സമസ്‌ത: ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Posted on: February 23, 2019 2:08 pm | Last updated: February 23, 2019 at 2:09 pm

കോഴിക്കോട്: സമസ്‌ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് 2019 ജനുവരിയിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ നടത്തിയ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. മൊത്തം പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 98.80% വിദ്യാർഥികൾ തുടർ പഠനത്തിന് യോഗ്യത നേടി.
പത്താം തരം പരീക്ഷയിൽ പങ്കെടുത്ത 7,986 വിദ്യാർഥികളിൽ 985പേർ എല്ലാ വിഷയിങ്ങളിലും എ പ്ലസ് നേടി.

പന്ത്രണ്ടാം തരത്തിൽ പരീക്ഷ എഴുതിയ 764 വിദ്യാർഥികളിൽ 92 പേർ എല്ലാ വിഷയിങ്ങളിലും എ പ്ലസ് നേടി. പരീക്ഷാ ഫലം സുന്നി വിദ്യാഭ്യാസ ബോർഡ് വെബ്‌സൈറ്റിൽ (www.samastha.in) ലഭ്യമാണ്.
വിദ്യാർഥികളെയും മുഅല്ലിംകളെയും രക്ഷിതാക്കളെയും, സ്‌കൂൾ മാനേജ്‌മെന്റ് ഭാരവാഹികളെയും സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡൻറ്കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ, പരീക്ഷാ വിഭാഗം ചെയർമാൻ പി കെ അബൂബക്കർ മൗലവി തളിപ്പറമ്പ്, ബോർഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുൽ ഹമീദ് അഭിനന്ദിച്ചു.
പുനർമുല്യനിർണയത്തിനുള്ള അപേക്ഷകൾ ഈ മാസം 25 മുതൽ അടുത്ത മാസം അഞ്ച് വരെ പേപ്പർ ഒന്നിന് 50 രൂപ ഫീസ് സഹിതം വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ സ്വീകരിക്കും.

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ ഏഴാം ക്ലാസിലെ പൊതുപരീക്ഷ മാർച്ച് രണ്ടിനും, സ്‌കൂൾ അധ്യയന വർഷത്തിനനുസരിച്ച് പഠനം നടക്കുന്ന മദ്‌റസകളിലെ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷ മാർച്ച് 30, 31 തീയതികളിലും, ജനറൽ മദ്‌റസകളിലെ പൊതുപരീക്ഷ ഏപ്രിൽ 27, 28 തീയതികളിലും നടക്കും.