ബിന്‍ ലാദന്റെ മകന്റെ തലക്ക് വിലയിട്ട് അമേരിക്ക; വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍

Posted on: March 1, 2019 11:54 am | Last updated: March 1, 2019 at 2:00 pm

വാഷിംഗ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ (ഏകദേശം ഏഴ് കോടി രൂപ) പാരിതോഷികം നല്‍കുമെന്ന് അമേരിക്ക. ഹംസയെ പിടികൂടുന്നതിന് സഹായകരമായ വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുക. യുഎസ് നയതന്ത്ര സുരക്ഷാ അസി. സെക്രട്ടറി മൈക്കല്‍ ടി ഇവാനോഫ് ആണ് ഇക്കാര്യം അറിയിച്ചത്.

ഹംസ എവിടെയാണെന്നതിനെക്കുറിച്ച് ഊഹാപോഹം മാത്രമാണുള്ളത്. പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഇറാനിലെ വീട്ടുതടങ്കലിലോ ഉണ്ടായിരിക്കാനാണ് സാധ്യതയെന്നായിരുന്നു വാര്‍ത്തകള്‍. ഹംസ ലാദന്‍ അല്‍ഖ്വയ്ദയുടെ പുതിയ നേതാവായി വളര്‍ന്നുവന്നിരിക്കുകയാണ്. അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും എതിരായി ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടിരുന്നു. തന്റെ പിതാവിനെ വധിച്ച അമേരിക്കയോട് പകരം ചോദിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇവ. ഹംസ ലാദനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

2011 ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് നടത്തിയ അതീവ രഹസ്യ ഓപറേഷനിലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. 2001 സെപ്തംബറില്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ബിന്‍ ലാദന്റെ നേതൃത്വത്തിലുള്ള അല്‍ ഖ്വയ്ദയാണെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഇത്.