർ മെഡിക്കൽ കോളജായി മാറുന്നതോടെ സർക്കാർ ഫീസിൽ പഠിക്കാൻ വിദ്യാർത്ഥികൾക്കും മറ്റ് മെഡിക്കൽ കോളജുകളെപ്പോലെ സൗജന്യ ചികിത്സ ജനങ്ങൾക്കും ലഭ്യമാകും. ഉത്തര മലബാറിൽ സർക്കാർ മേഖലയിൽ മറ്റ് മെഡിക്കൽ കോളജില്ലാത്തതിനാൽ ഇത് ഏറെ അനുഗ്രഹമാകും. ഇതിലൂടെ ജനങ്ങളുടെ വലിയ ആവശ്യങ്ങളിലൊന്നാണ് സാധിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.