Connect with us

Ongoing News

പോരാട്ട ഭൂമിയിൽ മുന്നണികൾക്ക് നെഞ്ചിടിപ്പ്

Published

|

Last Updated

ഇതിഹാസ സമരങ്ങളും വിപ്ലവ കഥകളും സിരകളിൽ അഗ്നിപടർത്തിയ നാട്. കോലത്തിരിയും ചിറക്കലും അറക്കലുമായി രാജവാഴ്ചയുടെ ദീർഘ ചരിത്രമുള്ള മണ്ണ്. മൈസൂർ സുൽത്താന്മാരുടെ പടയോട്ട ഭൂമി. ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലയിൽ സ്വാധീനം ഉറപ്പിക്കുന്നതിന് പറങ്കികൾ മുതൽ ബ്രിട്ടീഷുകാർ വരെയുള്ള അധിനിവേശ ശക്തികൾ തന്ത്രപ്രധാന മേഖലയായി കണ്ടിരുന്ന പ്രദേശം. ഗാന്ധിയൻ സഹനസമരങ്ങളിൽ ഊന്നി ഈ മണ്ണിൽ ദേശീയ പ്രസ്ഥാനത്തെ നയിച്ചവർ തന്നെ പതുക്കെ വഴിമാറാൻ തുടങ്ങി. കർഷക, തൊഴിലാളികളുടേതായ സംഘബോധം അവരുടെ ഉള്ളിൽ ഉയർന്നു. ഇത് ചെന്നെത്തിയത് ആദ്യം കോൺഗ്രസ് സോഷ്യലിസ്റ്റിലേക്കും പിന്നീട് കമ്മ്യൂണിസത്തിലേക്കും. എണ്ണമറ്റ കർഷക, തൊഴിലാളി പ്രക്ഷോഭങ്ങളുടെ ഫലമായി ആ പ്രസ്ഥാനം കണ്ണൂരിന്റെ ഹൃദയത്തിൽ കോട്ടകെട്ടുകയായിരുന്നു. പോരാട്ടങ്ങളുടെ വിളനിലമാണ് കണ്ണൂർ. ഇവിടത്തെ പ്രധാന സാംസ്‌കാരിക അടയാളങ്ങളായ തെയ്യവും തിറയുമെല്ലാം കെട്ടിയാടുന്നത് പോരാട്ട ചരിത്രങ്ങൾ തന്നെ.

സംസ്ഥാനത്തെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുപ്പുകളിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ജില്ല. ഇവിടത്തെ രാഷ്ട്രീയ സംഭവങ്ങളാണ് പലപ്പോഴും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പോലും മുന്നോട്ട് നയിക്കുന്നത്. ഇത്തവണയും പാർലിമെന്റ്തിരഞ്ഞെടുപ്പിൽ തീ പാറും പോരാട്ടത്തിനാണ് കണ്ണൂർ സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്ത് സി പി എമ്മിന് ഏറ്റവും ശക്തമായ സംഘടനാ അടിത്തറയുള്ള ജില്ലയാണ് കണ്ണൂർ. നിരവധി പാർട്ടി ഗ്രാമങ്ങളുള്ള, മുഖ്യമന്ത്രി ഉൾപ്പെടെ ഏറ്റവും കൂടുതൽ മന്ത്രിമാരുള്ള ജില്ല. പാർട്ടി സെക്രട്ടറിയുടെ നാട്. എന്നാൽ, ഇവിടത്തെ പാർലിമെന്റ്തിരഞ്ഞെടുപ്പുകളിൽ പലപ്പോഴും യു ഡി എഫിനാണ് മേൽക്കൈ. ജില്ലയുടെ മലയോര മേഖലകളിലും കണ്ണൂർ നഗരത്തിലുമുള്ള കോൺഗ്രസിന്റെ സ്വാധീനമാണ് ഇതിന് അടിസ്ഥാനം. ഒപ്പം ക്രൈസ്തവ, മുസ്‌ലിം ന്യൂനപക്ഷ വോട്ടുകളിൽ ലഭിക്കുന്ന മേധാവിത്വവും യു ഡി എഫിനെ തുണക്കുന്നു.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, കണ്ണൂർ, മട്ടന്നൂർ, അഴീക്കോട്, ധർമടം, പേരാവൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കണ്ണൂർ ലോക്‌സഭാ മണ്ഡലം. ഇതിൽ തളിപ്പറമ്പും കണ്ണൂരും മട്ടന്നൂരും ധർമടവും ഇടതിനൊപ്പമാണെങ്കിൽ ഇരിക്കൂറും അഴീക്കോടും പേരാവൂരും വലതിനൊപ്പമാണ്. 2009ൽ 43,151 വോട്ടിന് കെ സുധാകരൻ ജയിച്ച മണ്ഡലം 2014ൽ കടുത്ത പോരാട്ടത്തിനൊടുവിൽ പി കെ ശ്രീമതിയിലൂടെ എൽ ഡി എഫ് പിടിച്ചടക്കുകയായിരുന്നു. 6,566 വോട്ടുകൾക്കായിരുന്നു ശ്രീമതിയുടെ ജയം. ശ്രീമതിയുടെ സ്ഥാനാർഥിത്വം തന്നെയായിരുന്നു വിജയത്തിൽ പ്രധാനം. യു ഡി എഫിന് കൂടുതൽ ലഭിച്ചിരുന്ന സവർണ ഹിന്ദു വോട്ടുകളിലുണ്ടായ ചോർച്ചയും യു ഡി എഫിനൊപ്പം അടിയുറച്ചിരുന്ന മുസ്‌ലിം ന്യൂനപക്ഷ വോട്ടുകളിൽ ഒരു വിഭാഗത്തിന്റെതായുണ്ടായ മാറ്റവും ശ്രീമതിക്ക് തുണയായി. മാത്രമല്ല സുധാകരന്റെ രണ്ട് അപരന്മാർ ചേർന്ന് ശ്രീമതിയുടെ ഭൂരിഭക്ഷത്തേക്കാൾ കൂടുതൽ വോട്ട് പിടിച്ചതും അനുഗ്രഹമാകുകയായിരുന്നു.
ഇത്തവണയും എൽ ഡി എഫിനായി ശ്രീമതി തന്നെ കളത്തിലിറങ്ങാനാണ് സാധ്യത. കണ്ണൂർ ജില്ലയെ കൂടുതൽ ഇടത്തോട്ട് അടുപ്പിക്കുന്നതിൽ കഴിഞ്ഞ തവണത്തെ ശ്രീമതിയുടെ ജയം കാരണമായെന്ന് സി പി എം വിലയിരുത്തുന്നു. ശ്രീമതിയുടെ നഗരം കേന്ദ്രീകരിച്ചുള്ള പ്രവർത്തനം പാർട്ടിക്ക് വലിയ തോതിൽ ഗുണം ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കണക്ക് പ്രകാരം 10,3176 വോട്ടിന്റെ ലീഡാണ് ജില്ലയിൽ എൽ ഡി എഫിനുള്ളത്.
ചരിത്രത്തിലാദ്യമായി കണ്ണൂർ നഗരസഭയിൽ യു ഡി എഫിന് ഭരണം നഷ്ടപ്പെട്ടു. 35 വർഷത്തിന് ശേഷം കണ്ണൂർ നിയമസഭാ മണ്ഡലം എൽ ഡി എഫ് പിടിച്ചടക്കി. ജില്ലയിലെ അഞ്ച് നഗരസഭകളും 47 പഞ്ചായത്തിൽ 31 ഉം എൽ ഡി എഫിനൊപ്പമാണ്. 2015ന് ശേഷം തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പോലും ജില്ലയിൽ എൽ ഡി എഫ് തോറ്റിട്ടില്ല. ഇതെല്ലാം ശ്രീമതിയുടെ വിജയത്തിന് ശേഷം ഉണ്ടായതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഞ്ഞൂറ് കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ പി കെ ശ്രീമതിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയതായി എൽ ഡി എഫ് അവകാശപ്പെടുന്നു. ശ്രീമതിക്ക് പകരം മറ്റൊരു പേരിന് ഇപ്പോൾ വലിയ പരിഗണനയില്ല. എങ്കിലും സി പി എം ജില്ലാ സെക്രട്ടറി പി ജയരാജൻ, കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ, സംസ്ഥാന സമിതിയംഗം വി ശിവദാസൻ എന്നിവരുടെ പേരും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കി കണ്ണൂർ തിരിച്ചുപിടിക്കേണ്ടത് ജില്ലയിൽ യു ഡി എഫിന്റെ രാഷ്ട്രീയ നിലനിൽപ്പിന്റെ ആവശ്യമാണ്. കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരനെ ചുറ്റിപറ്റിയാണ് അവരുടെ സ്ഥാനാർഥി ചർച്ചകളെല്ലാം. സുധാകരൻ മത്സരിക്കില്ലെങ്കിൽ മാത്രം മറ്റൊരാൾ എന്നതാണ് അവസ്ഥ. മണ്ഡലത്തിലെ പാർട്ടിയുടെ സംഘടനാ അവസ്ഥ കൃത്യമായി ബോധ്യമുള്ള സുധാകരന് ഇതുവരെ ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല. കെ പി സി സി വർക്കിംഗ് പ്രസിഡന്റ് എന്ന നിലയിൽ കേരളത്തിൽ പ്രവർത്തിക്കാനാണ് താത്പര്യമെന്നാണ് സുധാകരൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. സുധാകരൻ മത്സരിച്ചാൽ ശബരിമല വിഷയത്തിൽ എടുത്ത നിലപാടുകളുടെ അടിസ്ഥാനത്തിൽ സവർണ ഹിന്ദു വോട്ടുകൾ ഉറപ്പിക്കാമെന്ന് പ്രവർത്തകർ കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ പി കെ ശ്രീമതിയുടെ സ്ഥാനാർഥിത്വത്തെ തുടർന്ന് നമ്പ്യാർ വോട്ടുകളിലും മറ്റുമുണ്ടായ ചാഞ്ചാട്ടം ഇത്തവണയുണ്ടാകില്ലെന്ന് പ്രവർത്തകർ പറയുന്നു. ഘടകകക്ഷിയായ മുസ്‌ലിം ലീഗിനും ഏറെ സമ്മതനാണ് സുധാകരൻ. ശുക്കൂർ, ശുഐബ് വധക്കേസുകളും അടുത്തിടെ കാസർകോടുണ്ടായ ഇരട്ടക്കൊലപാതകവും ഉയർത്തിക്കാട്ടി സി പി എമ്മിനെതിരെ ശക്തമായ പ്രചാരണത്തിന് മുന്നണി ശ്രമിക്കുമ്പോൾ ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാർഥി തന്നെ രംഗത്തുണ്ടാവണമെന്ന് പ്രവർത്തകരിൽ ഭൂരിഭാഗവും പറയുന്നു. സുധാകരനില്ലെങ്കിൽ എ പി അബ്ദുല്ലക്കുട്ടിയുടെ പേരിനാണ് പരിഗണന. ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി, മുൻ ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രൻ, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരും ചർച്ച ചെയ്യപ്പെടുന്നു.

വിജയിക്കാനായില്ലെങ്കിലും മണ്ഡലത്തിൽ സ്വാധീനമുറപ്പിക്കാനുള്ള ശ്രമമാകും ബി ജെ പി നടത്തുക. ശബരിമല വിവാദവുമായി ബന്ധപ്പെട്ട് സവർണ ജാതി വിഭാഗത്തിനുണ്ടായ പ്രതിഷേധവും നാമജപ യാത്രക്കും മറ്റുമുണ്ടായ പിന്തുണയും ഗുണം ചെയ്യുമെന്ന് ബി ജെ പി കരുതുന്നു. പി കെ കൃഷ്ണദാസിന്റെയും സി കെ പത്മനാഭന്റെയും പേരുകൾക്കാണ് ആദ്യ പരിഗണന.