ആയിരം ദിവസം മുമ്പ് ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചു; ഞങ്ങള്‍ അവര്‍ക്കൊപ്പം നിന്നു: മുഖ്യമന്ത്രി

Posted on: February 20, 2019 9:28 pm | Last updated: February 20, 2019 at 11:08 pm

കോഴിക്കോട്: പ്രകടനപത്രികയിലുള്ളതെല്ലാം നടപ്പാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ തന്നെ പറഞ്ഞു വരുന്ന സമയമാണിതെന്നും എന്നാല്‍ പറഞ്ഞതെല്ലാം നടപ്പാക്കുന്ന പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം നല്ല ദിവസങ്ങള്‍ പരിപാടി കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആയിരം ദിവസം മുമ്പ് നാട് മാറ്റം ആഗ്രഹിച്ചപ്പോള്‍ ഞങ്ങള്‍ ഇതിനൊപ്പം നിന്നു. അഴിമതി കൊണ്ടും വികസന മുരടിപ്പ് കൊണ്ടും ആയിരം ദിവസം മുമ്പ് നാട് കുട്ടിച്ചോറായിരുന്നുവെന്നും അതിനിപ്പോള്‍ മാറ്റമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ വികസനമാണ് സര്‍ക്കാറിന്റെ ലക്ഷ്യം . അത് ആയിരം ദിവസത്തിനുള്ളില്‍ ഏറെക്കുറെ നടപ്പായിട്ടുണ്ട്. പലതും അതിന്റെ പ്രവര്‍ത്തനങ്ങളിലാണ്.

വികസന പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ ഉടക്കിന് ശ്രമിക്കുന്നുണ്ട്. ആ കളി വേണ്ടന്നാണ് ഇത്തരക്കാരോട് പറയാനുള്ളത്. പ്രളയത്തിന് ശേഷം ഇവിടെ പലതും ചെയ്തുതീര്‍ക്കേണ്ടതുണ്ട്. യുഎഇ പോലുള്ള രാജ്യങ്ങളുടെ സഹായം ഏറെ ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ പിടിപ്പുകേട്ആ സഹായം തട്ടിക്കളയുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.