Connect with us

Editorial

ആദിവാസികളെ ഇറക്കി വിടരുത്

Published

|

Last Updated

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണ് രാജ്യത്തെ ലക്ഷക്കണക്കിന് ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാനാവശ്യപ്പെട്ടു കൊണ്ടുള്ള സുപ്രീം കോടതി വിധി. രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ നിന്നായി വനാവകാശ നിയമത്തിന്റെ പരിരക്ഷയില്‍ പെടാത്ത 11,27,446 ആദിവാസികളെയും ഇതര വിഭാഗങ്ങളെയും ജൂലൈ 24 ലെ അടുത്ത വാദം കേള്‍ക്കലിന് മുമ്പായി നിര്‍ബന്ധിതമായും കുടിയൊഴിപ്പിച്ചു കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ദേശം. വനാവകാശ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് ചില പരിസ്ഥിതി സംഘടനകള്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. വനഭൂമിയില്‍ അവകാശം ഉന്നയിച്ചവരില്‍ അപേക്ഷ നിരസിക്കപ്പെട്ടവരെ കുടിയൊഴിപ്പിക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.

പരമ്പരാഗതമായി വനഭൂമിയില്‍ താമസിച്ചു വരുന്നവരാണ് ആദിവാസികള്‍. വനത്തിന്റെ സംരക്ഷകരുമാണവര്‍. വനം വിട്ടുകൊണ്ടുള്ള ഒരു ജീവിതം സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത അവരെ സംബന്ധിച്ചിടത്തോളം വനത്തില്‍ നിന്ന് കുടിയൊഴിപ്പിക്കാനുള്ള കോടതി വിധി അസഹ്യമാണ്. ഇവര്‍ക്ക് വനഭൂമിയില്‍ അവകാശം നല്‍കുന്നതിനുള്ള ഒരു നിയമം 2006ല്‍ രാജ്യത്ത് നിലവില്‍ വന്നിട്ടുണ്ട്. തലമുറകളായി ആദിവാസികള്‍ ആശ്രയിച്ചിരുന്ന കാട്, വനവിഭവങ്ങള്‍, മത്സ്യസമ്പത്ത് തുടങ്ങിയവയില്‍ അവര്‍ക്കുള്ള അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ട് അവകള്‍ക്കു മേലുള്ള അവകാശ സ്ഥാപനം കൂടിയാണ് ഈ നിയമം. അന്ന് തൊട്ടേ ഈ നിയമത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും സംസ്ഥാന വനം വകുപ്പുകളും. ഇരുമ്പ്, അലൂമിനിയം തുടങ്ങിയവ ഖനനം ചെയ്യുന്ന കോര്‍പറേറ്റുകളും വന്യജീവി സംരക്ഷണ സംഘടനകളും നിയമത്തിനെതിരാണ്. വനാവകാശ നിയമത്തെ ദുര്‍ബലമാക്കുന്ന വിധത്തില്‍ ഖനനനിയമം ഉള്‍പ്പെടെ അര ഡസനോളം നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പലപ്പോഴായി ഭേദഗതികള്‍ വരുത്തിയിട്ടുമുണ്ട്.

വനാവകാശ നിയമത്തിനെതിരെ പരിസ്ഥിതി സംഘടനകള്‍ സമര്‍പ്പിച്ച കേസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. കേസ് കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ നിയോഗിച്ചത് അത്ര പരിചയ സമ്പന്നരല്ലാത്ത അഭിഭാഷകരെയാണ്. യു പി എ ഭരണകാലത്ത് ഏറ്റവും മുതിര്‍ന്ന വക്കീലായ ഫാലി എസ് നരിമാനാണ് ഈ കേസിനു വേണ്ടി ഹാജരായിരുന്നത്. എന്നാല്‍ ബി ജെ പി ഭരണത്തില്‍ ജൂനിയര്‍മാരായ അഭിഭാഷകരെയാണ് നിയോഗിച്ചത്. കേസിന്റെ ഗൗരവവും ആദിവാസികളുടെ ഭാവിയും കണക്കിലെടുത്ത് മുതിര്‍ന്ന അഭിഭാഷകരെ നിയമിക്കണമെന്ന ആവശ്യവുമായി ഡി രാജ, ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ കേന്ദ്രത്തിന് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വാദത്തിന്റെ പല ഘട്ടങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകാത്തതും വിവാദമായി. എതിര്‍കക്ഷികളുമായുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്ന് ആരോപിക്കപ്പെടുകയുമുണ്ടായി. കേസ് അവസാനമായി പരിഗണിച്ച ഫെബ്രുവരി 13നും സര്‍ക്കാര്‍ അഭിഭാഷകര്‍ ഹജരായില്ല. ഇതാണ് വനവാസികളെ കൂട്ടത്തോടെ ഒഴിവാക്കാനുള്ള വിധിക്ക് ഇടയാക്കിയതെന്നാണ് നിയമജ്ഞരുടെ പക്ഷം.

രണ്ട് തലമുറകളായി വനത്തില്‍ താമസിച്ചുവരുന്ന കുടുംബങ്ങളെ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ പരമ്പരാഗത ആവാസ കേന്ദ്രങ്ങളില്‍ താമസിക്കാന്‍ അനുവദിക്കണമെന്നാണ് വനാവകാശ നിയമം അനുശാസിക്കുന്നത്. രാജ്യത്ത് 42.19 ലക്ഷം പേരാണ് ഇതിനകം ഇതടിസ്ഥാനത്തില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ 18.89 ലക്ഷം പേര്‍ക്കു മാത്രമാണ് വനഭൂമിയില്‍ അവകാശം നല്‍കിയത്. 23.30 ലക്ഷം അപേക്ഷകളും നിരസിക്കപ്പെടുകയായിരുന്നു. ഒരേ ഭൂമിക്ക് രണ്ട് പേര്‍ അവകാശവാദം ഉന്നയിക്കുക, റവന്യൂ ഭൂമി വനമാണെന്ന ധാരണയില്‍ രേഖക്ക് അപേക്ഷിക്കുക, വനാവകാശ നിയമപ്രകാരം ഭൂമി കൈമാറുന്നതിന് വേണ്ട മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാതിരിക്കുക എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ മാത്രമേ അപേക്ഷ നിരസിക്കാന്‍ പാടുള്ളൂ. എന്നാല്‍, ഇത്തരം തടസ്സങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ഹരജികള്‍ തീര്‍പ്പാക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിരുത്തരവാദപരമായി പെരുമാറുന്നതായി പല സംസ്ഥാനങ്ങളില്‍ നിന്നും പരാതി ഉയരുകയുണ്ടായി. വനം വകുപ്പ് മേധാവികള്‍ ബാഹ്യശക്തികളുടെ താത്പര്യങ്ങള്‍ക്കായി അപേക്ഷകളില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുകയാണെന്നാണ് ആരോപണം.

കേരളത്തില്‍ 39,999 ആദിവാസി കുടുംബങ്ങളാണ് വനാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയത്. ഇവരില്‍ 25,631 പേര്‍ക്ക് കൈവശരേഖ നല്‍കുകയും 894 കുടുംബങ്ങള്‍ പരിരക്ഷക്ക് അര്‍ഹരല്ലെന്ന നിഗമനത്തില്‍ അപേക്ഷ നിരസിക്കുകയും ചെയ്തു. കോടതി ഉത്തരവ് അനുസരിച്ച് ജൂലൈ 24 ന് മുമ്പായി ഇവരെ വനത്തില്‍ നിന്ന് ഒഴിപ്പിക്കേണ്ടി വരും. അതേസമയം, വനാവകാശ നിയമത്തിന്റെ മാനദണ്ഡപ്രകാരം കൈവശരേഖ നല്‍കാന്‍ കഴിയില്ലെന്ന കാരണത്താല്‍ ജില്ലാതല സമിതികള്‍ ഒഴിവാക്കിയവരുടെ കാര്യമാണ് സുപ്രീം കോടതി പറഞ്ഞതെന്നും ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടവര്‍ കേരള വനത്തില്‍ അനധികൃതമായി താമസിക്കുന്നില്ലെന്നുമാണ് സംസ്ഥാന വനം മന്ത്രി പറയുന്നത്. അങ്ങനെയുണ്ടെങ്കില്‍ വിധി വിശദമായി പഠിച്ച ശേഷം അപ്പീല്‍ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. ഏതായാലും ആദിവാസി–ഗോത്രജനവിഭാഗങ്ങളെ ഇറക്കിവിടാതിരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരനടപടി സ്വീകരിക്കേണ്ടതുണ്ട്. കോടതി വിധി മറികടക്കാന്‍ ആവശ്യമെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം.

Latest