കന്നി ഓട്ടം പിഴച്ചു; ചാര്‍ജ് തീര്‍ന്ന് ഇലക്ട്രിക് ബസുകള്‍ പെരുവഴിയില്‍

Posted on: February 25, 2019 2:21 pm | Last updated: February 25, 2019 at 6:43 pm

കൊച്ചി: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകളുടെ കന്നിയാത്ര മുടങ്ങി. രണ്ട് ഇലകട്രിക് ബസുകളാണ് യാത്രക്കിടെ ചാര്‍ജ് തീര്‍ന്നതിനാല്‍ വഴിയില്‍ കുടുങ്ങിയത്. തിരുവനന്തപുരം- എറണാകുളം റൂട്ടിലെ എസി ഇലക്ട്രിക് ബസാണ് ചാര്‍ജ് തീര്‍ന്നതിനെത്തുടര്‍ന്ന് ചേര്‍ത്തല എക്‌സറേ ജംഗ്ഷന് സമീപത്ത് ഓട്ടം നിലച്ചത്. ഇതിന് തൊട്ടുപുറകെ ഇതേ റൂട്ടില്‍ വന്ന മറ്റൊരു ബസ് വൈറ്റില ജംഗ്ഷനിലും ചാര്‍ജ് തീര്‍ന്നതോടെ ഓട്ടം അവസനിപ്പിക്കേണ്ടിവന്നു.

വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ സര്‍വീസ് ആരംഭിച്ചതാണ് യാത്രക്കാരെ ഏറെ വലച്ച ഈ സംഭവത്തിന് പിന്നിലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വൈറ്റില, ചേര്‍ത്തല ഡിപ്പോകളില്‍ ചാര്‍ജ് ചെയ്യാന്‍ സംവിധാനമില്ല. ആലുവയിലെ ഇതിനുള്ള സംവിധാനമുള്ളു. ഈ സാഹചര്യത്തില്‍ സര്‍വീസ് എപ്പോള്‍ പുനരാരംഭിക്കുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇലക്ട്രിക് ബസ് യാത്ര അനുഭവമറിയാന്‍ ടിക്കറ്റെടുത്ത നിരവധി പേരും ബസിന്റെ ചാര്‍ജ് തീര്‍ന്നതോടെ വെട്ടിലായി. എറണാകുളത്തേക്കുള്ള ചില യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി വിടുകയായിരുന്നു. ഇലക്ട്രിക് ബസിന്റെ കമ്പനി പ്രതിനിധികള്‍ നേരിട്ടെത്തുന്നത് വരെ ബസ് വഴിയില്‍ കിടക്കുമെന്ന സ്ഥിതിയാണിപ്പോള്‍. അഞ്ച് ഇലക്ട്രിക് ബസുകളാണ് ഇന്ന് കന്നിയാത്ര നടത്തിയത്.