വേനല്‍: വേണം ജാഗ്രത

Posted on: March 2, 2019 1:55 pm | Last updated: March 2, 2019 at 1:55 pm

മലപ്പുറം: വേനല്‍ കനത്തതോടെ സൂര്യാഘാതമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇത്തവണ വേനലിന്റെ കാഠിന്യം നേരത്തെ ജില്ലയില്‍ അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. പുറം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ജോലി സമയങ്ങളില്‍ ക്രമീകരണം നടത്തണം.
11 മണി മുതല്‍ മൂന്ന് മണിവരെ സൂര്യാതാപം നേരിട്ട് ദേഹത്ത് പതിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത് സൂര്യാഘാതമേല്‍ക്കാന്‍ സാഹചര്യമൊരുക്കും. ഉഷ്ണത്തില്‍ ശരീരത്തില്‍ നിന്ന് ലവണാംശം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.

തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ഉച്ച വിശ്രമസമയം അടുത്ത മാസം 30 വരെ പുന:ക്രമീകരിച്ചതായി എം ജി എന്‍ ആര്‍ ഇ ജി എസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. വേനല്‍ച്ചൂട് കൂടിയ സാഹചര്യത്തില്‍ സൂര്യാഘാതം ഉണ്ടാകാനുളള സാധ്യത പരിഗണിച്ചാണ് ഉച്ചവിശ്രമസമയം കൂട്ടുന്നത്. പകല്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ഉച്ച തിരിഞ്ഞ് മൂന്നു വരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കാം. തൊഴിലിടങ്ങളില്‍ ആവശ്യമായ കുടിവെളളം, ഷെഡ്, ഫസ്റ്റ് എയ്ഡ് എന്നിവ നിര്‍ബന്ധമായും ഉറപ്പ് വരുത്തണമെന്നും ലേബര്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി.

ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം…

> ഐസ് ഉപയോഗിച്ചുള്ള ശീതളപാനീയങ്ങള്‍ ഒഴിവാക്കുക
തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക

> സ്‌കൂളുകളിലെ അസംബ്ലികള്‍ അധികം നേരം നീട്ടാതിരിക്കുക

> കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക