വാദ്രക്ക് മത്സരിച്ചാൽ കൊള്ളാം; പിന്തുണയുമായി യൂത്ത് കോൺഗ്രസ്

Posted on: February 26, 2019 5:15 pm | Last updated: February 26, 2019 at 5:15 pm

ലക്‌നൗ: രാഷ്ട്രീയ പ്രവേശം സ്ഥിരീകരിച്ച് രംഗത്തെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട് വാദ്രയെ മത്സരത്തിന് ക്ഷണിച്ച് പോസ്റ്ററുകൾ രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയ പ്രവേശന സൂചന നൽകി. ഫേസ് ബുക്ക് പോസ്റ്റ് പുറത്തുവരുന്നത്. ഇതിന് പിന്നാലെ സ്ഥിരീകരണവുമായി അദ്ദേഹം രംഗത്തെത്തി. സ്ഥിരീകരണത്തിന് തൊട്ടുപിന്നാലെ മുറാദാബാദിലാണ് വാദ്രക്ക് അനുകൂലമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ച ശേഷം രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വാദ്ര വ്യക്തമാക്കി.
ജനങ്ങളെ സഹായിക്കാൻ രാഷ്ട്രീയത്തിലിറങ്ങണമെന്നില്ല. പക്ഷേ രാഷ്ട്രീയ പ്രവേശത്തിലൂടെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റുമെങ്കിൽ എന്തുകൊണ്ട് വേണ്ടെന്ന് വെ്ക്കണമെന്ന് വാദ്ര ചേദിക്കുന്നു. മത്സരിക്കാൻ വാദ്രയെ സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

അതേസമയം ഇക്കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് യു പിയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ മറുപടി.
അതേസമയം, വാദ്രയെ പരിഹസിച്ച് ബി ജെ പി രംഗത്തെത്തി. കോൺഗ്രസിൽ ഒരു വിദൂഷകന്റെ കുറവുണ്ടായിരുന്നുവെന്നും അതാണ് വാദ്ര നികത്തുന്നതെന്നും കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി വ്യക്തമാക്കി.