ആദ്യം വൈമാനികനെ തിരിച്ചെത്തിക്കൂ; എന്നിട്ടാവാം വീഡിയോ കോണ്‍ഫറന്‍സ്; മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

Posted on: February 28, 2019 10:39 am | Last updated: February 28, 2019 at 11:49 am

ഡല്‍ഹി: അതിര്‍ത്തിയില്‍ ആശങ്ക തുടരുകയും വിംഗ് കമാന്‍ഡര്‍ പാക്കിസ്ഥാന്‍ കസ്റ്റഡിയില്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലും ബിജെപി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. പാകിസ്ഥാന്‍ പിടിയിലായ വൈമാനികന്റെ തിരിച്ചുവരവിന് രാജ്യം കാത്തിരിക്കുമ്പോള്‍ മോദിക്ക് അധികാരത്തില്‍ തിരിച്ചെത്താനുള്ള തിടുക്കമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

വൈമാനികനെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നും വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ അവസ്ഥ സര്‍ക്കാര്‍ ഇന്ന് ജനങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു. വൈമാനികന്റെ തിരിച്ചു വരവിന് വേണ്ടിയാണ് 132 കോടി ജനങ്ങളും പ്രാര്‍ത്ഥിക്കുമ്പോള്‍ മോദിക്ക് തിരിച്ചെത്താനുള്ള തിടുക്കമാണെന്നുമാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല ആരോപിച്ചു.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതി യോഗവും റാലിയും കോണ്‍ഗ്രസ് റദ്ദാക്കി. ഇന്ന് ഉച്ചക്ക് 12.15നാണ് മോദി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്. പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും നിര്‍ദേശങ്ങല്‍ക്കും മോദി മറുപടി പറയും.