ജമ്മു കശ്മീരില്‍ ജോലി ചെയ്യുന്ന എല്ലാ അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കും സൗജന്യ വിമാന യാത്രക്ക് അനുമതി

Posted on: February 21, 2019 6:08 pm | Last updated: February 21, 2019 at 8:38 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ അര്‍ധ സൈനിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സേനാംഗങ്ങള്‍ക്കും സൗജന്യ വിമാന യാത്ര അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവായി. സൈനിക ക്യാമ്പുകളില്‍ നിന്ന് അവധിക്ക്‌ നാട്ടിലേക്കും മറ്റും മടങ്ങുമ്പോഴും തിരികെ വരുമ്പോഴും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. പുല്‍വാമ ഭീകരാക്രമണത്തെ പിന്തുടര്‍ന്നാണ് സൈനികര്‍ക്ക് സഹായകമാകുന്ന നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

സി ആര്‍ പി എഫ് അടക്കമുള്ള എല്ലാ അര്‍ധ സൈനിക വിഭാഗങ്ങളും ആനുകൂല്യത്തിന് അര്‍ഹരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. കോണ്‍സ്റ്റബിള്‍ മുതല്‍ വരുന്ന ഏഴു ലക്ഷത്തിലേറെ സൈനികര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഡല്‍ഹി-ശ്രീനഗര്‍, ശ്രീനഗര്‍-ഡല്‍ഹി, ജമ്മു-ശ്രീനഗര്‍, ജമ്മു-ഡല്‍ഹി റൂട്ടുകളിലാണ് അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് സൗജന്യ വിമാന യാത്രക്ക് അര്‍ഹതയുള്ളത്. ഈ റൂട്ടുകളില്‍ നേരത്തെ എയര്‍ കൊറിയര്‍ സര്‍വീസ് സൈനികര്‍ക്ക് സൗജന്യമായി അനുവദിച്ചിരുന്നു.