ജമ്മു കശ്മീരും മോദി സര്‍ക്കാറും

രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള ദേശീയ പാതയില്‍ 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ എത്തിക്കുന്നത് എങ്ങനെയാണ്? ഇത്രയധികം സ്‌ഫോടക വസ്തുക്കള്‍ കശ്മീരിലെ വിഘടന വാദികള്‍ക്ക് ഒറ്റക്ക് സമാഹരിക്കുക തന്നെ എളുപ്പമല്ല. ഒന്നുകില്‍ പാക്കിസ്ഥാന്‍, അല്ലെങ്കില്‍ ചൈന അതിനവരെ സഹായിക്കണം. സിവിലിയന്മാരുടെ വാഹനങ്ങള്‍ പരിശോധിക്കാതെ എങ്ങനെയാണ് രണ്ടായിരത്തി അഞ്ഞൂറോളും സി ആര്‍ പി എഫുകാരെ കൊണ്ടുപോകുന്ന വഴിയിലേക്ക് കടത്തിവിടുക?
Posted on: February 21, 2019 3:42 pm | Last updated: February 21, 2019 at 3:42 pm

മോദി സര്‍ക്കാറിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ വലിയ പരാജയങ്ങളിലൊന്ന് കാശ്മീര്‍ പ്രശ്‌നം വഷളായി എന്നുള്ളത് തന്നെയാണ്. ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയ അതേ വര്‍ഷം പി ഡി പിയോടൊപ്പം ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനായി എന്നതില്‍ കവിഞ്ഞ് മോദിക്കും കൂട്ടര്‍ക്കും ഒരു നേട്ടവും എടുത്തുപറയാനില്ല. പാര്‍ട്ടിയുടെ ഈ വീമ്പുപറച്ചില്‍ മാറ്റി വെച്ചാല്‍ രാജ്യത്തിന് ഗുണമുള്ള ഒന്നും ഉണ്ടായിട്ടില്ല എന്ന് സാരം. 2104ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തുതന്നെ മോദി കശ്മീര്‍ വിഷയം നല്ലൊരു രാഷ്ട്രീയ പദ്ധതിയായാണ് പരിഗണിച്ചിരുന്നത്.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനാവാതെ പോയത് യു പി എ സര്‍ക്കാറിന്റെ വലിയ പരാജയങ്ങളിലൊന്നായി എടുത്തു കാണിച്ച മോദി കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നെ അധികരിച്ച ഒരു സംവാദത്തിന് തയാറാകാന്‍ അന്നത്തെ കേന്ദ്ര സര്‍ക്കാറിനെ വെല്ലുവിളിക്കുക പോലുമുണ്ടായി. അയോധ്യയിലെ രാമക്ഷേത്രം പോലെ കശ്മീരിന്റെ പ്രത്യേക പദവിയും വര്‍ഗീയവത്കരിച്ച മോദിക്ക് കശ്മീരില്‍ നിന്ന് വോട്ട് പോലും വേണ്ടായിരുന്നു എന്നതാണ് സത്യം. കശ്മീര്‍ രാജ്യത്തിന് ഒരു ബാധ്യതയായത് പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന്റെ പിടിപ്പുകേടായിരുന്നുവെന്നാണ് മോദി പറഞ്ഞത്. പട്ടേലിനെ സംഘ്പരിവാര്‍ കൂട്ടില്‍ കയറ്റാനുള്ള വ്യഗ്രതയായിരുന്നു അത്. എന്നാല്‍ കശ്മീരിനെ ആകെ തകര്‍ത്ത പ്രളയത്തിന്റെ ദുരിതാശ്വാസ നിധിയായി കേന്ദ്ര സര്‍ക്കാര്‍ 80,000 കോടി രൂപ മോദി പ്രധാനമന്ത്രിയായി നടത്തിയ ആദ്യ കശ്മീര്‍ സന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ചു. ഒക്ടോബറിലെ ആ വാഗ്ദാനവും ജമ്മുവിലെ ഹിന്ദു ജനസംഖ്യയെ നോട്ടമിട്ട് നടത്തിയ വര്‍ഗീയധ്രുവീകരണവും കൂടിയായപ്പോള്‍ ഡിസംബറിലെ തിരഞ്ഞെടുപ്പില്‍ പി ഡി പിയെയും കൂട്ടി താഴ്‌വര ഭരിക്കാനുള്ള വകുപ്പും ബി ജെ പിയുണ്ടാക്കി.

എന്നാല്‍, സര്‍ക്കാറും കശ്മീരികളും തമ്മിലുള്ള അകലം എക്കാലത്തേക്കാളും കൂടിയതേയുള്ളൂ. കശ്മീരിനോട് ശത്രുതാപരമായ നിലപാട് വ്യക്തമാക്കിയ കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കൊപ്പം സംസ്ഥാനം ഭരിക്കാനിറങ്ങിയ മെഹ്ബൂബ മുഫ്തിയുടെ പി ഡി പിക്ക് കശ്മീരില്‍ എല്ലാ പിന്തുണയും നഷ്ടമാകുന്ന സ്ഥിതിയുണ്ടായി. മോദി സര്‍ക്കാറിന്റെ കശ്മീര്‍ നയം പട്ടാള ഭരണവും അടിച്ചമര്‍ത്തലും അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളും പെല്ലറ്റ് ആക്രമണങ്ങളും മനുഷ്യാവകാശ ലംഘനമാണെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യമുണ്ടായി.
കഴിഞ്ഞ നാല് വര്‍ഷത്തിനിടക്ക് മുവ്വായിരത്തി ഇരുന്നൂറില്‍ പരം തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടത്. വിഘടനവാദികളായി ചേരുന്നവരുടെ കണക്കിലും വന്‍ വര്‍ധനവാണ് മോദിക്കാലത്തെ കശ്മീരിലുള്ളത്. 2014ല്‍ 63ഉം, 2017ല്‍ 128ഉം, 2018ല്‍ 82ഉം ചെറുപ്പക്കാര്‍ ഇന്ത്യക്കെതിരില്‍ സായുധ പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുത്തു. ഇതോടെ പട്ടാളത്തിന് കൂടുതല്‍ ശക്തിപ്രയോഗിക്കേണ്ട സ്ഥിതിയുണ്ടായി. സായുധരായ വിഘടന വാദികള്‍ക്കെതിരില്‍ നടത്തിയ വിവിധ ഓപറേഷനുകളിലായി കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കൊല്ലപ്പെട്ടത് 225പേരാണ്.

എന്നാല്‍, ഇതേ ഓപറേഷനുകളുടെ ഇടയില്‍ നൂറില്‍പരം സിവിലിയന്മാര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്ന കണക്ക് സര്‍ക്കാറിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇങ്ങനെ കൊല്ലപ്പെട്ട സിവിലിയന്മാരെ കൂടി തീവ്രവാദികളായി കണക്കാക്കണമെന്ന് പറഞ്ഞ സേന മേധാവി ബിബിന്‍ റാവത്തിന്റെ പ്രസ്താവന രാജ്യാന്തര സമൂഹത്തില്‍ ഇന്ത്യയെ പ്രധിരോധത്തിലാക്കി. കശ്മീര്‍ ജനതയുടെ വൈകാരികത ഉള്‍ക്കൊള്ളാന്‍ മുന്‍ സര്‍ക്കാറുകള്‍ നടത്തിയ തരത്തിലുള്ള ഒരു ശ്രമവും മോദി സര്‍ക്കാര്‍ കാണിക്കാനുദ്ദേശിച്ചിട്ടില്ലായെന്ന് ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള ശ്രമങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഈ വിഷയത്തിലും ഇന്ത്യ ഇസ്‌റാഈലില്‍ നിന്ന് പാഠം പഠിക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രം കാണിച്ചുതരുന്നുണ്ട്. 2016ല്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയുടെ ജനാസയില്‍ പങ്കെടുത്ത ആയിരങ്ങളുടെ ‘ആസാദി’ വിളികളെ അത്യധികം അസഹിഷ്ണുതയോടെ തന്നെ നേരിടാനായിരുന്നു പട്ടാളത്തിന് നല്‍കിയ നിര്‍ദേശം. തുടര്‍ന്ന്, ആഴ്ചകളോളം ഇന്റര്‍നെറ്റ് ഇല്ലാതാക്കിയും കടുത്ത കര്‍ഫ്യൂ നടപ്പാക്കിയും ജയില്‍ സമാനം കശ്മീരിനെ ഞെരിക്കുകയാണുണ്ടായത്.

സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തിയത് പരസ്യമാക്കി അതൊരു രാഷ്ട്രീയ നേട്ടമാക്കാമെന്നാണ് മോദി സര്‍ക്കാര്‍ കരുതുന്നത്. നോട്ട് നിരോധനമെന്ന മഹാവിഡ്ഢിത്തം മറച്ചുവെക്കാന്‍ മോദി കാണിച്ച അതിബുദ്ധിയാണ് ഉറിയിലെ സര്‍ജിക്കല്‍ സ്‌െ്രെടക്കെന്ന് വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. അങ്ങനെയൊരു വിമര്‍ശനത്തിലേക്കാണ് പുല്‍വാമയിലെ ഭീകരാക്രമണവും വരുന്നത്. കടുത്ത സുരക്ഷാ പാളിച്ചയാണ് 45 ജവാന്മാരുടെ ജീവന്‍ കവര്‍ന്നതെന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാറിന് കഴിയില്ല. കാരണം, ഗവര്‍ണറാണ് ഈ കാര്യം ആദ്യം സൂചിപ്പിച്ചത്.
രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള ദേശീയ പാതയില്‍ 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ എത്തിക്കുന്നത് എങ്ങനെയാണ്? ഇത്രയുമധികം സ്‌ഫോടക വസ്തുക്കള്‍ കശ്മീരിലെ വിഘടന വാദികള്‍ക്ക് ഒറ്റക്ക് സമാഹരിക്കുക തന്നെ എളുപ്പമല്ല. ഒന്നുകില്‍ പാക്കിസ്ഥാന്‍, അല്ലെങ്കില്‍ ചൈന അതിനവരെ സഹായിക്കണം. അങ്ങനെയെങ്കില്‍ അത്രമേല്‍ ദുര്‍ബലമാണോ നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍? അങ്ങനെയൊരു ശ്രമത്തിന് തീവ്രവാദികള്‍ക്ക് മാസങ്ങളുടെ തയ്യാറെടുപ്പ് വേണ്ടി വരും. അങ്ങനെയെങ്കില്‍ ഈ അടുത്താണ് പ്രധാനമന്ത്രി തന്റെ കശ്മീര്‍ സന്ദര്‍ശനങ്ങള്‍ നടത്തിയത്. ഇന്ത്യയുടെ പ്രധാനമന്ത്രി അവിടം സന്ദര്‍ശിക്കുമ്പോളും തീവ്രവാദ കേന്ദ്രങ്ങളില്‍ ഇത്രയും ഭീകരമായ ഒരു പ്ലാന്‍ സുഗമമായി നടക്കുകയായിരുന്നു എന്ന് കരുതേണ്ടി വരും. ഇതൊന്നുമല്ലെങ്കില്‍ ഇന്ത്യയുടെ സൈനിക വൃത്തങ്ങള്‍ക്കകത്ത് തന്നെ വലിയ വീഴ്ച സംഭവിച്ചെന്നാകും. അത് ഈ രാഷ്ട്രത്തിന് താങ്ങാനാകില്ല.

സിവിലിയന്മാരുടെ വാഹനങ്ങള്‍ പരിശോധിക്കാതെ എങ്ങനെയാണ് രണ്ടായിരത്തി അഞ്ഞൂറോളും സി ആര്‍ പി എഫുകാരെ കൊണ്ടുപോകുന്ന വഴിയിലേക്ക് കടത്തിവിടുക? ഒരു ചെറുപ്പക്കാരനായ ചാവേര്‍ ഇത്രയും വലിയ സുരക്ഷാ വലയം ഭേദിക്കുന്നത് നിസ്സാര കാര്യമല്ലല്ലോ. ദുഷ്‌കരമായ കാലാവസ്ഥ സുരക്ഷാകാര്യങ്ങള്‍ക്ക് തടസ്സമായെന്നു പറഞ്ഞാല്‍ ആ തടസ്സം അക്രമികള്‍ക്കും ഉണ്ടായിട്ടുണ്ടാകണമല്ലോ. അല്ലെങ്കില്‍ എന്തിനാണ് ഇത്രയും അധികം സി ആര്‍ പി എഫുകാരെ ഇങ്ങനെ ഇത്രയും ‘ദുഷ്‌കരമായ’ കാലാവസ്ഥക്കിടയിലും നീക്കിയത്?
മുംബൈ ഭീകരാക്രമണത്തിന്റെ വേളയില്‍ അന്നത്തെ സര്‍ക്കാര്‍ കാണിച്ച മര്യാദകളൊക്കെ ഈ സര്‍ക്കാറും കാണിക്കുമെങ്കില്‍ ജവാന്മാരുടെ ശവമഞ്ചം ചുമന്നതൊന്നും മതിയാകില്ല; ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രാജിവെക്കേണ്ടി വരും. കശ്മീരും ഇപ്പോള്‍ കേന്ദ്രത്തിനു കീഴിലായതിനാല്‍ അങ്ങനെ ഒരാളുടെ രാജിയിലും നില്‍ക്കില്ല. യു പി എ കാലത്തെ ചെറിയ വെടിയൊച്ചകള്‍ പോലും വലിയ രാഷ്ട്രീയ ചര്‍ച്ചയാക്കിയ ബി ജെ പിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാണിച്ച മര്യാദ, രക്തസാക്ഷികളായ ജവാന്മാരുടെ അന്ത്യകര്‍മങ്ങള്‍ അവസാനിക്കുന്നതോടെ പിന്‍വലിച്ച്, സുരക്ഷാ വീഴ്ചയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മോദി സര്‍ക്കാറിനെ വിമര്‍ശിക്കുകയാണ് വേണ്ടത്. തന്റെ പ്രഥമ വാര്‍ത്താ സമ്മേളനം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടെന്നു വെക്കുകയാണ് കൊണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ചെയ്തതെങ്കില്‍ ബി ജെ പി അധ്യക്ഷന്‍ അമിത്ഷാ കര്‍ണാടകയില്‍ രാമക്ഷേത്രത്തെ പറ്റി ഘോര ഘോരം പ്രസംഗിക്കുകയായിരുന്നു. ബി ജെ പിയുടെ തന്നെ ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി പ്രയാര്‍ഗഞ്ചില്‍ ഭോജ്പുരി ഗാനമേളയില്‍ ചുവടുവെക്കുകയായിരുന്നു. മോദി തന്റെ പൊതുപരിപാടിയില്‍ പതിവുപോലെ ക്യാമറകള്‍ക്ക് കൈയും ചിരിയും കൊടുക്കുകയായിരുന്നു. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സെല്‍ഫി കൂടി ചേര്‍ക്കുമ്പോള്‍ എല്ലാം പാകത്തിനാകും.

പൗരത്വ ബില്‍ ഭേദഗതിയില്‍ വര്‍ഗീയത കലര്‍ത്തി രാജ്യത്താകമാനം ധ്രുവീകരണം നടത്താന്‍ പുതിയൊരു പദ്ധതി കണ്ട ബി ജെ പിയുടെ കണക്കുക്കൂട്ടലുകളൊക്കെ പാളിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ കശ്മീരികളെ അപരവത്കരിച്ച് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇരയാകാനാണ് ഇപ്പോള്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നത്. കശ്മീരിലെ ജനങ്ങളെയല്ല, കശ്മീരിന്റെ ഭൂമി മാത്രമേ സംഘ്പരിവാറിന് വേണ്ടൂ. ബി ജെ പി സര്‍ക്കാറിനെതിരെ നടത്തിയ ചെറുത്തുനില്‍പ്പിന്റെ പ്രതികാരമാണ് കശ്മീരിന് പുറത്തുള്ള കാശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരെയും കച്ചവടക്കാര്‍ക്കെതിരെയും ഇപ്പോള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ ബജറ്റിലും പ്രതിരോധ ചെലവ് കൂടുന്നത് കാണുമ്പോഴും നമ്മുടെ ജവാന്മാര്‍ക്ക് ജീവിതസാഹചര്യം മെച്ചപ്പെടുന്നത് മാത്രം കാണുന്നില്ല. ഇപ്പോള്‍ സൈന്യത്തിന്റെ കൈവശമുള്ള ആയുധങ്ങളില്‍ 68 ശതമാനം വിന്റേജ് കാറ്റഗറിയിലുള്ളതാണെന്ന് മേജര്‍ ജനറല്‍ ബി സി കാന്ദൂരി പറഞ്ഞത് യുദ്ധത്തിന് അലറുന്ന സൈബര്‍ രാജ്യസ്‌നേഹികള്‍ ഓര്‍മയില്‍ വെക്കുന്നത് നല്ലതാണ്.

എന്‍ എസ് അബ്ദുല്‍ ഹമീദ്