പാക്കിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒമാന്‍ നിര്‍ത്തിവെച്ചു

Posted on: February 28, 2019 9:37 am | Last updated: February 28, 2019 at 11:23 am

മസ്‌കറ്റ്: പാക്കിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒമാന്‍ നിര്‍ത്തിവെച്ചു. ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും ബജറ്റ് വിമാന കമ്പനിയായ സലാം എയറുമാണ് സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നതായി അറിയിച്ചത്. ഇതോടെ ഒമാന്‍ എയറിന്റെ കറാച്ചി, ഇസ്‌ലാമാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും സലാം എയറിന്റെ കറാച്ചി, മുള്‍ട്ടാന്‍, സിയാല്‍ കോട്ട് സര്‍വീസുകളും അവസാനിപ്പിച്ചു.

പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗത്തില്‍ നിന്നും അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ പുനസ്ഥാപിക്കില്ലെന്നും ഒമാന്‍ എയര്‍, സലാം എയര്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകള്‍ പാകിസ്ഥാന്‍ അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സൗദി എയര്‍ലൈന്‍സും പാക്കിസ്ഥാനിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിരുന്നു. എത്തിഹാദ്, ഫ്‌ളൈ ദുബായ്, ഗള്‍ഫ് എയര്‍, ശ്രീലങ്കന്‍ എയര്‍വേഴ്‌സ് തുടങ്ങിയ കമ്പനികളും പാകിസ്ഥാനിലേക്കുള്ള തങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്.