Connect with us

Kerala

കോടിയേരി അതിരുകടക്കുന്നുവെന്ന് എന്‍എസ്എസ്

Published

|

Last Updated

കോട്ടയം: കോടിയേരിയുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ്. കോടിയേരി അതിരുകടക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. അധികാരമുണ്ടെന്ന് കരുതി എന്തും പറയാമെന്ന വിചാരം ആര്‍ക്കും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോടിയേരി പറഞ്ഞതിനൊക്കെ തക്കതായ മറുപടിയുണ്ട്. എന്നാല്‍ അത് പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ല. വിശ്വാസ സംരക്ഷണത്തിലെ വൈരുദ്ധ്യമാണ് അകല്‍ച്ചക്ക് കാരണം. എന്‍.എസ്.എസില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എന്‍എസ്എസിനെതിരെ കടുത്ത വിമര്‍ശനമാണ് കോടിയേരി ഉയര്‍ത്തിയത്. മാടമ്പിത്തരം എന്‍എസ്എസ് മനസില്‍ വച്ചാല്‍ മതിയെന്നും മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും കോടിയേരി പറഞ്ഞു.

ജി സുകുമാരന്‍ നായര്‍ക്ക് സവര്‍ണ മനോഭാവമാണ്. എന്നാല്‍ അണികള്‍ ഇതിനൊപ്പമല്ല. തമ്പ്രാക്കളുടെ നിലപാടാണ് എന്‍എസ്എസിന്. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേട് സിപിഎമ്മിനില്ല. എസ്എസ്എസ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് തെറ്റാണ്. മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ എതിര്‍ത്തുതോല്‍പ്പിച്ചിട്ടുണ്ട്. ശബരിമലയിലെ എന്‍എസ്എസ് നിലപാട് തിരഞ്ഞെടുപ്പില്‍ പ്രതികൂലമാവില്ലെന്നും എന്‍എസ്എസിലെ സാധാരണക്കാര്‍ സിപിഎമ്മിന് ഒപ്പമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ ആരുമായും ചര്‍ച്ചക്കില്ലെന്ന് സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍എസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോടിയേരി രംഗത്തെത്തിയത്.

Latest