ഒന്നും നടക്കാത്ത ദിവസങ്ങള്‍

പ്രതിപക്ഷ നേതാവ്‌
Posted on: February 20, 2019 3:27 pm | Last updated: February 20, 2019 at 3:27 pm

കാസര്‍കോട്ട് സി പി എമ്മുകാര്‍ വെട്ടിക്കൊന്ന രണ്ടു യുവാക്കളുടെ രക്തത്തിന് മുന്നിലിരുന്നാണ് സര്‍ക്കാറിന്റെ ആയിരം ദിവസത്തെ വിലയിരുത്തുന്ന ഈ കുറിപ്പ് ഞാന്‍ എഴുതുന്നത്. കൗമാരം വിട്ടു മാറാത്ത കൃപേഷ്, ശരത്‌ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇത്രയും ബീഭത്സമായി വെട്ടി നുറുക്കിക്കൊല്ലാന്‍ മാത്രം എന്തു തെറ്റാണ് അവര്‍ ചെയ്തത്? കോളജിലുണ്ടായ ചില്ലറ കശപിശയുടെ പേരില്‍ ജീവനെടുക്കണോ? കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകളില്‍ ഞാന്‍ പോയിരുന്നു. നിത്യവൃത്തിക്ക് വകയില്ലാത്ത വീടുകളിലെ ആശ്രയവും പ്രതീക്ഷയുമായിരുന്നു ഈ യുവാക്കള്‍. ഓലകൊണ്ടുള്ള ചെറ്റക്കുടിലാണ് കൃപേഷിന്റേത്. ഈ യുവാക്കളുടെ ചേതനയറ്റ ശരീരം ആ വീടുകളിലെത്തിയപ്പോഴത്തെ ദയനീയ രംഗങ്ങള്‍ ഹൃദയമുള്ള ആര്‍ക്കും കണ്ടു നില്‍ക്കാന്‍ കഴിയില്ലായിരുന്നു. കൃത്യം ഒരു വര്‍ഷം മുമ്പാണ് മട്ടന്നൂരില്‍ ശുഹൈബ് എന്ന യൂത്ത് കോണ്‍ഗ്രസിന്റെ മറ്റൊരു ചെറുപ്പക്കാരനെ സി പി എമ്മുകാര്‍ ഇതേ പോലെ കൊന്നത്. അതും ഇത് പോലെ ഒരു നിസ്സാര കാര്യത്തിന്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കഴിഞ്ഞ ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ 29 രാഷ്ട്രീയ കൊലപാതകങ്ങളാണുണ്ടായത്. എല്ലാത്തിലും ഒരറ്റത്ത് സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന സി പി എമ്മാണ്. സര്‍ക്കാര്‍ ആയിരം ദിവസം ആഘോഷിക്കുമ്പോള്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന സി പി എമ്മിന്റെ കൈകളില്‍ ചോര മണക്കുന്നു.

2016 ഒക്ടോബര്‍ 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ചു കൊണ്ട് നിയമസഭയില്‍ നടത്തിയ ഒരു പ്രഭാഷണമുണ്ട്. കേട്ടാല്‍ രോമാഞ്ചമുണ്ടാകും. ‘ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ കഴിയും. പക്ഷേ തിരുത്താനാവില്ല…’ എന്നു തുടങ്ങുന്ന ആ പ്രസംഗം ഹിംസക്ക് പകരം മനുഷ്യ സ്‌നേഹത്തിന്റെ മാഹാത്മ്യം ഉദ്‌ഘോഷിക്കുന്നതായിരുന്നു. പക്ഷേ, കള്ളത്തരമായിരുന്നു അത്. പിണറായിയുടെ ആ പ്രസംഗത്തിന് ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ സംസ്ഥാനത്ത് എത്ര പേരെ വെട്ടിക്കൊന്നു? അദ്ദേഹത്തിന്റെ സര്‍ക്കാറും പാര്‍ട്ടിക്കാരും കൊലയാളികള്‍ക്ക് എന്തുമാത്രം പ്രോത്സാഹനം നല്‍കി? കൊലയാളികള്‍ക്ക് വീരപരിവേഷം നല്‍കി. അവര്‍ക്ക് ജയിലറകളില്‍ എല്ലാ സുഖസൗകര്യങ്ങളും ഒരുക്കി. അവര്‍ക്ക് ചട്ടങ്ങളെല്ലാം ലംഘിച്ച് നിരന്തരം പരോള്‍ നല്‍കി. നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പ്രഭവ കേന്ദ്രം സി പി എമ്മായി മാറിയിരിക്കുന്നു.

ഈ കൊലപാതക പരമ്പര ഒഴിച്ചാല്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന് എടുത്തു കാണിക്കാന്‍ എന്തു നേട്ടമാണുള്ളത്? ഏതെങ്കിലും ഒരു പദ്ധതി ആവഷ്‌കരിച്ച് പൂര്‍ത്തിയാക്കിയതായി സര്‍ക്കാറിന് അവകാശപ്പടാനുണ്ടോ? നാല് ബജറ്റുകള്‍ ഈ സര്‍ക്കാര്‍ അവതരിപ്പിച്ചു. ആയിരക്കണക്കിന് കോടിയുടെ നൂറുകണക്കിന് പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഒന്നും നടപ്പില്‍ വന്നില്ല. നടക്കാത്ത പദ്ധതികള്‍ പ്രഖ്യാപിക്കുന്ന ഏര്‍പ്പാടാക്കി ബജറ്റ് പ്രസംഗത്തെ മാറ്റി.

ഈ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, കൊല്ലം ബൈപ്പാസ് തുടങ്ങിയവ യു ഡി എഫ് സമയത്ത് പൂര്‍ത്തിയാക്കിയ പദ്ധതികളാണ്. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ചെറുതും വലുതുമായി സര്‍വതല സ്പര്‍ശികളായ വികസന പദ്ധതികളുടെ പണി അതിവേഗം കുതിച്ചു പായുകയായിരുന്നു. അതെല്ലാം നിന്നു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ കഥ മാത്രം എടുക്കുക. യു ഡി എഫ് ആയിരുന്നു അധികാരത്തിലെങ്കില്‍ ഇപ്പോള്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ ഓടിത്തുടങ്ങുമായിരുന്നു. കേരളത്തിന്റെ വലിയ സ്വപ്‌നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അവസ്ഥയും മോശമാണ്.

രണ്ട് മഹാ ദുരന്തങ്ങളാണ് ഈ സര്‍ക്കാര്‍ വരുത്തി വെച്ചത്. 2017 നവംബര്‍ 30ന് കേരള തീരത്തെ തകര്‍ത്തെറിഞ്ഞ ഓഖി ചുഴലിക്കാറ്റും, 2018 ആഗസ്റ്റ് 15, 16, 17 തീയതികളില്‍ കേരളത്തിന്റെ അടിത്തറ ഇളക്കിയ മഹാപ്രളയവും. ദുരന്തത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ അവഗണിച്ചതും ബുദ്ധിശൂന്യമായി പെരുമാറിയതും ദുരന്തങ്ങള്‍ക്ക് കാരണമായി. ഈ ദുരന്തങ്ങള്‍ വരുത്തി വെച്ചു എന്നത് പോലെ തന്നെ അവയില്‍ നിന്ന് സംസ്ഥാനത്തെ കൈപിടിച്ച് കരയറ്റുന്നതിലും ദയനീയമായ വീഴ്ചയാണ് സംസ്ഥാന സര്‍ക്കാറിന് സംഭവിച്ചത്. രണ്ട് ദുരന്തത്തിലും വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുന്നതിന് ഒരു പിശുക്കുമുണ്ടായില്ല. പക്ഷേ അവ യാഥാര്‍ഥ്യമായില്ലെന്ന് മാത്രം. ഓഖി കടന്ന് പോയിട്ട് ഒരു വര്‍ഷവും മൂന്ന് മാസവുമാകുന്നു. വാഗ്ദാനങ്ങള്‍ പാലിക്കപ്പടാത്തതിനാല്‍ ഇക്കഴിഞ്ഞ ജനുവരി 26ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ഓഖി ഇരകള്‍ക്ക് വിധവാ മതില്‍ പോലും തീര്‍ക്കേണ്ടി വന്നു. ദുരിതാശ്വാസത്തിന് കേന്ദ്രം നല്‍കിയ ഫണ്ട് ചെലവാക്കാത്തതിനാല്‍ 143 കോടി രൂപ അവര്‍ തിരിച്ചെടുക്കുന്ന ദുര്‍ഗതി പോലും ഉണ്ടായി. ഇതാണ് സര്‍ക്കാരിന്റെ കാര്യക്ഷമത.

മഹാപ്രളയം ഉണ്ടായിട്ട് ആറ് മാസം കഴിഞ്ഞു. കേരളത്തെ പഴയ അവസ്ഥയിലേക്ക് മടക്കി കൊണ്ടു വരുമെന്നല്ല, പുതിയ ഒരു കേരളം സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പക്ഷേ പുനഃസൃഷ്ടിയുടെ രൂപ രേഖ പോലും തയ്യാറാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടവര്‍ക്ക് പോയത് പോയി, സര്‍ക്കാറില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കണ്ട എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വെള്ളത്തില്‍ മുങ്ങിയ വീടുകള്‍ വൃത്തിയാക്കാന്‍ 10,000 രൂപ കൈയോടെ കൊടുക്കുമെന്ന് പറഞ്ഞത് പോലും എല്ലാവര്‍ക്കും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ശബരിമല യുവതീ പ്രവേശന പ്രശ്‌നം ഈ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി അമ്പരപ്പിക്കുന്നതാണ്. സമചിത്തതയോടെയും വിവേകത്തോടെയും അത് കൈകാര്യം ചെയ്യുന്നതിന് പകരം വാശിയോടെ എടുത്തു ചാട്ടം നടത്തി നാട്ടില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. യുവതികളെ വേഷപ്രഛന്നരാക്കി വളഞ്ഞ വഴികളിലൂടെ സന്നിധാനത്ത് പ്രവേശിപ്പിച്ചത് വിശ്വാസികളുടെ മനസ്സില്‍ ആഴത്തിലുള്ള മുറിവാണ് സൃഷ്ടിച്ചത്. സംഘ്പരിവാര്‍ ശക്തികള്‍ മുതലെടുപ്പും നടത്തി.
സര്‍്ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകര്‍ച്ചയിലാണ്. ട്രഷറികളില്‍ കടുത്ത നിയന്ത്രണം നിലനില്‍ക്കുന്നു. ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ മാറുന്നില്ല. കരാറുകരാര്‍ക്ക് 1200 കോടി രൂപ കുടിശികയാണിപ്പോള്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുന്നു. പൊതു കടം കുതിച്ചുയരുന്നു. യു.ഡി.എഫ് അധികാരത്തിലുരുന്നപ്പോള്‍ പൊതുകടം ഒരു ലക്ഷം കോടിയായിരുന്നത് ആയിരം ദിവസം കൊണ്ട് ഈ സര്‍ക്കാര്‍ ഒന്നര ലക്ഷം കോടിയാക്കി.

കേരളത്തെ സംബന്ധിച്ച് യഥാര്‍ത്ഥ പ്രതിസന്ധി വരാന്‍ കിടക്കുന്നതേയുള്ളൂ. കിഫ്ബി എന്ന ആകാശ കുസുമത്തിന്മേലാണ് ഈ സര്‍ക്കാര്‍ വികസന സ്വപ്‌നങ്ങളെല്ലാം പടുത്തുയര്‍ത്തുന്നത്. 42000 കോടിയുടെ പദ്ധതികളാണ് കിഫ്ബി വഴി ഇതിനകം അനുവദിച്ചിട്ടുള്ളത്. പക്ഷേ കിഫ്ബിയിലുള്ളത് വെറും 6000 കോടി മാത്രവും. ബാക്കി തുക എവിടെ നിന്ന് സമാഹരിക്കുമെന്ന കാര്യത്തില്‍ ഒരു രൂപവുമില്ല. വലിയ കടക്കെണിയാലാവാന്‍ പോകുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ കൊണ്ടു വന്ന മിഷനുകളെല്ലാം കടലാസ് പദ്ധതികളായി മാറി. ഒരൊറ്റ പുതിയ വീടു പോലും നിര്‍മിച്ചു നല്‍കാന്‍ കൊട്ടിഘോഷിച്ച് കൊണ്ടു വന്ന ലൈഫ് മിഷനില്‍ കഴിഞ്ഞില്ല. പാവപ്പെട്ടവര്‍ക്ക് താങ്ങായിരുന്ന കാരുണ്യ പദ്ധതി കുഴിച്ചു മൂടിയതാണ് ഈ സര്‍ക്കാര്‍ ചെയ്ത വലിയ ദ്രോഹം.

അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്താണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. പക്ഷേ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ് സര്‍ക്കാര്‍. പരമരഹസ്യമായി ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം കൈയോടെ പിടിക്കപ്പെട്ടതു കൊണ്ട് മാത്രം പൊളിഞ്ഞു പോയി. ബന്ധു നിയമനം വിവാദം വെറെയും. ക്രമസമാധാന നില മുമ്പില്ലാത്ത വിധം തകര്‍ന്നു. പോലീസ് കസ്റ്റഡിയില്‍ മരിച്ചവര്‍ മാത്രം 12 പേരാണ്. മകന്റെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട ജിഷ്ണു പ്രണോയിയുടെ അമ്മയെ റോഡിലൂടെ വലിച്ചിഴച്ചു. ആളുമാറി പിടികൂടിയ വരാപ്പുഴയിലെ ശ്രീജിത്തിനെ ചവിട്ടിക്കൊന്നു. മുടി നീട്ടി വളര്‍ത്തിയതിന് വിനായകന്‍ എന്ന ചെറുപ്പക്കാരനെ തല്ലിച്ചതച്ചു. അയാള്‍ ആത്മഹത്യയില്‍ അഭയം തേടി. നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന്‍െ മുന്നിലേക്ക് പിടിച്ച് തള്ളി കൊന്നു.
ഭരണ രംഗം പൂര്‍ണമായി സ്തംഭിച്ചിരിക്കുന്നു. എല്ലാ രംഗത്തും പരാജയപ്പെട്ട സര്‍ക്കാറാണിത്. ഒരു നേട്ടവും എടുത്തു കാണിക്കാനില്ല. ഈ സര്‍ക്കാര്‍ ഭാരമായി മാറിയിരിക്കുന്നു.

പ്രതിപക്ഷ നേതാവ്‌