Connect with us

National

പുല്‍വാമ ആക്രമണവാര്‍ത്ത അറിഞ്ഞിട്ടും മോദി പരസ്യ ചിത്രീകരണത്തില്‍; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ഭീകരാക്രണത്തെക്കുറിച്ച് അറിഞ്ഞിട്ടും മോദി ജിം കോര്‍ബെറ്റ് പാര്‍ക്കില്‍ തിരഞ്ഞെടുപ്പ് പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. മൂന്നരയോടെയാണ് പുല്‍വാമയില്‍ ഭീകരാക്രണമുണ്ടായത്. ഇതറിഞ്ഞിട്ടും നാല് മണിക്കൂര്‍ മോദി ചിത്രീകരണം തുടര്‍ന്നു. ഇതിന് ശേഷം ഗസ്റ്റ് ഹൗസിലെത്തി ചായകുടിച്ച് ഭക്ഷണം കഴിച്ച ശേഷമാണ് മോദി അവിടെ നിന്ന് പുറപ്പെട്ടത്. നാല്‍പ്പത് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍ പോലും തന്റെ പ്രചാരണത്തിലായിരുന്നു മോദിയുടെ ശ്രദ്ധ. ജവാന്മാരുടെ ജീവത്യാഗം കൊണ്ട് പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. അധികാര ദാഹത്താല്‍ മോദി മനുഷ്യത്വം മറന്നു. മോദിയുടെ ദേശീയവാദം കപടമാണ്. പുല്‍വാമ വിഷയത്തില്‍ മോദി രാഷ്ട്രീയം കളിക്കുകയാണെന്നും ഇതുപോലൊരു പ്രധാനമന്ത്രി ലോകത്ത് എവിടെയൈങ്കിലുമുണ്ടോയെന്നും സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. മോദി പരസ്യചിത്രീകരണത്തില്‍ ഏര്‍പ്പെട്ടതിന്റെ ചിത്രവും സുര്‍ജേവാല പുറത്തുവിട്ടു.

ജവാന്മാരുടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ച ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പ്രധാനമന്ത്രി കാണാനെത്തിയത്. മന്ത്രിമാര്‍ സെല്‍ഫിയെടുത്ത് ജവാന്മാരെ അപമാനിച്ചു. ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അവഗണിച്ചത് ആരാണെന്നും വന്‍തോതില്‍ ആര്‍ഡിഎക്‌സും റോക്കറ്റ് ലോഞ്ചറും തീവ്രവാദികള്‍ എങ്ങനെയാണ് കരസ്ഥമാക്കിയതെന്നും അദ്ദേഹം ചോദിച്ചു.