National
850 ഇന്ത്യന്‍ തടവുകാരെ സഊദി മോചിപ്പിക്കും

ന്യൂഡല്‍ഹി: സഊദിയിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് സഊദി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2084 ഇന്ത്യക്കാര്‍ സഊദി ജയിലിലുണ്ടെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് ക്വാട്ട 1.75 ലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്താനുള്ള തീരുമാനവും സഊദി പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനനുസരിച്ചാണ് ഈ വര്‍ഷം തന്നെ ക്വാട്ട ഉയര്‍ത്തുന്ന കാര്യം തീരുമാനിക്കുക.
ഇതിന് പുറമെ വിവിധ രംഗങ്ങളില്‍ അഞ്ച് ധാരണാപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പ് വെച്ചിട്ടുണ്ട്. ഇന്ത്യക്കും സഊദിക്കുമിടയില്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഇതില്‍ ധാരണയായിട്ടുണ്ട്. പ്രവാസികള്‍ക്കും മറ്റും ഇത് ഏറെ ഗുണകരമാകും.