സസ്‌പെന്‍ഷന്‍ റദ്ദാക്കിയ ഉത്തരവുമായി എത്തിയിട്ടും ജോലിയില്‍ പ്രവേശിപ്പിച്ചില്ല; പ്രതിഷേധവുമായി രജിസ്ട്രാര്‍

Posted on: February 20, 2019 7:23 pm | Last updated: February 20, 2019 at 7:23 pm

തലശ്ശേരി: സസ്‌പെന്‍ഷന്‍ റദ്ദാക്കിയ ഉത്തരവുമായി എത്തിയിട്ടും ജോലിയില്‍ പുനപ്രവേശിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് രജിസ്ട്രാര്‍ സര്‍വകലാശാല ഓഫീസിനു മുമ്പില്‍ കുത്തിയിരുന്നു. രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രനാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവും സര്‍വീസില്‍ പുനപ്രവേശിപ്പിക്കാനുള്ള അപേക്ഷയും കൊണ്ടുവന്നിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനെതിരെ തലശ്ശേരി കീഴോത്തെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസവും രേഖകളുമായി ബാലചന്ദ്രന്‍ വന്നിരുന്നുവെങ്കിലും വി സിയോ പി വി സിയോ ഓഫീസില്‍ ഇല്ലാതിരുന്നതിനാല്‍ മടങ്ങിപ്പോവുകയായിരുന്നു. ഇന്നും അതേ അവസ്ഥയുണ്ടായതിനെ തുടര്‍ന്നാണ് കുത്തിയിരിപ്പ് നടത്തിയത്.

ജനുവരി 15ന് സര്‍വകലാശാല വൈസ് ചാന്‍സലറുടെ ഓഫീസിനു മുന്നില്‍ ഒരു വിഭാഗം ജീവനക്കാര്‍ ധര്‍ണ നടത്തിയിരുന്നു. അതില്‍ പങ്കെടുത്തവരുടെ പേരുവിവരങ്ങള്‍ വി സി ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ താമസിച്ചതിനാണ് സിന്‍ഡിക്കേറ്റ് നിര്‍ദേശ പ്രകാരം രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് ബാലചന്ദ്രന്‍ അനുകൂല ഉത്തരവ് നേടുകയായിരുന്നു.