വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ച സംഭവം: ആരോപണം നിഷേധിച്ച് സിപിഎം

Posted on: March 2, 2019 3:12 pm | Last updated: March 2, 2019 at 6:39 pm
ചവറ (കൊല്ലം): ആളുമാറി മര്‍ദനമേറ്റ് ഐ ടി ഐ വിദ്യാര്‍ഥി രഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളക്ക് ബന്ധമില്ലെന്ന് സിപിഎം. ഇപ്പോള്‍ പിടിയിലായ പ്രതി വിനീതും കുടുംബവും കോണ്‍ഗ്രസ് പശ്ചാത്തലമുള്ളവരാണെന്നും പെണ്‍കുട്ടിയെ കമന്റടിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ലോക്കല്‍ സെക്രട്ടറി മധു പറഞ്ഞു. സരസന്‍ പിള്ള ആക്രമത്തില്‍ പങ്കെടുത്തിട്ടില്ല. ബോധപൂര്‍വം നടന്ന ആക്ര്മണമല്ല ഉണ്ടായത്. ആരോപണ വിധേയരായ അഞ്ച് പേരും കോണ്‍ഗ്രസ് പശ്ചാത്തലമുള്ളവരാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നതെന്നും മധു പറഞ്ഞു. കെ എസ് യു പ്രവര്‍ത്തകനായ രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ ചവറ തെക്കുംഭാഗം പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.
രഞ്ജിത്തിന്റെ കൊലപാതകത്തില്‍ കൊല്ലം ജില്ലാ ജയിലിലെ അസിസ്്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തേവലക്കര അരിനല്ലൂര്‍ മല്ലകത്ത് കിഴക്കതില്‍ വിനീതിനെ (30) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം ചന്ദനത്തോപ്പ് ഐ ടി ഐ വിദ്യാര്‍ഥിയും തേവലക്കര അരിനല്ലൂര്‍ ചിറാലക്കോട്ട് കിഴക്കതില്‍ രാധാകൃഷ്ണപിള്ള രജനി ദമ്പതികളുടെ മകനുമായ രഞ്ജിത്ത് (18) ആണ് ആളുമാറിയുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഫെബ്രുവരി 14ന് രാത്രി ഒമ്പതരക്കാണ് സംഭവം. പ്രണയ ദിനത്തില്‍ വിനീതിന്റെ അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ രഞ്ജിത്ത് ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
മര്‍ദനത്തിന്റെ പേരില്‍ രഞ്ജിത്തിന്റെ ബന്ധുക്കള്‍ നേരത്തെ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചവറ തെക്കുംഭാഗം പോലീസ് കേസ് എടുത്തെങ്കിലും പ്രതികളെ അറസ്റ്റു ചെയ്തിരുന്നില്ലെന്ന് രഞ്ജിത്തിന്റെ മാതാപിതാക്കള്‍ പറഞ്ഞു. വിനീത് സര്‍വീസിലിരിക്കേ തന്നെ നാട്ടില്‍ ഒരു അടിപിടി ക്കേസില്‍ പ്രതിയായിരുന്നുവെന്ന് തെക്കുംഭാഗം പോലീസ് പറഞ്ഞു.
അതേസമയം പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.