ഇരട്ടക്കുട്ടികളെ നദിയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന് പങ്കെന്ന് പോലീസ്

Posted on: February 25, 2019 12:25 pm | Last updated: February 25, 2019 at 5:44 pm

ഭോപ്പാല്‍: ഇരട്ടക്കുട്ടികളെ മോചനദ്രവ്യം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോയി നദിയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും പങ്കെന്ന് മധ്യപ്രദേശ് പോലീസ്. ബജ്‌റംഗ്ദളിന്റെ മേഖലാ സംഘാടകനായ വിഷ്ണുകാന്ത് ശുക്ലയാണ് തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രകനെന്ന് റേവ ഐജി ചഞ്ചല്‍ ശേഖര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.

ഫെബ്രുവരി 12നാണ്് സ്‌കൂള്‍ ബസില്‍നിന്ന് തോക്കുചൂണ്ടി ഇരട്ടക്കുട്ടികളെ തട്ടിയെടുത്തത്. ഇവരുടെ മൃതദേഹം കാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ ഞായറാഴ്ച യുപിയിലെ ബാന്‍ഡയിലുള്ള നദിയില്‍നിന്നു കണ്ടെടുത്തു. മുഖ്യ ആസൂത്രകനാണെങ്കിലും ഇയാള്‍ നേരിട്ടു കൃത്യത്തില്‍ പങ്കെടുത്തില്ല. ഇയാളുടെ മുതിര്‍ന്ന സഹോദരന്‍ പദ്മ ശുക്ലയാണു തട്ടിക്കൊണ്ടുപോകലിനു നേതൃത്വം നല്‍കിയത്. സംഭവത്തില്‍ ഉപയോഗിച്ച കാറും ബൈക്കും കണ്ടെടുത്തിട്ടുണ്ട്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റില്‍ ‘രാമരാജ്യം’ എന്ന് എഴുതിയിട്ടുണ്ടെന്നും കാറില്‍ ബിജെപിയുടെ പതാക ഉണ്ടെന്നും പോലീസ് എഎന്‍ഐക്കു നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. യുപിയില്‍നിന്നുള്ള അഞ്ച് പേരും മധ്യപ്രദേശില്‍നിന്നുള്ള ഒരാളുമാണ് പിടിയിലായിരിക്കുന്നത്. എണ്ണവ്യാപാരിയായ ബ്രിജേഷ് റാവത്തിന്റെ ആറു വയസ്സുള്ള ഇരട്ടക്കുട്ടികളായ ശ്രേയാന്‍ഷ്, പ്രിയന്‍ഷ് എന്നിവരാണു കൊല്ലപ്പെട്ടത്. ആദ്യം 20 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ഇതു നല്‍കിയതോടെ ഒരു കോടി രൂപ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് കുട്ടികളെ വധിച്ചതെന്നാണു നിഗമനം