വിമാനത്താവള റണ്‍വേ അറ്റകുറ്റപ്പണി; സര്‍വീസുകള്‍ മാറും

Posted on: February 24, 2019 8:40 pm | Last updated: February 24, 2019 at 8:40 pm

ദുബൈ: നവീകരണത്തിന്റെ ഭാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു റണ്‍വേ അടക്കുമ്പോള്‍ കേരളത്തിലേക്കടക്കം നിരവധി വിമാന സര്‍വീസുകളില്‍ മാറ്റം വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ റണ്‍വേ അടച്ചിടാനാണ് അധികൃതരുടെ തീരുമാനം.

രണ്ട് റണ്‍വേകളില്‍ ഒരെണ്ണമാണ് അടക്കുന്നത്. ഈ സമയം നിരവധി വിമാനങ്ങള്‍ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ (ഉണഇ) വിമാനത്താവളത്തിലേക്ക് മാറ്റും. ഇവിടെ നിന്ന് ദുബൈ വിമാനത്താവളത്തിലേക്കും തിരിച്ചും ഓരോ അര മണിക്കൂറിലും സൗജന്യ എക്‌സ്പ്രസ് ബസ് സര്‍വീസുകളുണ്ടാവും.
ഇതിന് പുറമെ മറ്റ് പ്രധാന സ്ഥലങ്ങളില്‍ നിന്ന് ദുബൈ വേള്‍ഡ് സെന്‍ട്രലിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. രണ്ട് വിമാനത്താവളങ്ങള്‍ക്കുമിടയില്‍ ടാക്‌സി സൗകര്യവുമുണ്ടാകും. കരീം ആപ് വഴി ടാക്‌സി ബുക്ക് ചെയ്യുന്നവര്‍ക്ക് 25 ശതമാനം നിരക്കിളവ് നല്‍കാനും ധാരണയായിട്ടുണ്ട്. എന്നാല്‍ ഏത് വിമാനത്താവളത്തിലാണ് വിമാനം എത്തുന്നതെന്ന് യാത്രക്കാര്‍ മുന്‍കൂട്ടി മനസിലാക്കുകയാണ് പ്രധാനം.

ഒരു റണ്‍വേ അടക്കുമെങ്കിലും അവശേഷിക്കുന്ന റണ്‍വേയുടെ 96 ശതമാനവും ഉപയോഗിക്കും. ഇത് കാരണം വിമാനങ്ങളുടെ എണ്ണത്തില്‍ 32 ശതമാനത്തിന്റെ കുറവേ ഈ സമയത്തുമുണ്ടാകൂ. ചില കമ്പനികള്‍ വലിയ വിമാനങ്ങള്‍ ഉപയോഗിക്കുമെന്നതിനാല്‍ സീറ്റുകളുടെ എണ്ണത്തില്‍ 26 ശതമാനത്തിന്റെ കുറവേ ഉണ്ടാകൂ. ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിന്റെ അധികശേഷി കൂടി പ്രയോജനപ്പെടുത്തേണ്ടി വന്നാല്‍ ആകെ സര്‍വീസുകളുടെ 10 ശതമാനം മാത്രം കുറവേയുണ്ടാകൂ. സീറ്റുകളുടെ എണ്ണം 11 ശതമാനവും കുറയും. എന്നാല്‍ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്തവളത്തിലെ തിരക്ക്ഏഴിരട്ടി വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്.
വിമാനത്താവളത്തിന്റെ തെക്കുഭാഗത്തെ റണ്‍വേയാണ് അറ്റകുറ്റപ്പണികള്‍ക്കായി അടക്കുന്നത്. പ്രധാന വിമാനങ്ങള്‍ രണ്ടു വിമാനത്താവളങ്ങളിലും സര്‍വീസ് നടത്തും. ചെറുവിമാനങ്ങള്‍ പൂര്‍ണമായും അല്‍ മക്തൂം വിമാനത്താവളത്തിലേക്കു മാറും.
എമിറേറ്റ്‌സ് വിമാനങ്ങളുടെ സര്‍വീസില്‍ 25% കുറവുണ്ടാകുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഏതെങ്കിലും ഒരു മേഖലയെ ബാധിക്കാത്ത വിധം മൊത്തം സര്‍വീസുകള്‍ പുനഃക്രമീകരിക്കും. എല്ലാ റണ്‍വേകളും പ്രവര്‍ത്തനസജ്ജമായശേഷം വിവിധ സെക്ടറുകളിലേക്കു കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നും അറിയിച്ചിരുന്നു.