Connect with us

Health

എച്ച്1 എൻ1 പനി പടരുന്നു

Published

|

Last Updated

പാലക്കാട്: വേനൽക്കാല രോഗങ്ങളോടൊപ്പം സംസ്ഥാനത്ത് എച്ച്1 എൻ1 പനിയും വ്യാപകമാകുന്നു. എച്ച്1 എൻ1 പനിക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്ന് പറയുമ്പോഴും സംസ്ഥാനത്ത് ഇത്തരം പകർച്ചവ്യാധി പനി ബാധിതർക്ക് കുറവില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജനുവരി മാസത്തിലെ കണക്ക് പ്രകാരം കാസർകോട് ജില്ലയിലൊഴികെയുള്ള 13 ജില്ലകളിലും രോഗ ബാധിതരെ കണ്ടെത്തിയിരുന്നു. എന്നാൽ ഇന്നലെ കാസർകോട് പെരിയ ജവഹർ നവോദയ വിദ്യാലയത്തിലെ അഞ്ച് കുട്ടികളടക്കം ആറ് പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് എല്ലായിടത്തും ഈ രോഗ ബാധിതരുണ്ടെന്ന് ഉറപ്പായി.

ജനുവരി മാസത്തെ കണക്ക് പ്രകാരം ഏറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്. 14 പേർക്ക്. തൃശൂരിൽ പതിമൂന്നും കോഴിക്കോട് പത്തും പേർക്ക് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലായി മൂന്ന് പേരാണ് എച്ച്1 എൻ1 ബാധയേറ്റ് മരിച്ചത്. 2018 ആഗസ്റ്റ് മുതലാണ് സംസ്ഥാനത്ത് എച്ച്1 എൻ1 വ്യാപകമായത്. കാലവസ്ഥ വ്യതിയാനവും പ്രളയവുമെല്ലാം ഇതിന് കാരണമായി. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ 801 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 53 പേർ മരിക്കുകയും ചെയ്തു.

സംസ്ഥാനത്ത് താപനില ക്രമാതീതമായി കൂടുന്നതോടെ മഞ്ഞപ്പിത്തം, വയറിളക്കം, ചിക്കൻപോക്‌സ് ഉൾപ്പെടെയുള്ള അസുഖങ്ങൾ വ്യാപകമാകുകയാണ്. രണ്ട് മാസത്തിനിടെ കേരളത്തിൽ എഴുപതിനായിരം പേരാണ് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടിയത്. സർക്കാർ ആശുപത്രികളിൽ മാത്രം 69,723 പേർ ഈ അസുഖങ്ങളെ തുടർന്ന് ചികിത്സ തേടിയിട്ടുണ്ട്. ശുദ്ധജല ലഭ്യത കുറഞ്ഞതാണ് അസുഖം വ്യാപിക്കാൻ കാരണമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ചിക്കൻപോക്‌സ് ബാധിച്ച് ചികിത്സ തേടിയ 5,541 പേരിൽ അഞ്ച് പേർ മരിച്ചു. മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ 755 പേരാണ് ചികിത്സ തേടിയതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
എച്ച്1 എൻ1 രോഗം വ്യാപകമായതിനെ തുടർന്ന് ആശുപത്രികളിൽ സൗജന്യ ചികിത്സയും സ്വകാര്യാശുപത്രികൾ, കാരുണ്യ മെഡിക്കൽ സ്റ്റോർ, സ്വകാര്യ മെഡിക്കൽ സ്‌റ്റോറുകൾ എന്നിവിടങ്ങളിൽ ഒസൾട്ടാ മിവിർ എന്ന മരുന്നും ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രികളിൽ എച്ച്1 എൻ1 മരുന്നിന്റെ സ്റ്റോക്ക് 20 ശതമാനത്തിൽ താഴെയായായാൽ പുതിയ സ്റ്റോക്ക് ലഭിക്കുന്നതിനായുള്ള അപേക്ഷ നൽകണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ചില ജില്ലകളിൽ ഇത്തരത്തിലുള്ള അപേക്ഷ സമർപ്പിക്കാൻ വൈകുന്നത് മൂലം മരുന്നിന്റെ ലഭ്യതക്കുറവുണ്ടാകുമെന്നും പരാതിയും ഉയർന്നിട്ടുണ്ട്.

Latest