ജയ്ഷ്വ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക് സര്‍ക്കാര്‍

Posted on: February 22, 2019 10:10 pm | Last updated: February 23, 2019 at 9:38 am

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ആഗോള വ്യാപകമായ വിമര്‍ശനവും സമ്മര്‍ദവും ശക്തമായതിനിടെ ഭീകര ഗ്രൂപ്പായ ജയ്ഷ്വ മുഹമ്മദിന്റെ ആസ്ഥാനം സര്‍ക്കാറിന്റെ നിയന്ത്രണത്തിലാക്കിയെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍. പാക് പഞ്ചാബിലെ ബഹാവല്‍പൂരിലെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നാണ് സര്‍ക്കാര്‍ വെളിപ്പെടുത്തല്‍.

പുല്‍വാമയില്‍ 40 ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷ്വ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ജയ്ഷ്വ തലവന്‍ മസൂദ് അസറിന് പാക്കിസ്ഥാന്‍ സംരക്ഷണം നല്‍കുന്നതായി ഇന്ത്യ ആരോപിച്ചിരുന്നു.

70 അധ്യാപകരും 600 വിദ്യാര്‍ഥികളുമുള്ള കാമ്പസിന്റെ നിയന്ത്രണമാണ് ഏറ്റെടുത്തതെന്ന് പാക് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.