Connect with us

Articles

ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരരും കശ്മീർ പ്രശ്‌നത്തിന്റെ വേരുകളും

Published

|

Last Updated

പുൽവാമാ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺ മേഖലയിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ഫലപ്രദമായ ആക്രമണം സ്വാഗതാർഹമാണ്. ഇന്ത്യൻ സൈനിക വ്യൂഹത്തിന് നേരെ കാർ ബോംബ് ഇടിച്ചു കയറ്റി 40 പേരെ കൂട്ടക്കൊല ചെയ്ത ഭീകരർക്ക് നേരെ നടത്തിയ ഈ ഓപ്പറേഷൻ ഒരർഥത്തിലും മറ്റൊരു രാജ്യത്തിനെതിരായ സൈനിക നടപടിയായി കാണേണ്ടതില്ല. എന്നാൽ, ഈ ഒരു സാഹചര്യത്തെ ഉപയോഗപ്പെടുത്തി യുദ്ധവെറി അഴിച്ചു വിടാനുള്ള നീക്കങ്ങളെ ജാഗ്രതയോടെ തന്നെ പ്രതിരോധിക്കേണ്ടതുണ്ട്.

കശ്മീരിൽ സംഘർഷാവസ്ഥയും അരക്ഷിതാവസ്ഥയും ഒഴിവാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ദേശീയ സങ്കുചിത വികാരങ്ങൾ പടർത്താനുള്ള നീക്കങ്ങൾ ശക്തമായി തന്നെ തടയുകയും വേണം. പുൽവാമ ഉൾപ്പെടെ ഇന്ത്യക്കെതിരായ ഭീകരാക്രമണത്തിന്റെ പരമ്പരകൾ സൃഷ്ടിക്കുന്ന ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്യിബ, ഹർകത്തുൽ അൻസാർ തുടങ്ങിയ ഭീകരവാദ സംഘങ്ങളെല്ലാം അമേരിക്കൻ കാർമികത്വത്തിൽ രൂപം കൊണ്ട താലിബാന്റെ പരിവാറിൽ പെട്ടവയാണ്. ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മൗലാന മസൂദ് അസഹർ അമേരിക്കയുടെ നിയന്ത്രണത്തിലാണ് ഹർക്കത്തുൽ അൻസാർ എന്ന സംഘടന രൂപവത്കരിക്കുന്നത്. ജെയ്‌ഷെയുടെ പൂർവരൂപമാണ് ഹർകത്തുൽ അൻസാർ. 1992 വരെ യു എസ് ഇംഗിതമനുസരിച്ച് വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലും ഭീകരവാദികൾക്കൊപ്പം യുദ്ധം ചെയ്ത ആളാണ് ഇന്ന് ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന് പറയുന്ന മസൂദ് അസ്ഹർ.

ഇയാളുടെ മോചനത്തിനായി ഇന്ത്യൻ വിമാനം കാണ്ഡഹാറിലേക്ക് റാഞ്ചിയത് ഹർകത്തുൽ അൻസാർ എന്ന ഇദ്ദേഹം ജന്മം നൽകിയ ഭീകരവാദ സംഘടനയായിരുന്നു. അന്നത്തെ വാജ്പയ് സർക്കാർ ഇവർക്ക് വഴങ്ങിയാണ് ഇന്ത്യൻ ജയിലിൽ കഴിയുന്ന മസൂദിനെയും അഹമ്മദ് സർഗാർ, അഹമ്മദ് ഒമർ സയിദ് ശൈഖ് എന്നീ മറ്റു രണ്ട് ഭീകരവാദികളെയും വിട്ടയച്ചത്. ഇവരെ അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് കണ്ഡഹാറിലെ താലിബാൻ കേന്ദ്രത്തിൽ എത്തിച്ചു കൊടുക്കുകയായിരുന്നല്ലോ!

അന്ന് വാജ്പയ് സർക്കാർ ഭീകരവാദികൾക്ക് വഴങ്ങി വിട്ടയച്ചവരാണ് പാർലിമെന്റ് ആക്രമണം തൊട്ട് ഒടുവിലത്തെ പുൽവാമയിലെ കൂട്ടക്കൊല വരെ നടത്തിയത്. പുൽവാമയിലേക്ക് 350 കിലോ സ്‌ഫോടകശേഖരവുമായി കിലോമീറ്ററുകൾ കാറോടിച്ച് ഭീകരസ്‌ഫോടനം നടത്താൻ ജയ്‌ഷെ ഭീകരർക്ക് എങ്ങനെ കഴിഞ്ഞുവെന്നത് ഇന്ത്യൻ സുരക്ഷാ സംവിധാനങ്ങളുടെ ഗുരുതരമായ പാളിച്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജമ്മുകശ്മീർ ഗവർണർ പോലും പാളിച്ചയെ കുറിച്ച് സംസാരിക്കുകയുണ്ടായി. അതിന് പ്രധാനമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും രാഷ്ട്രത്തോട് ഉത്തരം പറഞ്ഞേ പറ്റൂ.

ബാഹ്യ കേന്ദ്രങ്ങളിൽ നിന്ന് ഇന്ത്യക്കെതിരെ ഉയർന്നു വരുന്ന എല്ലാ വിധ ആക്രമണങ്ങളെയും രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ട്. എന്നാൽ അതിന്റെ മറവിൽ സങ്കുചിത ദേശീയ ലഹരിയും യുദ്ധാന്തരീക്ഷവും കെട്ടഴിച്ചുവിടാനുള്ള നീക്കങ്ങളെ ഒരർഥത്തിലും അനുവദിച്ചുകൂടാ. മതഭീകരവാദവും സൈനികാധികാരവും ഐ എസ് ഐയുമാണ് എന്നും പാക്കിസ്ഥാൻ രാഷ്ടീയത്തെയും ഭരണത്തെയും നിർണയിച്ചിട്ടുള്ളത്.
ശരീഫും മുഷറഫും ഇപ്പോൾ ഇംറാൻ ഖാനും മത തീവ്രവാദികളുടെയും സൈനിക മേധാവികളുടെയും അവരുടെയെല്ലാം ചരട് വലിക്കുന്ന ഐ എസ് ഐ യുടെയും സ്വാധീനത്തിലും നിയന്ത്രണത്തിലും പ്രവർത്തിച്ചവരാണ്. ഐ എസ് ഐ നിയന്ത്രിക്കുന്നത് ആവട്ടെ സി ഐ എ ആണ് താനും. ഈയൊരു യാഥാർഥ്യത്തിൽ നിന്നു വേണം കശ്മീരിനെ മുൻനിർത്തിയുള്ള ഭീകര ഇടപെടലുകളെയും ഇന്ത്യാ പാക് വൈരുധ്യങ്ങളെയും വിശകലന വിധേയമാക്കുന്നത്.

1947-48 മുതൽ ഇന്ത്യക്കും പാക്കിസ്ഥാനുമിടക്കുള്ള സംഘർഷ കാരണമായി തുടരുകയാണ് കാശ്മീർ. ഇന്ത്യ സ്വതന്ത്രമാകുന്ന സന്ദർഭത്തിൽ സ്വതന്ത്ര കശ്മീർ വാദം ഉയർത്തിയ രാജാവാണ് കാശ്മിരിനെ ഇന്ത്യയിൽ നിന്ന് വിഘടിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. ബ്രിട്ടീഷ് അമേരിക്കൻ സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ രാജാവ് ഇന്ത്യക്കെതിരെ നടത്തിയ യുദ്ധത്തിൽ ഹിന്ദു മഹാസഭയും ആർ എസ് എസും രാജാവിനോടൊപ്പം ചേർന്നവരാണ്. ഈയൊരു സാഹചര്യത്തിലാണ് യു എസ് സൈനിക ഉദ്യോഗസ്ഥനായ കേണൽ റെസൽ ഹൈറ്റ്‌സ് പാക് ഗോത്രവർഗ മിലിറ്റന്റുകളെ അണിനിരത്തി കശ്മീരിന്റെ ഒരു ഭാഗം കൈയടക്കുന്നത്. അതാണ് ഇന്നത്തെ പാക് ഓക്‌പൈ കാശ്മീർ (ജ0സ).

കശ്മീരിന്റെ പേരിലുള്ള അവകാശത്തർക്കങ്ങളാണ് 1948ലെയും 1965 ലെയും 1971ലെയും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധങ്ങൾക്ക് കാരണമായത്. 1971ൽ യു എസ് പിന്തുണയോടെ പാക്കിസ്ഥാൻ നടത്തിയ യുദ്ധത്തിൽ ഇന്ത്യക്ക് വിജയിക്കാൻ കഴിഞ്ഞത് സോവിയറ്റ് യൂനിയന്റെ പിന്തുണയും അവസരോചിതമായ ഇടപെടലും മൂലമായിരുന്നു. ഇന്ത്യാ സമുദ്രത്തിലേക്ക് നീങ്ങിയ അമേരിക്കയുടെ ഏഴാം കപ്പൽ പട സോവിയറ്റ് യൂനിയന്റെ താക്കീതോടെയാണ് തിരിച്ചു പോയത്.

കഴിഞ്ഞ 70 വർഷക്കാലത്തിനിടയിൽ പ്രഖ്യാപിത യുദ്ധങ്ങൾക്കപ്പുറം കശ്മീരിൽ അപ്രഖ്യാപിത യുദ്ധാന്തരീക്ഷമാണ് നിലനിൽക്കുന്നത്. അതിർത്തി സംഘർഷങ്ങളായി, നുഴഞ്ഞുകയറ്റങ്ങളായി, ഭീകരാക്രമണങ്ങളായി അത് തുടരുന്നു. ഭീകരവാദ സംഘടനകൾക്ക് ആയുധവും പരിശീലനവും നൽകി പാക് ഭരണകൂടവും കശ്മീരി ജനതയെ വിശ്വാസത്തിലെടുക്കാത്ത ഇന്ത്യൻ ഭരണവർഗ രാഷ്ടീയവുമാണ് കശ്മീരിനെ സംഘർഷഭൂമിയാക്കി നിർത്തുന്നത്.
സി പി എം കേന്ദ്ര കമ്മിറ്റിയംഗവും എം എൽ എയുമായ യൂസുഫ് തരിഗാമി പറഞ്ഞത് പോലെ കശ്മീരി ജനതക്കാവശ്യമായ ജനാധിപത്യ അവകാശങ്ങൾ നൽകി ഭീകരർക്കെതിരായ പോരാട്ടത്തോടൊപ്പം നിർത്താനാണ് നാം ശ്രദ്ധിക്കേണ്ടത്. ജനാധിപത്യ അവകാശങ്ങളെ നിഷേധിക്കുന്ന രാഷ്ട്രീയ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കുകയാണ് വേണ്ടത്.

പലപ്പോഴും ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഭരണാധികാരികൾക്ക് സ്വന്തം അധികാര താത്പര്യങ്ങൾക്കായി എത് സമയത്തും കുത്തിപ്പൊക്കിസംഘർഷമുണ്ടാക്കാനുള്ള പ്രശ്‌നമായി കശ്മീർ മാറുന്നുവെന്നതാണ് അനുഭവം.
ഭീകരവാദികളെയും അവരെ ഇന്ത്യക്കെതിരെ തിരിച്ചുവിടുന്ന പാക്കിസ്ഥാനെയും ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും കശ്മീരിനെ സംഘർഷ പൂർണമാക്കുകയും യുദ്ധവെറിയും സങ്കുചിത ദേശീയ ലഹരിയും പടർത്തുന്ന നീക്കങ്ങളെ ജാഗ്രതയോടെ തടയുകയുമാണ് വേണ്ടത്.

കെ ടി കുഞ്ഞിക്കണ്ണൻ

Latest