Connect with us

Kozhikode

അതിർത്തികളില്ലാത്ത അംഗീകാരം

Published

|

Last Updated

ഇന്ത്യയിൽ പതിറ്റാണ്ടുകളായി കാന്തപുരത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മത, വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തങ്ങളുടെ വലിപ്പവും ആഴവും അടുത്തറിഞ്ഞ രാജ്യത്തെ പ്രധാനപ്പെട്ട സുന്നീ സംഘടന നേതാക്കളാണ് ഗ്രാൻഡ് മുഫ്തിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഉത്തരേന്ത്യയിലെ പ്രമുഖരായ സുന്നി നേതാവും രചയിതാവുമായ അഖ്തർ റസാഖാൻ അസ്ഹരി വിടപറഞ്ഞ ഒഴിവിലേക്കാണ് ദക്ഷിണേന്ത്യയിൽ നിന്നുള്ള ഈ വിഖ്യാത പണ്ഡിതൻ തിരഞ്ഞെടുക്കപ്പെടുന്നത്. അറിവിന്റെ ലോകത്ത് അതിർത്തികളില്ലെന്ന് തെളിയിക്കുന്നതായിരുന്നു കാന്തപുരത്തിന് ലഭിച്ച ഈ അംഗീകാരം.

ഇമാം അഹമ്മദ് റസാഖാൻ ബറേൽവിയുടെ പേരമകനായ അഖ്തർ റസാഖാൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ അടുത്ത സുഹൃത്തായിരുന്നു. ഇന്ത്യൻ മുസ്‌ലിംകളുടെ മുന്നേറ്റത്തിനായി നിരവധി ചർച്ചകളും ഇരുവർക്കുമിടയിൽ നടന്നിട്ടുണ്ട്. അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ യോഗം നടന്നത് അദ്ദേഹത്തിന്റെ അധ്യക്ഷതയിലായിരുന്നു. ബറേൽവിയിൽ നടക്കുന്ന ഉന്നത ഇസ്‌ലാമിക പഠന കേന്ദ്രത്തിലേക്ക് കാന്തപുരത്തെ അദ്ദേഹം മുഖ്യതിഥിയായി കൊണ്ടുപോയിട്ടുണ്ട്. ഇസ്‌ലാമിക വിജ്ഞാനത്തിലുള്ള ആഴത്തിലുള്ള അറിവ്, വിവിധ മദ്ഹബുകളിലുള്ള കർമ്മശാസ്ത്രപരമായ ജ്ഞാനം, ഉത്തരേന്ത്യൻ മുസ്‌ലിംകളുടെ വ്യവഹാര ഭാഷയായ ഉർദുവിൽ കാന്തപുരത്തിനുള്ള പ്രാഗത്ഭ്യം, സംഘാടന ശേഷി, ഇന്ത്യയിലാകെ പരന്നു കിടക്കുന്ന മർകസിൽ നിന്ന് പഠനം പൂർത്തിയാക്കിയ രണ്ടായിരത്തിൽപരം വരുന്ന സഖാഫികളുടെ ഉറുദുവിലും ഹിന്ദിയിലും അറബിയിലുമുള്ള അവഗാഹം, 23 സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജീവകാരുണ്യ സംരംഭങ്ങൾ, ലോക ഇസ്‌ലാമിക പണ്ഡിതരും ഭരണാധികാരികളുമായുള്ള അടുത്ത ഹൃദയ ബന്ധം തുടങ്ങി മറ്റ് പണ്ഡിതന്മാരിൽ നിന്ന് കാന്തപുരത്തെ വേർതിരിക്കുന്നവിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഗ്രാൻഡ് മുഫ്തി പദവിയിലേക്ക് സുന്നി പണ്ഡിതർ അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ മാസം 24ന് ഡൽഹിയിൽ നടന്ന ഗരീബ് നവാസ് പീസ് കോൺഫറൻസ് ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ഇസ്‌ലാമിക വിശ്വാസികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെയും ധൈഷണിക കൂട്ടായ്മയുടെയും സ്ഥാപന നേതൃത്വങ്ങളുടെയും മഹാസംഗമമായിരുന്നു. വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു നൂറിൽ പരം നേതാക്കൾ കാന്തപുരത്തെ ഗ്രാൻഡ് മുഫ്തിയാക്കുന്ന ചടങ്ങിനെത്തിയിരുന്നു. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സജീവമായ ബറേൽവി പണ്ഡിതർ, മാർഹര പണ്ഡിതർ, ലക്‌നോയിലെ കച്ചൂച്ച പണ്ഡിതർ, അശ്‌റഫിയ പണ്ഡിതർ, അജ്മീർ ശരീഫ്, ഡൽഹി നിസാമുദ്ദീൻ ദർഗ, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന ഉലമാക്കൾ എല്ലാം ചേർന്ന സമ്മേളനമായിരുന്നുവത്. ഇതോടെ, ലോക പണ്ഡിതരുമായി അടുത്ത ബന്ധമുള്ള കാന്തപുരത്തിന് ഇന്ത്യൻ മുസ്‌ലിംകളുടെ വൈജ്ഞാനിക മുന്നേറ്റത്തിന് പുതിയ പദ്ധതികൾ കൊണ്ടുവരാനും സുന്നി സമൂഹങ്ങളെ ഏകോപിപ്പിച്ചു ധിഷണാപരമായ ഐക്യം സാധ്യമാക്കാനുമാകും.

Latest