Connect with us

Ongoing News

പാക്കിസ്ഥാനെ വീണ്ടും തോല്‍പ്പിക്കാനുള്ള അവസരം പാഴാക്കരുത്; പോയിന്റ് വെറുതെ വിട്ടുകൊടുക്കരുത്: സച്ചിന്‍

Published

|

Last Updated

മുംബൈ: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന അഭിപ്രായത്തോട് വിയോജിപ്പു പ്രകടിപ്പിച്ച് ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പാക്കിസ്ഥാന് രണ്ടു പോയിന്റ് വെറുതെ ലഭിക്കുന്നതിനോട് താന്‍ അനുകൂലിക്കുന്നില്ലെന്നും ലോകകപ്പ് മത്സരങ്ങളില്‍ പാക്കിസ്ഥാനു മേല്‍ എക്കാലത്തും ആധിപത്യമുള്ള ടീമാണ് ഇന്ത്യയെന്നും സച്ചിന്‍ പറഞ്ഞു. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറരുതെന്ന് നേരത്തെ സുനില്‍ ഗാവസ്‌കറും ആവശ്യപ്പെട്ടിരുന്നു.

ലോകകപ്പില്‍ എല്ലാ മത്സരങ്ങളിലും പാക്കിസ്ഥാനെ തോല്‍പ്പിച്ചവരാണ് നമ്മള്‍. ഒരിക്കല്‍ കൂടി അവരെ തോല്‍പ്പിക്കാനുള്ള അവസരം ഒഴിവാക്കരുത്. മത്സരത്തില്‍ നിന്നു പിന്മാറി അവര്‍ക്കു രണ്ടു പോയിന്റ് വെറുതെ നല്‍കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല- സച്ചിന്‍ വ്യക്തമാക്കി. എന്തുതന്നെയായാലും രാജ്യം തന്നെയാണ് തനിക്കു പ്രധാനമെന്നും രാജ്യം തീരുമാനിക്കുന്നതിനെ പൂര്‍ണ ഹൃദയത്തോടെ പിന്തുണക്കുമെന്നും സച്ചിന്‍ പറഞ്ഞു.

ജൂണ്‍ 16ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോഡില്‍ നടക്കാനിരിക്കുന്ന പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് മുന്‍ താരങ്ങളായ സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.

Latest