Connect with us

National

ഐ എ എസ് ഉദ്യോഗസ്ഥയെ രംഗത്തിറക്കാൻ ജെ ഡി എസ്

Published

|

Last Updated

ലക്ഷ്മി അശ്വിനി, സുമലത

കർണാടകയിൽ മാണ്ഡ്യ ലോക്‌സഭാ സീറ്റിനെ ചൊല്ലി കോൺഗ്രസുമായി തർക്കം മുറുകുന്നതിനിടെ മുൻ ഐ എ എസ് ഉദ്യോഗസ്ഥയായ ലക്ഷ്മി അശ്വിനി ഗൗഡയെ രംഗത്തിറക്കി സീറ്റ് നിലനിർത്താൻ ജെ ഡി എസ് നീക്കം. മാണ്ഡ്യ സീറ്റിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കാനാണ് അംബരീഷിന്റെ ഭാര്യ സുമലതയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് തങ്ങളുടെ സ്ഥാനാർഥിയെ കളത്തിലിറക്കാൻ ജനതാദൾ നീക്കം ആരംഭിച്ചത്.
പാർട്ടിക്ക് മേധാവിത്വമുള്ള മാണ്ഡ്യ സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്നാണ് ജെ ഡി എസിന്റെ നിലപാട്. നിലവിൽ ദളിന്റെ സീറ്റാണിത്. മാണ്ഡ്യയിൽ നിന്ന് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് സുമലത സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയതാണ് കോൺഗ്രസിന് തലവേദനയായത്.

മൂന്ന് തവണ മാണ്ഡ്യയിൽ നിന്ന് ലോക്‌സഭയിലെത്തിയ നേതാവാണ് സുമലതയുടെ ഭർത്താവ് അംബരീഷ്. അംബരീഷിന്റെ മണ്ഡലത്തിൽ സുമലതയെ മത്സരിപ്പിക്കണമെന്ന് ഫാൻസ് അസോസിയേഷനുകളും അംബരീഷിന്റെ അനുയായികളും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മത്സരിക്കാൻ തയ്യാറാണെന്ന് നടി വ്യക്തമാക്കിയത്. ജെ ഡി എസിലെ ശിവരാമ ഗൗഡയാണ് ഇപ്പോൾ മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധാനം ചെയ്യുന്നത്.

മണ്ഡലത്തിന് സുപരിചിതയാണ് ലക്ഷ്മി അശ്വിനി ഗൗഡയെന്ന് ജനതാദൾ നേതൃത്വം അവകാശപ്പെടുന്നു. അതേസമയം, സുമലത മത്സരിച്ചില്ലെങ്കിൽ ശിവരാമ ഗൗഡയെ തന്നെ വീണ്ടും കളത്തിലിറക്കാനും ദൾ ആലോചിക്കുന്നുണ്ട്.
പാർട്ടി അധ്യക്ഷൻ എച്ച് ഡി ദേവെഗൗഡ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി അടുത്തയാഴ്ച ചർച്ച നടത്തുന്നുണ്ട്. പന്ത്രണ്ട് സീറ്റ് വേണമെന്നാണ് ദൾ നേരത്തെ ആവശ്യപ്പെട്ടിരുന്നതെങ്കിലും ആറിൽ കൂടുതൽ സീറ്റ് നൽകാനാകില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.

 

രമേശൻ പിലിക്കോട്
ബെംഗളൂരു