ജിസിസി രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം ശനിയാഴ്ച ആരംഭിക്കും

Posted on: February 23, 2019 11:51 am | Last updated: February 23, 2019 at 6:14 pm

ദമ്മാം: ജിസിസി രാജ്യങ്ങളുടെ സംയുക്ത സേനയായ പെനിന്‍സുല ഷീല്‍ഡിന്റെ പത്താമത് സൈനിക അഭ്യാസപ്രകടനങ്ങള്‍ സഊദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ ശനിയാഴ്ച ആരംഭിക്കും. ഈ വര്‍ഷത്തെ സൈനികാഭ്യാസ പരിപാടികളില്‍ ഖത്വറും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബ്രിഗേഡിയര്‍ ജനറല്‍ ഖാമിസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ സഊദിയിലെ കിംഗ് അബ്ദുല്‍ അസീസ് ബേസിലെത്തിയ ഖത്വര്‍ സൈനികരെ ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ഇബ്‌റാഹിം അല്‍ സലീം സ്വീകരിച്ചു

ജി.സി.സി കൗണ്‍സിലിന്റെ സഹകരണത്തോടെ സഊദി പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടി, ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സൈനിക പരിശീലന സൈനിക അഭ്യാസമാണ്. സൈനികമേഖലയിലെ തന്ത്രപ്രധാന പദ്ധതികള്‍, ആശയങ്ങള്‍ എന്നിവയുടെ ഏകീകരണം, ജിസിസി രാജ്യങ്ങളില്‍ നിന്നും പങ്കെടുക്കുന്ന സേനകള്‍ക്കിടയിലെ യോജിപ്പ്, പരസ്പര ഏകോപനവും സഹകരണവും വര്‍ധിപ്പിക്കുക എന്നിവയാണ് മാര്‍ച്ച് 12 വരെ നില്‍ക്കുന്ന സൈനിക അഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. ജി.സി.സി രാജ്യങ്ങളിലെ കര നാവിക വ്യോമ സേനകളാണ് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്.