Connect with us

Ongoing News

അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചു; ജയസൂര്യക്ക് രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ഐ സി സി

Published

|

Last Updated

ലണ്ടന്‍: ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സനത് ജയസൂര്യക്ക് രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി). കൗണ്‍സിലിന്റെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിനാണ് നടപടി. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ജയസൂര്യ ഇടപെടരുതെന്ന് ഐ സി സി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീലങ്കന്‍ ദേശീയ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന കാലത്ത് ഉയര്‍ന്നുവന്ന അഴിമതിയാരോപണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി തന്റെ സിം കാര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കാന്‍ ജയസൂര്യ തയാറായില്ലെന്നതാണ് നടപടിക്ക് ഇടയാക്കിയത്. സിം കാര്‍ഡില്‍ വ്യക്തിപരമായ വിവരങ്ങളും സ്വകാര്യ വീഡിയോകളും മറ്റും ഉള്ളതിനാലാണ് കാര്‍ഡ് കൈമാറാതിരുന്നതെന്നാണ് ജയസൂര്യ നല്‍കിയിട്ടുള്ള വിശദീകരണം. കളിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സത്യസന്ധമായാണ് ചെയ്തിട്ടുള്ളതെന്നും വിശദീകരണത്തില്‍ വ്യക്തമാക്കി. എന്നാല്‍, ഇതു തൃപ്തികരമല്ലെന്നു കണ്ടതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ഐ സി സി ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ പറഞ്ഞു.

2017 ജൂലൈയില്‍ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരവുമായി ബന്ധപ്പെട്ടാണ് അന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ജയസൂര്യക്കെതിരെ അന്വേഷണം നടക്കുന്നത്. 2011ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജയസൂര്യ പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും മന്ത്രിയാവുകയും ചെയ്തിരുന്നു.