Connect with us

Wayanad

അനഘയുടെ മരണം: പ്രതിക്ക് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും

Published

|

Last Updated

കല്‍പ്പറ്റ: പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പുല്‍പ്പള്ളി ആടിക്കൊല്ലി അമ്പത്താറ് മൂലേതറയില്‍ ദാസന്റെ മകള്‍ അനഘാദാസിനെ(17) കൊലപ്പെടുത്തിയ കേസിലെ പ്രതി പുല്‍പ്പള്ളി മാരപ്പന്‍മൂല പുലിക്കപറമ്പില്‍ അബ്ദുര്‍റഹ്മാനെ(22) അഞ്ച് വര്‍ഷം തടവിനും 25,000 രൂപ പിഴയടക്കാനും കര്‍ണാടക ചാമരാജ് നഗര്‍ സെഷന്‍സ് കോടതി വിധിച്ചു.
2014 ഫെബ്രുവരി 14നായിരുന്നു സംഭവം. ഗുണ്ടല്‍പേട്ട മദൂരിനടുത്തെ ബേരന്‍പാടി തടാകത്തിലാണ് അനഘയുടെ മൃതദേഹം കണ്ടെത്തിയത്. ജന്മദിനവും വാലന്റൈന്‍ ദിനവും ആഘോഷിക്കാനെന്ന വ്യാജേനെ അബ്ദുര്‍റഹ്മാന്‍ അനഘയെ ബൈക്കില്‍ കൂട്ടിക്കൊണ്ടു പോവുകയും കൊലപ്പെടുത്തുകയുമായിരുന്നു.

2014 ഫെബ്രുവരി 14ന് രാവി ലെ പതിനൊന്ന് മണിയോടെയാണ് വിദ്യാര്‍ഥിനിയുമായി അബ്ദുര്‍റഹ്മാന്‍ കക്കല്‍ തൊണ്ടിയിലെത്തിയത്. തടാകത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനി നീന്തലറിയാതെ മരിക്കുകയായിരുന്നുവെന്നാണ് പ്രതി ആദ്യം പോലീസില്‍ നല്‍കിയ മൊഴി.
എന്നാല്‍ കുളിക്കാനുപയോഗിക്കാത്ത ചെളിനിറഞ്ഞ ഈ തടാകത്തില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പരിസരവാസികള്‍ സംശയം ഉന്നയിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

തടാകത്തിലിറങ്ങിയ അനഘയെ അബ്ദുര്‍റഹ്മാന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഇതിനെ എതിര്‍ത്ത് അനഘ തിരികെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതി അനഘയെ തടാകത്തില്‍ മുക്കി കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.തുടര്‍ന്ന് മൃതദേഹം തടാകത്തില്‍ തള്ളിയ ശേഷം അബ്ദുര്‍റഹ്മാന്‍ കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്നവരെ വിളിച്ചുകൂട്ടുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ഉടന്‍ ഗുണ്ടല്‍പേട്ട പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി അബ്ദുര്‍റഹ്മാനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വിദ്യാര്‍ഥിനിയുടെ കൊലപാതകത്തിന്റെ രഹസ്യങ്ങളിലേക്ക് വഴിതുറന്നത്. കൊലചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്് ഒരു വിവാഹവീട്ടില്‍ വെച്ച് പരിചയപ്പെട്ട അനഘയുമായി പ്രതിയായ അബ്ദുര്‍റഹ്മാന്‍ നിരന്തരമായി ഫോണില്‍ ബന്ധപ്പെടുകയും കുട്ടിയെ വലയിലാക്കുകയുമായിരുന്നുവെന്നാണ് കേസ്.

Latest