സമാധാനത്തിന് അവസരം തരൂ:മോദിയോട് ഇമ്രാന്‍ ഖാന്റെ അഭ്യര്‍ഥന

Posted on: February 25, 2019 10:05 am | Last updated: February 25, 2019 at 12:27 pm

ഇസ്്‌ലാമാബാദ്: അതിര്‍ത്തിയില്‍ സമാധാനം പുലരാന്‍ അവസരം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അഭ്യര്‍ഥന.പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും ഇമ്രാന്‍ഖാനെ ഉദ്ധരിച്ച് പാക് തെഹ് രീക് ഇന്‍സാഫ് പാര്‍ട്ടി ട്വീറ്റ് ചെയ്തു.

പഠാന്റെ മകനാണെങ്കില്‍ ഇമ്രാന്‍ ഖാന്‍ ആക്രമണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരാന്‍ മോദി വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇമ്രാന്റെ പ്രതികരണം. ദാരിദ്ര്യത്തിനും നിരക്ഷരതക്കുമെതിരെ ഒത്തൊരുമിച്ച് പോരാടണമെന്ന് കഴിഞ്ഞ വര്‍ഷം അധികാരമേറ്റ ഇമ്രാന്‍ ഖാന് നല്‍കിയ അഭിനന്ദന സന്ദേശത്തില്‍ മോദി പറഞ്ഞിരുന്നു. താന്‍ ഒരു പഠാന്റെ മകനാണെന്നും തന്ന വാക്ക് തെറ്റിക്കില്ലെന്നുമായിരുന്നു ഇതിന് ഇമ്രാന്‍ നല്‍കിയ മറുപടി. ഇത് സൂചിപ്പിച്ചാണ് മോദി ഇമ്രാനെ വെല്ലുവിളിച്ചത്. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സമാധാനന്തരീക്ഷം നിലനിര്‍ത്തേണ്ട കാര്യം മറന്ന് പോയിരിക്കുന്നുവെന്നും ഇമ്രാന്‍ ആരോപിച്ചു.