കാലിക്കറ്റ് സര്‍വകലാശാലയില്‍ എംഎസ്എഫ് മാര്‍ച്ചിനിടെ സംഘര്‍ഷം; പോലീസ് ലാത്തി വീശി

Posted on: March 1, 2019 12:43 pm | Last updated: March 1, 2019 at 12:43 pm

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. സി സോണ്‍ കലോത്സവത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാത്ത സംഭവവുമായി ബന്ധപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. ഈ വിഷയത്തില്‍ ഇന്നലേയും ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായിരുന്നു. എട്ടോളം എ്ംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് എംഎസ്എഫ് മാര്‍ച്ച് നടത്തിയത്.

കാലിക്കറ്റ് സര്‍വകലാശാലയുടെ സി സോണ്‍ കലോത്സവത്തില്‍ എംഎസ്എഫ് ഭരിക്കുന്ന കോളജ് യൂനിയനുകളെ വിലക്കിയെന്നാരോപിച്ച് കാലിക്കറ്റ് സര്‍വകലാശാല വിസിയെ ഇന്നലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ഓഫീസില്‍ പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് എംഎസ്എഫ്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റ് മുട്ടലുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നത്തേയും സംഭവവികാസങ്ങള്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘം ക്യാമ്പസില്‍ തമ്പടിച്ചിരുന്നു. സംഘര്‍ഷമുണ്ടായതോടെ പോലീസ് ലാത്തി വീശി. ഇതില്‍നിന്നും രക്ഷപ്പെടാന്‍ ഓടുന്നതിനിടെ പലര്‍ക്കും വീണ് പരുക്കേറ്റിട്ടുണ്ട്. എംഎസ്എഫ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലേറ് നടത്തുകയുമുണ്ടായി.