കേസില്‍ നിന്ന് സുരേന്ദ്രന്‍ പിന്മാറി; മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

Posted on: February 25, 2019 6:41 pm | Last updated: February 25, 2019 at 11:28 pm

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പിന്മാറി. നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് നല്‍കിയ കേസ് പിന്‍വലിക്കാന്‍ സന്നദ്ധമാണെന്ന് സുരേന്ദ്രന്‍ അറിയിച്ചു. കേസ് പിന്‍വലിക്കുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കും. മഞ്ചേശ്വരത്ത് എം.എല്‍.എ ഇല്ലാതിരിക്കുന്ന സാഹചര്യം തുടരണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പിനു കൂടി കളമൊരുങ്ങിയേക്കും.

കേസ് പിന്‍വലിച്ചാലും രാഷ്ട്രീയമായി നേരിടുമെന്നും ലീഗും സിപിഎമ്മും കേസ് അട്ടിമറിച്ചതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കേസില്‍ ഇതുവരെ ഹാജരായ സാക്ഷികളില്‍ ഭൂരിപക്ഷം പേരും തങ്ങളുടെ വാദം തെളിയിക്കുന്നതിനനുസരിച്ചുള്ള വിവരങ്ങളാണ് കോടതിയില്‍ നല്‍കിയത്. മരിച്ചുപോയ ആളുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗള്‍ഫിലുള്ള ആളുകളുടെ പാസ്‌പോര്‍ട്ട്, ഇമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചു. സ്ഥലം മാറി പോയവരുടെ വിശദാംശങ്ങളും ഹാജരാക്കിയിരുന്നു. എന്നാല്‍ കേസ് വിധി ജയിക്കണമെങ്കില്‍ 67 സാക്ഷികളെ കൂടി വിസ്തരിക്കേണ്ടതായിട്ടുണ്ട്. ഇത് മനസ്സിലാക്കി മുസ്‌ലിം ലീഗും സി.പി.എമ്മും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

2016 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി ബി. അബ്ദുള്‍ റസാഖിനോട് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. എന്നാല്‍ എംഎല്‍എ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 20ന് മരണപ്പെട്ടു. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെ അബ്ദുള്‍ റസാഖ് മരിച്ചെങ്കിലും് പിന്‍വലിക്കാന്‍ തയ്യാറല്ല എന്ന നിലപാടിലായിരുന്നു ഇതുവരെ സുരേന്ദ്രന്‍. ഇതിനിടെ ലോക്‌സഭാ സ്ഥാനാര്‍ഥികളുടെ ചര്‍ച്ചകളിലും ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. നാലുതവണ കെ. സുരേന്ദ്രന്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2009 ലും 2014 ലും കാസര്‍കോട് മണ്ഡലത്തില്‍ നിന്നും 2011 ലും 2016 ലും മഞ്ചേശ്വരത്തു നിന്നുമാണ് സുരേന്ദ്രന്‍ മത്സരിച്ചിരുന്നത്.