ഡല്‍ഹിയില്‍ എ എ പി ഒറ്റക്കു മത്സരിക്കും; സഖ്യത്തിനുള്ള വാതിലുകള്‍ കോണ്‍ഗ്രസ് അടച്ചുകളഞ്ഞു- കെജ് രിവാള്‍

Posted on: February 25, 2019 7:20 pm | Last updated: February 25, 2019 at 8:49 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഒറ്റക്കു ജനവിധി തേടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ ഏഴു സീറ്റുകളിലും എ എ പി മത്സരിക്കും.മഹാസഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ താത്പര്യം കാണിച്ചില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സഖ്യത്തിനുള്ള വാതിലുകള്‍ കോണ്‍ഗ്രസ് അടച്ചുകളഞ്ഞെന്നും എന്‍ഡിടിവിയോടും സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുകയും വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത മോദി-അമിത് ഷാ സഖ്യത്തെ അധികാരത്തില്‍ നിന്ന് താഴെയിറക്കണമെന്നതാണ് പ്രധാനം. പാക്കിസ്ഥാന് 70 വര്‍ഷം കൊണ്ട് സാധിക്കാത്തത് സാധിച്ചെടുത്ത അവരെ തടയുന്നതിന് എന്തെങ്കിലും ചെയ്യണമെന്നുള്ളതു കൊണ്ടാണ് സഖ്യത്തിനു ശ്രമിച്ചത്. അല്ലാതെ കോണ്‍ഗ്രസിനോടുള്ള സ്‌നേഹം കൊണ്ടൊന്നുമല്ല.

യു പിയിലെയും ബംഗാളിലെയും പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.