ശൈഖ് അബൂബക്കർ; കടൽ കടന്ന കേളി

Posted on: March 1, 2019 1:00 pm | Last updated: March 1, 2019 at 1:00 pm

അതിരുകളില്ലാത്ത ലോകമെന്ന പ്രയോഗം പോലെയാണ് കാന്തപുരത്തിന്റെ പ്രവർത്തനം. കൃത്യമായൊരിടമില്ല. ദേശവും ഭാഷയും മറികടന്നുള്ള പ്രവർത്തന മണ്ഡലം. അനുഭവങ്ങളിൽ നിന്ന് ആർജ്ജിച്ചെടുത്ത കരുത്താണ് ഇന്ധനം. പ്രധാന ആയുധമാകട്ടെ അപാരമായ അറിവും. അശരണർക്ക് മുന്നിൽ ആശ്രയത്തിന്റെ തെളിനീരാണെങ്കിൽ കാലുഷ്യങ്ങൾക്കിടയിലെ ശാന്തി ദൂതനാണ്.
അംഗീകാരങ്ങൾ എല്ലാം ഇങ്ങോട്ട് തേടിവരുന്നതാണ് കാന്തപുരത്തിന്റെ അനുഭവം. അത് ഓരോന്നുമാകട്ടെ ഓരോ രാജ്യത്തിന് അത്രമേൽ പ്രാധാന്യമുള്ളതും. അറിവിന്റെ പ്രസരണം തന്നെയാണ് ഈ മനീഷിയുടെ സർവാംഗീകാരങ്ങളുടെയും കാതൽ. ഒരു സമൂഹത്തെക്കുറിച്ചുള്ള ചരിത്രം ഓർമിക്കപ്പെടുന്ന അടയാളമാക്കിയത് വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുടെ ഫലവും.

പ്രവർത്തന തുടക്കം മലബാറിൽ കേന്ദ്രീകരിച്ചെങ്കിൽ അത് കേരളമാകെ വ്യാപിക്കാൻ അധിക നാൾ വേണ്ടിവന്നില്ല. പതുക്കെയാണെങ്കിലും ഉത്തരേന്ത്യയിലേക്കും കർമ മണ്ഡലം വ്യാപിച്ചു. അതാകട്ടെ ഒരു അനിവാര്യതയായിരുന്നു. ആ നാടുകളുടെ ആവശ്യകതയും. കേരളീയ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഭൂപടം രാജ്യത്തിന്റേതാകുന്ന അപൂർവ കാഴ്ച. അതാണ് കാന്തപുരം സാധ്യമാക്കിയത്. വിശുദ്ധ മതത്തിന്റെ പരമ്പരാഗതമായ പൈതൃകത്തിന്റെ പ്രസരണം പ്രയോഗവത്കരിക്കുകയായിരുന്നു കാന്തപുരം. നഗരഗ്രാമങ്ങൾ കാന്തപുരത്തിന് നിലമൊരുക്കി കാത്തിരുന്നു.
രാജ്യത്തെ ഈ വിപ്ലവത്തിന് സമാന്തരമായി തന്നെ ശൈഖ് അബൂബക്കറിനെ സ്വീകരിക്കാൻ വിദേശ രാഷ്ട്രങ്ങളിലും ആളും ആരവങ്ങളുമുണ്ടായി. അറബ് രാഷ്ട്ങ്ങളിലെ കേരളത്തിന്റെയും രാജ്യത്തിന്റെയും തലയെടുപ്പാണ് ഇന്ന് കാന്തപുരം. ചെച്‌നിയൻ ഭരണാധികാരിയുടെ ഉറ്റ സുഹൃത്ത് എന്നതിലേക്ക് വരെ ഈ ബന്ധം വളർന്നു.

ലോകരാഷ്ട്രങ്ങളിൽ നടക്കുന്ന അന്തർദേശീയ സെമിനാറുകളിലെ സ്ഥിരം സാന്നിധ്യമായി. പലപ്പോഴും രാജ്യത്തെ തന്നെ പ്രതിനിധീകരിച്ചു. മുഖ്യപ്രഭാഷകനായി. ഇന്ത്യയിലെ ഏറ്റവും കരുത്തനായ പണ്ഡിതൻ എന്ന് പല ഏജൻസികളിലും തിരഞ്ഞെടുക്കപ്പെട്ടു.
അറബ് രാഷ്ട്രങ്ങളിൽ ചിരപരിചിതനാണ് ഇന്ന് ശൈഖ് അബൂബക്കർ. പല ഭരണാധികാരികളുമായും ഉറ്റ ബന്ധം. വിദേശ രാഷ്ട്ര തലവന്മാരുടെ ഇന്ത്യാ സന്ദർശനവേളയിൽ കാന്തപുരം കൂടി അതിഥിയായി വേണമെന്ന് അവർ തന്നെ ആഗ്രഹം പ്രകടിപ്പിക്കുന്നതിലേക്ക് ഈ ബന്ധം വളർന്നു. രാഷ്ട്ര തലവന്മാരെ സ്വാഗതം ചെയ്ത് കാന്തപുരം എഴുതിയ വരികൾ അന്തർദേശീയ തലത്തിൽ തന്നെ ചർച്ചയായി.
ആത്മീയാചാര്യൻ എന്നതിനൊപ്പം സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ മണ്ഡലങ്ങളുടെ ഉന്നത ശ്രേണിയിൽ കാന്തപുരം അവരോധിക്കപ്പെട്ടു. അറബ് രാഷ്ട്രങ്ങളിലും ഒതുങ്ങി നിന്നില്ല പ്രവർത്തനമണ്ഡലം. യൂറോപ്പിലെയും ആഫ്രിക്കയിലെയും മുസ്‌ലിം മുന്നേറ്റത്തിനൊപ്പം കാന്തപുരം സഞ്ചരിച്ചു. അവിടങ്ങളിലെ ആത്മീയവേദികൾക്ക് നേതൃത്വം വഹിച്ചു.

സൂഫിസരണിയിൽ അന്തർദേശീയതലത്തിലെ പ്രമുഖരുമായു ഉറ്റബന്ധം.
അവരിൽ പലരും കാന്തപുരത്തെ സ്വന്തം നാടുകളിലെ അതിഥിയാക്കി. കേരളം ലോകത്തിന് നൽകിയ ഈ മഹാഗുരു ഇന്നൊരു പ്രവാഹമാണ്. അറിവിന്റെ അലകടലായി അത് ഇരമ്പുകയാണ്. ഈ ഒഴുക്കിന് ഇനി ‘ഗ്രാൻഡ് മുഫ്തി’യുടെ തലയെടുപ്പ് കൂടിയുണ്ട്. നമുക്ക് അഭിമാനിക്കാം. ഇങ്ങിനെയൊരു ഗുരുവിനെ ലോകത്തിന് സമർപ്പിക്കാനായതിൽ.

കെ എം ബഷീർ