Connect with us

National

ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് വിമാനങ്ങളിലൊന്ന് ഇന്ത്യ വെടിവച്ചിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: അതിര്‍ത്തി ലംഘിച്ച പാക് വിമാനം ഇന്ത്യന്‍ വ്യോമസേന വെടിവച്ചു തകര്‍ത്തതായി റിപ്പോര്‍ട്ട്. നൗഷേര മേഖലയിലെ ലാം വാലിയിലാണ് വിമാനം വെടിവച്ചിട്ടതെന്ന് വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. പാക് വ്യോമസേനാ വിമാനമായ എഫ്-16നെയാണ് തകര്‍ത്തതെന്ന് അധികൃതര്‍ അറിയിച്ചു. ജമ്മു കശ്മീരില്‍ രജൗരി ജില്ലയിലെ നൗഷേറ മേഖലയിലേക്കാണ് വിമാനങ്ങള്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്.

പുല്‍വാമയിലെ ആക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകര താവളങ്ങള്‍ ഇന്ത്യ തകര്‍ത്തതിനു പിന്നാലെയാണ് പാക് സൈനിക വിമാനങ്ങള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാനുള്ള രണ്ട് പാക് വിമാനങ്ങളുടെ ശ്രമം വിഫലമാക്കുന്നതിനിടെയാണ് ഇതിലൊരു വിമാനം വെടിവച്ചിട്ടത്.

അതിര്‍ത്തിയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ലേ, ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട് വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവിടങ്ങള്‍ അനിശ്ചിത കാലത്തേക്കു വ്യോമനിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.