തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിനു നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത് മുഖ്യമന്ത്രി

Posted on: February 25, 2019 8:17 pm | Last updated: February 26, 2019 at 10:06 am

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പിനുള്ള ചുമതല അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദിയുമായി പരിചയമുണ്ടെന്നതു മാത്രമാണ് അദാനിക്കു ചുമതല നല്‍കാന്‍ കാരണം. അല്ലാതെ അദ്ദേഹത്തിന് വിമാനത്താവളം നടത്തി പരിചയമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ടു നടന്ന ലേലത്തിലുണ്ടായത് വിചിത്രമായ കാര്യങ്ങളാണ്. അദാനി എന്ന കുത്തകക്കു മാത്രമായി വിമാനത്താവളം തീറെഴുതിയാല്‍ വിമാനത്താവളത്തിന്റെ വികസനം നടക്കില്ല. സംസ്ഥാന സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തി ലാഭമുണ്ടാക്കാനാണ് നീക്കം. എന്നാല്‍, അദാനി വന്നാല്‍ വഴങ്ങുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് അദാനി പോലും പറയില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് സ്വകാര്യ കമ്പനികള്‍ക്കു നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചു വിമാനത്താവളങ്ങളുടെ ലേലത്തിലും മുന്നിലെത്തിയത് അദാനി ഗ്രൂപ്പാണ്.