തീവ്രവാദത്തിനെതിരായ പോരാട്ടം മതത്തിന് എതിരല്ല: സുഷമ സ്വരാജ്

Posted on: March 1, 2019 3:06 pm | Last updated: March 1, 2019 at 8:26 pm

അബുദാബി: ആഗോള ഭീകരതക്കെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. യുഎഇയില്‍ നടക്കുന്ന ഇസ്‌ലാമിക് കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ വിദേശകാര്യ മന്ത്രിമാരൂടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും അല്ലാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.

തീവ്രവാദത്തിനെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരെ അല്ല. എല്ലാ മതങ്ങളും സമാധാനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ദൈവം ഒന്നാണ്. അതിനെ മനുഷ്യന്‍ വിവിധ രീതികളിലൂടെ ആരാധിക്കുക മാത്രമാണ് ചെയ്യുന്നത്. തീവ്രവാദ കേന്ദ്രങ്ങള്‍ ഇല്ലാതാക്കണം. പക്ഷെ അത് സൈനികനടപടി കൊണ്ട് മാത്രം സാധ്യമല്ലെന്നും സുഷമാ സ്വരാജ് പറഞ്ഞു.

ഇന്ത്യയിലെ മുസ്‌ലിം വിഭാഗം സഹിഷ്ണുതയുടെ മാതൃകയാണ് അവര്‍ തീവ്രവാദത്തിന് എതിരാണെന്നും സുഷമാ സ്വരാജ് പറഞ്ഞു. ഇന്ത്യയെ പിന്തുണയ്ക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സുഷമാ സ്വരാജ് നന്ദി രേഖപ്പെടുത്തി.