നഗരത്തിൽ വഴുതക്കാട് ജംഗ്ഷനിൽ ചെന്നാൽ ഒരു കൊച്ചുപാർക്കും പ്രതിമയും കാണാം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ആനിമസ്‌ക്രീന്റെ പ്രതിമ. ട്രാവൻകൂർ- കൊച്ചിൻ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തിരുവനന്തപുരത്തെ പ്രതിനിധാനം ചെയ്ത ആദ്യ പാർലിമെന്റംഗമാണിവർ. 1951ൽ. സ്റ്റേറ്റ് കോൺഗ്രസിന്റെ പിന്തുണയിൽ മത്സരിച്ച ആനിമസ്‌ക്രീൻ അന്ന് മലർത്തിയടിച്ചത് സോഷ്യലിസ്റ്റ് പാർട്ടിയുടെ ടി കെ നാരായണപിള്ളയെ. 1957ൽ രണ്ടാം ലോക്‌സഭയിലെത്തിയത് സ്വതന്ത്രനായി മത്സരിച്ച ഈശ്വര അയ്യർ, തോൽപ്പിച്ചതാകട്ടെ തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന പി എസ് പിയിലെ പട്ടം താണുപിള്ളയെയും.
1962ൽ ജയിച്ചത് സി പി ഐ. കോൺഗ്രസിലെ ഷാഹുൽ ഹമീദിനെ പരാജയപ്പെടുത്തിയത് എം കെ കുമാരൻ. നാലാം ലോക്‌സഭയിലേക്ക് 1967ൽ നടന്ന തിരഞ്ഞെടുപ്പിൽ ജയം എസ് എസ് പിക്കൊപ്പം നിന്നു. കോൺഗ്രസിലെ ജി സി പിള്ളയെ അന്ന് തോൽപ്പിച്ചത് പി വിശ്വംഭരനാണ്. വി കെ കൃഷ്ണമേനോനെ ഇറക്കിയ കോൺഗ്രസ് 1971ൽ വിജയം കൊയ്തു.
സി പി ഐ വീണ്ടും അക്കൗണ്ട് തുറന്നത് 1977ൽ. എം എൻ ഗോവിന്ദൻ നായരെ ഇറക്കിയപ്പോൾ 69,822 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം കൂടെ നിന്നു. 1980ലെത്തിയതോടെ മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചു. കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങിയത് എ നീലലോഹിതദാസൻ നാടാർ. ഭൂരിപക്ഷമാകട്ടെ ഒരു ലക്ഷം കടന്നു. 84ലും 89ലും 91ലും മണ്ഡലം കോൺഗ്രസിനൊപ്പം നിന്നു. കരുണാകരന്റെ ആശീർവാദത്തോടെ കളത്തിലിറങ്ങിയ എ ചാൾസിനായിരുന്നു ജയം. 1996 ആയതോടെ മണ്ഡലം കോൺഗ്രസിനെ കൈവിട്ടു. ജയം സി പി ഐയിലെ കെ വി സുരേന്ദ്രനാഥിന്. രണ്ട് വർഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങിയത് ലീഡർ കെ കരുണാകരൻ. സിറ്റിംഗ് എം പിയായിരുന്ന സുരേന്ദ്രനാഥ് ലീഡർക്ക് മുന്നിൽ അടിയറവ് പറഞ്ഞു.
1999ൽ കോൺഗ്രസിലെ വി എസ് ശിവകുമാർ സി പി ഐയിലെ കണിയാപുരം രാമചന്ദ്രനെ തോൽപ്പിച്ചു. 2004ൽ പി കെ വാസുദേവൻ നായരെ ഇറക്കി മണ്ഡലം സി പി ഐ തിരിച്ചു പിടിച്ചു. പി കെ വിയുടെ നിര്യാണത്തെ തുടർന്ന് 2005ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി പി ഐയിലെ പന്ന്യൻ രവീന്ദ്രൻ സീറ്റ് നിലനിർത്തി. 2009ൽ ശശി തരൂർ വന്നതോടെയാണ് മണ്ഡലം വീണ്ടും കോൺഗ്രസ് തിരിച്ചുപിടിച്ചത്. സി പി ഐയിലെ പി രാമചന്ദ്രൻ നായരെ അന്ന് തോൽപ്പിച്ചു. ഭൂരിപക്ഷം 99,998. എന്നാൽ, ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച തരൂരിന് 2014ൽ ബി ജെ പി കടുത്ത വെല്ലുവിളിയുയർത്തി.