പുല്‍വാമ: വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന

Posted on: February 22, 2019 7:10 pm | Last updated: February 22, 2019 at 8:19 pm

തെലങ്കാന: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഭീകരാക്രമണത്തെ അപലപിക്കുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചതിനു ശേഷമായിരുന്നു പ്രഖ്യാപനം.

പുല്‍വാമയിലെ ആക്രമണം ഇന്ത്യന്‍ ജനത ഒരിക്കലും മറക്കില്ലെന്ന് പ്രമേയത്തില്‍ പറഞ്ഞു. ജവാന്മാര്‍ക്കെതിരെ നടന്ന ആക്രമണം മാത്രമായി ഇതിനെ ചുരുക്കിക്കാണാനാകില്ല. സഹതാപം പ്രകടിപ്പിച്ചതു കൊണ്ടു മാത്രം കാര്യമായില്ല. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അവരുടെ ത്യാഗം രാജ്യം മുഴുവന്‍ ഓര്‍ക്കും. പ്രമേയത്തില്‍ വ്യക്തമാക്കി.

നിയമസഭയിലുണ്ടായിരുന്ന മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ സ്വാഗതം ചെയ്തു. വീരമൃത്യു വരിച്ച ജവാന്മാര്‍ക്കു വേണ്ടി രണ്ടു മിനുട്ട് മൗന പ്രാര്‍ഥനയും സഭയില്‍ നടന്നു. രാജ്യത്തിന് നേരെയുണ്ടായത് കിരാതമായ ആക്രമണമാണെന്നും രാജ്യം മുഴുവന്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് മല്ലു ബട്ടി വിക്രമാര്‍ക്ക് പറഞ്ഞു.