വെനസ്വേല-ബ്രസീല്‍ അതിര്‍ത്തിയില്‍ ആദിവാസികള്‍ക്കു നേരെ പട്ടാളം വെടിയുതിര്‍ത്തു; രണ്ടുപേര്‍ മരിച്ചു

Posted on: February 24, 2019 2:02 pm | Last updated: February 24, 2019 at 4:22 pm

കാരക്കസ്: അമേരിക്കയുടെ നേതൃത്വത്തില്‍ നല്‍കുന്ന ജീവകാരുണ്യ സഹായം തടയാന്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോയുടെ പട്ടാളം ശ്രമിച്ചത് വെടിവെപ്പില്‍ കലാശിച്ചു. ബ്രസീല്‍ അതിര്‍ത്തി ഗ്രാമത്തില്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ആദിവാസികള്‍ മരിച്ചു. 22 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ ഏഴുപേരെ ബ്രസീലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹായ വസ്തുക്കള്‍ വെനസ്വേലയില്‍ പ്രവേശിപ്പിക്കുന്നതു തടയാനുള്ള പട്ടാളത്തിന്റെ നീക്കം ആദിവാസികള്‍ ചെറുത്തതാണ് വെടിവെപ്പിലേക്കു നയിച്ചത്.
മഡുറോയുടെ ദുര്‍ഭരണത്തില്‍ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന വെനസ്വേലന്‍ ജനതയെ സഹായിക്കാനാണ് മരുന്ന്, ഭക്ഷണം ഉള്‍പ്പടെയുള്ള സഹായം അയക്കുന്നതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍, അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളാണ് രാജ്യത്തു പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതെന്ന് മഡുറോ ആരോപിക്കുന്നു.