പരിഷ്കരണ പാതയിൽ റവന്യൂ വകുപ്പ്

ഇന്ന് റവന്യൂ ദിനം
റവന്യൂ മന്ത്രി
Posted on: February 24, 2019 10:44 am | Last updated: February 24, 2019 at 10:58 am

ഐക്യകേരളത്തെക്കാൾ പ്രായമുണ്ട് നമ്മുടെ റവന്യൂ ഭരണ സംവിധാനത്തിന്. തിരു- കൊച്ചി, മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ, സൗത്ത് കാനറയുടെ ഭാഗമായിരുന്ന ഇന്നത്തെ കാസർകോട് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് 1956ൽ കേരള സംസ്ഥാനം രൂപവത്കരിക്കപ്പെട്ടത്. തിരു – കൊച്ചി പ്രദേശത്തെ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, കൊല്ലം തങ്കശ്ശേരി, എറണാകുളം ഫോർട്ട്‌കൊച്ചി എന്നീ പ്രദേശങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ കീഴിലുള്ളവയായിരുന്നു. ഇവിടെയെല്ലാം വ്യത്യസ്തങ്ങളായ ഭൂസംബന്ധിയായ ഭരണക്രമവും ചട്ടങ്ങളുമായിരുന്നു നിലനിന്നിരുന്നത്. നാടുവാഴികൾ ജന്മികളിൽ നിന്നും ഉത്പന്നത്തിന്റെ നിശ്ചിത ഭാഗം രാജഭോഗമായി ചുമത്തിയിരുന്ന രീതിയിൽ നിന്നും വിവിധയിനം നികുതികൾ നിശ്ചയിച്ച് പിരിക്കുന്ന രീതിയിലേക്ക് മാറിയത് 1684ൽ തിരുവിതാംകൂറിൽ രവിവർമ രാജാവിന്റെ കാലത്തായിരുന്നു. തുടർന്ന്, സ്ഥിരമായ നികുതി ഘടന ലക്ഷ്യമിട്ട് റവന്യൂ സെറ്റിൽമെന്റ് നടപടികൾ 1738ൽ ആരംഭിക്കുകയുണ്ടായി. ശാസ്ത്രീയമായ റവന്യൂ സെറ്റിൽമെന്റ് മലബാറിൽ 1888-1904 കാലഘട്ടത്തിലും കൊച്ചിയിൽ 1898-1907ലും തിരുവിതാംകൂറിൽ 1883-1911ലുമാണ് നടന്നത്. ഇതോടനുബന്ധിച്ച് 1886 ഫെബ്രുവരി 24 ന് തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ ട്രാവൻകൂർ സെറ്റിൽമെന്റ് വിളംബരം പുറപ്പെടുവിക്കുകയുണ്ടായി. ഈ വിളംബരത്തിന്റെ സ്മരണാർഥമാണ് എല്ലാവർഷവും ഫെബ്രുവരി 24-ന് സംസ്ഥാനത്ത് റവന്യൂ ദിനമായി ആചരിച്ചുവരുന്നത്.

ഈ സർക്കാറിന്റെ 1000 ദിനങ്ങൾ പൂർത്തിയാകുന്ന വേളയിൽ റവന്യൂ ഓഫീസുകളെ ജനോപകാരപ്രദവും ജനസൗഹാർദപരവും ആക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികൾ ജനങ്ങളുമായി പങ്കുവെക്കുന്നു.

സംസ്ഥാനത്ത് വിവിധ ഇനങ്ങളിലായി ഇതുവരെ 1,03,361 പട്ടയങ്ങൾ വിതരണം ചെയ്തു. ഫെബ്രുവരി അവസാനത്തോടെ 3000 പട്ടയങ്ങൾ കൂടി വിതരണം ചെയ്യും. കൈവശക്കാർക്ക് വിതരണം ചെയ്യുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെയും സുപ്രീം കോടതിയുടെയും അനുമതി ലഭിച്ച വനഭൂമിയിൽ അവശേഷിക്കുന്നവർക്ക് ഉടൻ പട്ടയം നൽകുന്നതിന് സത്വര നടപടി സ്വീകരിക്കുകയുണ്ടായി. ലാൻഡ് ട്രൈബ്യൂണലുകളിൽ നിലവിലുണ്ടായിരുന്നതിൽ 2018 ഡിസംബർ 31 വരെ 1,12,001 ഫയലുകളിൽ തീർപ്പ് കൽപ്പിക്കാനും 63,617 പട്ടയങ്ങൾ/ക്രയസർട്ടിഫിക്കറ്റുകൾ അനുവദിക്കാനുമായി.

പട്ടയവിതരണത്തിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് നടപടി ക്രമങ്ങൾ സുതാര്യമാക്കി. നിലവിലുണ്ടായിരുന്ന 31 ലാൻഡ് ട്രൈബ്യൂണലുകൾക്ക് പുറമെ 15 ലാന്റ് ട്രൈബ്യൂണലുകളും 14 ദേവസ്വം ട്രൈബ്യൂണലുകളും ഉൾപ്പെടെ വിവിധ ജില്ലകളിലായി 29 സ്‌പെഷ്യൽ ട്രൈബ്യൂണലുകൾ കൂടി രൂപവത്കരിച്ചു. ലാൻഡ് ട്രൈബ്യൂണലിലെ കേസുകൾ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലപരിശോധന ഉൾപ്പെടെ റവന്യൂ ഇൻസ്‌പെക്ടർമാർ ചെയ്തിരുന്ന ജോലി ചെയ്യുന്നതിന് വില്ലേജ് ഓഫീസർമാരെ കൂടി ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.
ലാൻഡ് ട്രൈബ്യൂണലുകളിൽ നിലവിലുളള കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. കേരള ഭൂപരിഷ്‌കരണ ആക്ടിലെ വകുപ്പ് 7ഇ പ്രകാരം നാല് ഏക്കർ വരെ ഭൂമി പതിച്ചു കിട്ടുന്നതിന് അപേക്ഷ സമർപ്പിക്കാനുളള കാലാവധി രണ്ട് വർഷം കൂടി ദീർഘിപ്പിച്ചു. ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങൾ ലഭിക്കുന്നതിനുളള അപേക്ഷ നൽകുന്നതിനുളള കാലാവധി നീട്ടി നൽകി. സർവീസ് ഇനാം ഭൂമിയുടെ കൈവശക്കാർക്ക് പട്ടയം ലഭിക്കുന്നതിന് അപേക്ഷ നൽകാനുളള കാലാവധിയും നീട്ടി. ഉപാധിരഹിത പട്ടയമെന്ന ദീർഘകാല ആവശ്യത്തിന് അംഗീകാരം നൽകി. 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്തു.
1964ലെ ഭൂമി പതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി കൈവശത്തിലുളള ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുണ്ടായിരുന്ന വരുമാന പരിധി ഒഴിവാക്കി. കൈവശത്തിലില്ലാത്ത ഭൂമി പതിച്ചു കിട്ടുന്ന സംഗതിയിൽ കൈമാറ്റത്തിനുളള കാലപരിധി 25 വർഷത്തിൽ നിന്നും 12 വർഷമാക്കി കുറവു ചെയ്തു. കൈവശമുണ്ടായിരുന്ന ഭൂമി പതിച്ചുകിട്ടിയാലും കൈവശമില്ലാത്ത ഭൂമി പതിച്ചു കിട്ടിയാലും അത് എല്ലാതരം ബേങ്കുകളിലും ഈടുവെച്ച് ലോൺ എടുക്കുന്നതിനും മറ്റും ഉതകുന്ന തരത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്തു. 1964ലെ ചട്ടങ്ങൾ പ്രകാരം നൽകിയ പട്ടയ ഭൂമിയിൽ വെച്ചുപിടിപ്പിക്കുന്ന ചന്ദനം ഒഴികെയുളള മരങ്ങളുടെ അവകാശം കൃഷിക്കാർക്കു തന്നെ ലഭിക്കുന്ന തരത്തിൽ ചട്ടങ്ങൾ ഭേദഗതി വരുത്തി. അനധികൃത നിൽമാണങ്ങൾക്ക് കടിഞ്ഞാണിട്ടു.

ഹൈക്കോടതിയിലെ മിച്ചഭൂമി കേസുകളിൽ തീർപ്പുണ്ടാക്കാൻ നിയമാനുസൃത നടപടികൾ സ്വീകരിച്ചു. കാലാവധി കഴിഞ്ഞതും വ്യവസ്ഥകൾ ലംഘിച്ചതുമായ പാട്ടഭൂമി തിരിച്ചെടുക്കൽ നടപടികൾ ഊർജിതമാക്കി. വിവിധ ജില്ലകളിലായി 1700.69 ഹെക്ടർ ഭൂമി ‘എസ്ചീറ്റ്’ ഭൂമിയായി സർക്കാർ ഏറ്റെടുത്തു. വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനുളള തടസ്സങ്ങൾ നീക്കാൻ സത്വര നടപടി സ്വീകരിക്കുകയും പുനരധിവാസ പാക്കേജിൽ ആകർഷക മാറ്റം വരുത്തി പുനരധിവാസ നയം രൂപവത്കരിക്കുകയും ചെയ്തു. കൈയേറ്റം തടയുന്നതിന് ശക്തമായ നടപടി സ്വീകരിച്ചു. സംസ്ഥാനത്താകെ 605 കേസുകളിലായി 203 ഹെക്ടർ സർക്കാർ ഭൂമി കൈയേറ്റക്കാരിൽ നിന്ന് ഒഴിപ്പിച്ചെടുക്കുകയും റവന്യൂ വിജിലൻസ് വിംഗിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്തു.

സർക്കാർ വകുപ്പുകൾ തമ്മിലുളള ഭൂമി കൈമാറ്റത്തിന് ഗ്രാമ പഞ്ചായത്തിലുളള ഭൂമിയാണെങ്കിൽ 50 സെന്റും മുനിസിപ്പൽ പ്രദേശത്ത് 25 സെന്റും കോർപറേഷൻ പ്രദേശത്ത് 10 സെന്റും കൈമാറി നൽകുന്നതിന് ജില്ലാ കലക്ടർമാർക്ക് അധികാരം നൽകി. വില്ലേജ്, താലൂക്ക് ഓഫീസുകളിൽ നിന്നും നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വർഷമായി ഉയർത്തി. യു ഡി എഫ് ഗവൺമെന്റ് മരവിപ്പിച്ച റീ സർവേ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ പുനരാരംഭിച്ചു. സർവേ പൂർത്തിയാക്കുന്നതിന് സമയബന്ധിത നടപടി സ്വീകരിച്ചു.

സംസ്ഥാനത്തെ റീസർവേ പ്രവർത്തനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത ഏജൻസികളെ കൊണ്ട് നടത്തിക്കൊണ്ടും വാലിഡേഷൻ നടപടികൾ സർവേ വകുപ്പിൽ നിലവിലുള്ള ജീവനക്കാരെ കൊണ്ട് നടത്തിക്കൊണ്ടും റീ-സർവേ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും തീരുമാനമെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. വില്ലേജ്, താലൂക്ക്, ആർ ഡി ഒ ഓഫീസുകളിൽ നിന്നും വിതരണം ചെയ്യുന്ന വിവിധ സർട്ടിഫിക്കറ്റുകൾക്ക് എതിരെ അപ്പീൽ സമർപ്പിക്കാൻ അവസരമില്ല എന്ന പരാതി പരിഹരിക്കുന്നതിനായുളള ഉത്തരവ് അന്തിമഘട്ടത്തിലാണ്. ആഡംബര നികുതി സ്ലാബ് അടിസ്ഥാനത്തിൽ പുതുക്കി നിർണയിക്കാൻ നിയമ ഭേദഗതി തയ്യാറാക്കി. അപ്പാർട്ട്‌മെന്റ്/ഫ്‌ളാറ്റുകളുടെ കെട്ടിട നികുതി നിർണയത്തിന് മാനദണ്ഡം നിശ്ചയിച്ചു.

ഡിജിറ്റൽ സർവേ
സംസ്ഥാനത്തെ മുഴുവൻ ഭൂവിവരങ്ങൾ ഭൂമിയുടെ യഥാർഥ അവസ്ഥ ജിയോ സ്‌പേഷ്യൽ കോർഡിനേറ്റ്‌സ് ഉപയോഗിച്ച് സർവേ ചെയ്ത് റവന്യൂ, സർവേ, രജിസ്‌ട്രേഷൻ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഭൂ സംബന്ധമായ രേഖകൾ വെബ് അധിഷ്ഠിതമായി ഏകോപിപ്പിക്കുന്നു. 14 കലക്ടറേറ്റുകളെയും ഇ-ഓഫീസ് ശൃംഖലയിലേക്ക് ബന്ധിപ്പിക്കാൻ നടപടിതുടങ്ങി.

സ്മാർട്ട് വില്ലേജ് ഓഫീസുകൾ
ഇ-ഡിസ്ട്രിക്റ്റ് സംവിധാനം ശക്തിപ്പെടുത്തി. പരിമിതികൾ പരിശോധിച്ച് നവീകരിക്കാൻ നടപടി സ്വീകരിച്ചു. വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാനും പരിശോധന ശക്തിപ്പെടുത്തി വില്ലേജ് ഓഫീസുകളിലെ നടപടി ക്രമങ്ങൾ സുതാര്യമാക്കാനും അഴിമതി ഇല്ലാതാക്കുന്നതിനും കർശന നടപടികൾ സ്വീകരിച്ചു.
സംസ്ഥാനത്ത് 2017-2018ൽ 50 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കുന്നതിനും 100 വില്ലേജ് ഓഫീസുകളിൽ അഡീഷണൽ ആയി ഓരോ റൂം കൂടി പണിയുന്നതിനും 80 വില്ലേജ് ഓഫീസുകൾക്ക് ചുറ്റുമതിൽ നിർമിക്കുന്നതിനും 80 വില്ലേജ് ഓഫീസുകൾക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ഉളള അനുമതി നൽകി.

പുതിയ റവന്യൂ ഡിവിഷൻ – താലൂക്കുകൾ
സംസ്ഥാനത്ത് പുതിയ 6 റവന്യൂ ഡിവിഷനുകളും 2 താലൂക്കുകളും പുതുതായി രൂപീകരിച്ചു. പവർഗ്രിഡ് കോർപറേഷനുകൾ, കണ്ണൂർ ഇൻഡസ്ട്രിയൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നേമം റെയിൽവേ ഡബ്ലിംഗ് എന്നിവക്കായി 4 സ്‌പെഷ്യൽ ലാൻഡ് അക്വിസിഷൻ യൂനിറ്റുകളും അവക്കായി 320 തസ്തികകളും സൃഷ്ടിച്ചു.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കൂടുതൽ ശക്തമാക്കുന്നതിന് ഭേദഗതി ആക്ട് കൊണ്ടുവന്നു. അവശേഷിക്കുന്ന നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ ക്രിയാത്മക നടപടികൾക്ക് വ്യവസ്ഥ ചെയ്തു. നെൽവയൽ – തണ്ണീർത്തട സംരക്ഷണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഡേറ്റാ ബാങ്ക് സംബന്ധിച്ച ആക്ഷേപങ്ങൾ പരിശോധിക്കാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. അപേക്ഷ സമർപ്പിക്കുന്നതിന് 6 മാസത്തെ സമയം അനുവദിച്ചു.

ലാൻഡ് ഗ്രാബിംഗ് പ്രൊഹിബിഷൻ ബിൽ
സംസ്ഥാനത്ത് പലതരത്തിൽ അനധികൃതമായി കൈയേറി കൈവശം വെച്ചിരിക്കുന്ന തോട്ടം ഭൂമി ഉൾപ്പെടെയുളള സർക്കാർ ഭൂമി കേരള ഭൂസംരക്ഷണ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ഒഴിപ്പിക്കാൻ കഴിയാത്തവ സംബന്ധിച്ച് വിഷയം കൈകാര്യം ചെയ്യുന്നതിന് ഒരു സ്‌പെഷ്യൽ കോടതി രൂപീകരിക്കുന്നതിനും കോടതി പരിശോധിച്ചു തീർപ്പ് കൽപ്പിച്ച് വിധിന്യായം പുറപ്പെടുവിക്കുന്നതിനും അതനുസരിച്ച് ഭൂമി ഒഴിപ്പിക്കുന്നതിനും അങ്ങനെ ഒഴിപ്പിച്ചെടുക്കുന്ന ഭൂമി എപ്രകാരം വിനിയോഗിക്കണമെന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിന് ഒരു അതോറിറ്റി രൂപീകരിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടുളള ബിൽ, നിയമ വകുപ്പ് ചില തടസ്സ വാദങ്ങൾ ഉന്നയിച്ചതിനാൽ അഡ്വ. ജനറലിന്റെ അഭിപ്രായത്തിനായി അയച്ചിരിക്കുകയാണ്.

കേരള ഭൂപരിഷ്‌കരണ (ഭേദഗതി) ബിൽ
കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഒഴിവ് കിട്ടിയ ഭൂമി കഷണങ്ങളായി മുറിച്ച് വിൽക്കുമ്പോൾ വാങ്ങുന്നയാൾ അതേ ആവശ്യത്തിന് ഉപയോഗിക്കാത്ത സാഹചര്യത്തിൽ ഭൂമി തിരികെ എടുക്കുന്നതിനുളള വ്യവസ്ഥകൾ ഉൾപ്പെടുത്തികൊണ്ടുള്ള ഭേദഗതി ബിൽ- (നിയമ വകുപ്പിന്റെ പരിഗണനയിൽ)

കേരള റെന്റ് കൺട്രോൾ ബിൽ
കെട്ടിടങ്ങൾ വാടകക്ക് കൊടുക്കുന്നതും എടുക്കുന്നതും സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തിയുളള ബിൽ – (നിയമ വകുപ്പിന്റെ പരിഗണനയിൽ.

യൂണിക് തണ്ടപ്പേർ
സംസ്ഥാനത്തെ ഓരോ പൗരനും സംസ്ഥാനം മുഴുവൻ ബാധകമാകുന്ന രീതിയിൽ ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേർ എന്ന ആശയം നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ നടന്നുവരുന്നു. ഈ സംവിധാനം നടപ്പിൽ വരുന്നതോടുകൂടി സംസ്ഥാനത്തുളള ഓരോ പൗരന്റെയും പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട വസ്തുക്കൾ ഒരേ തണ്ടപ്പേരിൽ ഉൾക്കൊളളിക്കാനും അതുവഴി പരിധിയിൽ കൂടുതൽ ഭൂമി കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും കഴിയും.

ദുരന്ത നിവാരണം
ശൈശവാവസ്ഥയിലായിരുന്നു എന്ന് കോടതി പോലും നിരീക്ഷിച്ച സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനം രണ്ട് വർഷങ്ങൾകൊണ്ട് കാര്യക്ഷമതയിലേക്ക് ഉയർന്നുവന്നു. ‘ഓഖി’ദുരന്ത കാലത്ത് അഭൂതപൂർവമായ രക്ഷാപ്രവർത്തനങ്ങളും സമാശ്വാസ നടപടികളുമാണ് ദുരന്ത നിവാരണ രംഗത്ത് നടപ്പാക്കിയത്.
വരൾച്ചാ കാലത്ത് വൻതോതിലുളള കുടിവെളള വിതരണവും, മനുഷ്യരുടെയും കന്നുകാലികളുടെയും മറ്റു മൃഗങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനായുളള നടപടികളും സ്വീകരിക്കുകയുണ്ടായി. റവന്യൂ വകുപ്പിന്റെ പ്രവർത്തനം സുതാര്യവും കാര്യക്ഷമവും ജനസൗഹൃദപരവും ആക്കുന്നതിന് ഈ നടപടികൾ വലിയതോതിൽ സഹായിച്ചിട്ടുണ്ട് എന്നാണ് ജനങ്ങളിൽ നിന്നു കിട്ടുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഈ ജനകീയ അംഗീകാരമാണ് ഇനിയും മുന്നോട്ടുപോകാനുളള ഏറ്റവും വലിയ പ്രചോദനം.

ഇ. ചന്ദ്രശേഖരൻ (റവന്യൂ മന്ത്രി)