ആരവമൊഴിഞ്ഞു; ചാരിതാര്‍ത്ഥ്യത്തോടെ ഡല്‍ഹി സോണ്‍ പ്രവര്‍ത്തകര്‍

Posted on: February 28, 2019 11:11 am | Last updated: February 28, 2019 at 11:12 am
എസ്എസ്എഫ് ഡല്‍ഹി സോണ്‍ പ്രവര്‍ത്തകര്‍ ദേശീയ നേതാക്കള്‍ക്കൊപ്പം

ന്യൂഡല്‍ഹി: എസ് എസ് എഫ് ദേശീയ സമ്മേളനത്തിന്റെ ഗംഭീര വിജയത്തിന് ചാലക ശക്തിയായി പ്രവര്‍ത്തിക്കാനായതില്‍ നിറഞ്ഞ സംതൃപ്തിയിലാണ് ഡല്‍ഹി സോണ്‍ പ്രവര്‍ത്തകര്‍. തിരക്കുപിടിച്ച നഗരം, മുന്‍ മാതൃകകളുടെ അഭാവം, സങ്കീര്‍ണ്ണമായ നിയമ പ്രശ്നങ്ങള്‍, വ്യത്യസ്ഥ സംസ്‌കാരവും- ജീവിതക്രമവുമുള്ള ആയിരത്തോളം പ്രതിനിധികള്‍. എല്ലാ തരണം ചെയ്തു വേണം ദേശീയ സമ്മേളനം വിജയിപ്പിക്കാന്‍.
പ്രസ്ഥാന നേതൃത്വം പൂര്‍ണ്ണ വിശ്വാസത്തോടെ സമ്മേളനത്തിന്റെ സംഘാടനം ഡല്‍ഹി സോണ്‍ കമ്മറ്റിയെ ഏല്‍പിച്ചത് ശരിയായ തീരുമാനമായിരുന്നു എന്ന് തെളിയിക്കുന്നതാണ് സമ്മേളന ശേഷമുള്ള ഒരോ പ്രതിനിധികളുടെയും പ്രതികരണത്തില്‍ പ്രതിഫലിക്കുന്നത്. സമ്മേളനം തുടങ്ങുന്നതിന്റെ ആഴ്ചകള്‍ക്കു മുന്‍പേ, രാവും പകലുമില്ലാതെ വളണ്ടിയര്‍മ്മാര്‍ ഗോദയില്‍ സജീവമായിരുന്നു.

പൂര്‍ണ്ണമായും വിദ്യാര്‍ത്ഥികളാല്‍ നിയന്ത്രിതമായ ആദ്യ സമ്മേളനം എന്ന പ്രത്യേകതയും ദേശീയ സമ്മേളനത്തിനുണ്ട്.
ജെ എന്‍ യു, ജാമിയ മില്ലിയ, ജാമിയ മു’ഈനിയ്യ,ഹംദര്‍ദ്, എയിംസ്, ഡെല്‍ ഹി, അലീഗര്‍, ജാമിയ ന’ഈമിയ്യ , അംബേദ്കര്‍, തൈ്വബ ഗാര്‍ഡന്‍ തുടങ്ങിയ കലാശാലകളിലെ 150 തോളം വിദ്യാര്‍ത്ഥികളാണ് പഠന തിരക്കുകള്‍കിടയിലും സമ്മേളന വിജയത്തിനായി ഒരുങ്ങിയിറങ്ങിയത്.
തിരക്കുപിടിച്ച നഗരത്തിലും ട്രാഫിക് തടസ്സങ്ങളൊന്നും സൃഷ്ടിക്കാതെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിറാലി നിയമപാലകരുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മികച്ച ആസൂത്രണത്തോടെ രൂപപ്പെടുത്തിയതായൊരുന്നു ഓരോ വകുപ്പുകളും. വകുപ്പുകള്‍ക്കെല്ലാം പ്രവര്‍ത്തിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്യം നല്‍കിയത് കാര്യങ്ങള്‍ വേഗതയില്‍ തീര്‍ക്കാന്‍ സഹായകമായി. പ്രചാരണ സമിതി, റിസപ്ഷന്‍, ഫുഡ്, അകൊമെഡേഷന്‍, സ്വീകരണം, വേസ്റ്റ് മനേജ്മന്റ്, ഗതാഗതം, അലങ്കാരം തുടങ്ങി മുഴുവന്‍ സമിതികളും പഴുതടച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. താമസ സൗകര്യമൊരുക്കിയിരുന്ന, ഡല്‍ ഹിയിലെ ആംഗ്ലൊ ഇന്ത്യന്‍ സ്‌കൂളും പരിസരവും പൂര്‍ണ്ണമായും മണിക്കൂറുകള്‍ക്കുള്ളില്‍ വളണ്ടിയര്‍മ്മാര്‍ വൃത്തിയാക്കി നല്‍കി.

ഇങ്ങനെ മുഴുവന്‍ വളണ്ടിയര്‍ ടീം അംഗങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതോടെ ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും വന്ന പ്രവര്‍ത്തകര്‍ നിറഞ്ഞ സംസ്തൃപ്തിയോടെയാണ് മടങ്ങിയത്.
സമ്മേളനം വിജയിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകരെ സംഘടിപ്പിച്ച് എസ് എഫ് എഫ് ദേശീയ ഘടകം ഡല്‍ഹി ദരിയാഗഞ്ച് മര്‍ക്കസില്‍ അനുമോദന സംഗമം നടത്തി. ദേശീയ പ്രസിഡണ്ട് ശൗകത്ത് നഈമി, വൈസ് പ്രസിഡണ്ട് സുഹൈറുദ്ധീന്‍ നൂറാനി, ട്രഷറര്‍ സല്‍മാന്‍ മണിപൂര്‍ എന്നിവര്‍ പങ്കെടുത്തു.