ലോക്‌സഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കില്ല: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

Posted on: March 1, 2019 7:02 pm | Last updated: March 1, 2019 at 8:49 pm

ലക്‌നൗ: അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പൊതു തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. തിരഞ്ഞെടുപ്പു സംബന്ധമായ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി യു പിയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ-പാക് സംഘര്‍ഷം നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പു മാറ്റിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിതിനിടെയാണ് കമ്മീഷന്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ രാജ്യത്തിനകത്തെ മാത്രമല്ല, വിദേശത്തുള്ള തങ്ങളുടെ സ്വത്തുവിവരങ്ങള്‍ കൂടി വെളിപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ പറഞ്ഞു. ആദായ നികുതി വകുപ്പ് ഇതിന്റെ രേഖകള്‍ പരിശോധിക്കും. തിരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന സ്വത്തുവിവരങ്ങളും യഥാര്‍ഥ കണക്കുകളും തമ്മില്‍ അന്വേഷണത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പു നല്‍കി.