വിമാനത്താവള പരിസരത്ത് ഗതാഗത പരിഷ്‌കാരത്തിന് നിര്‍ദേശം

Posted on: February 28, 2019 11:41 am | Last updated: February 28, 2019 at 11:41 am

കരിപ്പൂര്‍ വിമാനത്താവള പരിസരത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഗതാഗത പരിഷ്‌കാരം നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യോമ ഗതാഗത സുരക്ഷിതത്വ പാരിസ്ഥിതിക സമിതി യോഗംമലപ്പുറം: കരിപ്പൂര്‍ വിമാനത്താവള പരിസരത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഗതാഗത പരിഷ്‌കാരം നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിപ്പൂര്‍ വിമാനത്താവള വ്യോമ ഗതാഗത സുരക്ഷിതത്വ പാരിസ്ഥിതിക സമിതി യോഗം തീരുമാനിച്ചു. കൊളത്തൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള റോഡില്‍ നിലവിലുള്ള 34 യു ടേണുകളില്‍ അനിവാര്യമില്ലാത്തിടത്ത് താത്കാലിക ബാരിക്കേഡുകള്‍ സ്ഥാപിക്കും. ഇതിനായി റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ട് അനുവദിക്കും.

വിമാനത്താവള പരിസരത്ത് നടപ്പാക്കിയ ഒറ്റവരി പാര്‍ക്കിംഗ് സംവിധാനം വിലയിരുത്തി കുരുക്കൊഴിവാക്കാനുള്ള നടപടി ശക്തമാക്കും.

വിമാനത്താവള റോഡില്‍ നുഹ്മാന്‍ ജംഗ്ഷന്‍ വരെ വരുന്ന ബസുകളുടെ സര്‍വീസ് എയര്‍പോര്‍ട്ട് വരെ നീട്ടാന്‍ നടപടി സ്വീകരിക്കും. കെ എസ് ആര്‍ ടി സി സര്‍വീസ് ആരംഭിക്കുന്നതും പരിഗണിക്കും.

വിമാനത്താവള റോഡിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പു വരുത്തും. ആവശ്യമെങ്കില്‍ വിമാനത്താവള സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് സോളാര്‍ സംവിധാനത്തില്‍ എല്‍ ഇ ഡി വിളക്കുകള്‍ സ്ഥാപിക്കും.
ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കാനും നിര്‍ദേശിച്ചു. വിമാനത്താവള പരിസരത്തെ അനധികൃത അറവുശാലകള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ സമീപ പഞ്ചായത്തുകളോടും നഗരസഭയോടും ആവശ്യപ്പെട്ടു.
നഗരസഭ പരിധിയിലെ കടകളില്‍ നിര്‍ദിഷ്ട അളവില്‍ കുറഞ്ഞ ഗുണനിലവാരത്തിലുള്ള പ്ലാസ്റ്റിക് ക്യാരി ബേഗുകള്‍ ഉപയോഗിക്കുന്നില്ലെന്നു ഉറപ്പു വരുത്തും. ഇതിനായി പ്രത്യേക പരിശോധന നടത്താന്‍ നഗരസഭയോട് നിര്‍ദേശിച്ചു. വിമാനത്താവള ചുറ്റുമതിലിനോട് ചേര്‍ന്നും പരിസരത്തും നടത്തുന്ന അനധികൃത ഖനനത്തിനെതിരെ നടപടി സ്വീകരിക്കും.

സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും ഖനനം നടത്തുന്ന സ്ഥാപനങ്ങളുടെ കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. സമീപ പഞ്ചായത്തുകളിലെ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനും പരിസരത്ത് തെരുവ് നായകളെ നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചു.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനാവാസ റാവു, സി ഐ എസ് എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് എ വി കിഷോര്‍ കുമാര്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി രാജീവ്, കൊണ്ടോട്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി അബൂബക്കര്‍, ഡി വൈ എസ് പി. ജലീല്‍ തോട്ടത്തില്‍, എയര്‍ സേഫ്റ്റി ഓഫീസര്‍ എം ദിനേശ് കുമാര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍, എയര്‍പോര്‍ട്ട് അതോറിറ്റി, കൊണ്ടോട്ടി നഗരസഭ, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.