Connect with us

Articles

മുന്നേറിയ ആയിരം ദിനങ്ങള്‍

Published

|

Last Updated

2016 മെയ് 25ന് അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അന്ന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച സമയത്ത് പ്രകടന പത്രികയിലൂടെ കേരളീയര്‍ക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് നടപ്പാക്കേണ്ട അവയില്‍ മിക്കവാറും രണ്ടേമുക്കാല്‍ വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ സാധിച്ചു എന്നതാണ് ഈ ഘട്ടത്തില്‍ ഏറ്റവും സന്തോഷം പകരുന്ന വസ്തുത. വാഗ്ദാനങ്ങള്‍ നിറവേറ്റിയ സര്‍ക്കാര്‍ നവകേരള നിര്‍മാണഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് മൂന്നാം വാര്‍ഷികമെത്തുന്നത്.

സര്‍വതലസ്പര്‍ശിയും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായ സമഗ്ര വികസനം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഹ്രസ്വകാലാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമരുളുന്നതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് അടിത്തറയൊരുക്കുന്നതുമായ ദ്വിമുഖ തന്ത്രമാണ് സര്‍ക്കാര്‍ അവലംബിച്ചത്.
പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ എത്രത്തോളം നടപ്പിലാക്കി എന്നത് പരിശോധിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ജനങ്ങള്‍ക്കു മുമ്പാകെ സര്‍ക്കാര്‍ അവതരിപ്പിച്ചു. മൂന്നാം വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കും. ജനങ്ങളോട് ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ എന്ന നിലയിലാണ് ഇത് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ലെന്ന് രാജ്യം ഭരിക്കുന്നവര്‍ തന്നെ കരുതുന്ന പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാര്‍ ഇത്തരത്തില്‍ വ്യത്യസ്തവും മാതൃകാപരവുമായ മുന്‍കൈ എടുക്കുന്നത് എന്നത് ഓര്‍ക്കണം.

ഐക്യ കേരളം രൂപവത്കരിക്കപ്പെട്ടതിന്റെ അറുപതാം വാര്‍ഷികത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. സ്വാഭാവികമായും ഞങ്ങളെ നയിക്കുന്നത് ആദ്യ കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാടുകളാണ്. ഭൂപരിഷ്‌കരണത്തിലൂടെയും കുടികിടപ്പവകാശം നല്‍കിയതിലൂടെയും വിദ്യാഭ്യാസ നിയമം നടപ്പിലാക്കിയതിലൂടെയും കേരളസമൂഹത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു ഇ എം എസ് മന്ത്രിസഭ. അതോടൊപ്പം ആരോഗ്യമേഖലയിലെ സാര്‍വത്രിക ഇടപെടലുകള്‍ കൂടിയായപ്പോള്‍ കേരളം രാജ്യത്തിനു തന്നെ മാതൃകയായും ലോകമാകെ ശ്രദ്ധിക്കുന്ന ഒരു നാടായും വളര്‍ന്നു. മൂന്നാം സഹസ്രാബ്ദത്തിന് അനുയോജ്യമായ വിധത്തില്‍ അതിന്റെയൊക്കെ തുടര്‍ച്ച സാധ്യമാക്കുക എന്നതാണ് ഈ സര്‍ക്കാറിന്റെ ദൗത്യം. സാമൂഹിക മേഖലകളിലെ നമ്മുടെ നേട്ടങ്ങള്‍ ശക്തിപ്പെടുത്തികൊണ്ടു തന്നെ അടിസ്ഥാനസൗകര്യ മേഖലയിലും പുത്തന്‍ വളര്‍ച്ചാ മേഖലകളിലും കുതിച്ചു ചാട്ടം നടത്താനാണ് നാം ലക്ഷ്യമിട്ടത്. കഴിഞ്ഞ ആയിരം ദിവസം കൊണ്ട് അത് സാധ്യമാക്കാന്‍ വേണ്ട ഭൗതിക സാഹചര്യം ഒരുക്കാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.

പ്രകടന പത്രികയില്‍ പ്രധാനമായും അവതരിപ്പിച്ച 35 ഇന പരിപാടികളെല്ലാം തന്നെ ഏകദേശം പൂര്‍ത്തിയാക്കാന്‍ 1000 ദിവസം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യ മേഖലക്കാണ് നാം മുന്‍തൂക്കം നല്‍കിയത്. ഹൈവേ വികസനം, മലയോര പാത, തീരദേശ പാത, ഗെയ്ല്‍ പൈപ്പ് ലൈന്‍, എല്‍ എന്‍ ജി ടെര്‍മിനല്‍, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, നാഷനല്‍ വാട്ടര്‍ വേ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയൊക്കെ ഏറ്റെടുത്തു നടപ്പിലാക്കാനാണ് ശ്രദ്ധിച്ചത്. ഏതു സര്‍ക്കാറിനും അസാധ്യമായത് എന്ന് പല സാമൂഹിക രാഷ്ട്രീയ നിരീക്ഷകരും എഴുതിത്തള്ളിയ പദ്ധതികളായിരുന്നു ഇതില്‍ പലതും. എല്ലാ പ്രതികൂല ഘടകങ്ങളെയും രാഷ്ട്രീയ ഇച്ഛാശക്തിയോടെ അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തില്‍ മറികടന്ന് അസാധ്യമായതിനെ സാധ്യമാക്കുകയായിരുന്നു സര്‍ക്കാര്‍.
അതോടൊപ്പം കേരളത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന നാല് മിഷനുകള്‍ ആര്‍ദ്രം, ലൈഫ്, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയകരമായി നടപ്പാക്കുക കൂടിയായിരുന്നു. ആരോഗ്യമേഖലയിലെ ഇടപെടലുകള്‍ നിപ്പാ വൈറസ് പോലുള്ളവയെ ഫലപ്രദമായി അതിജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കി. സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ജില്ലാ താലൂക്ക് ആശുപത്രികളില്‍ വരെ ലഭ്യമാക്കി. രണ്ട് വര്‍ഷം കൊണ്ട് മൂന്നേകാല്‍ ലക്ഷം കുട്ടികള്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതുതായി ചേരുന്ന വിധം വിദ്യാഭ്യാസ മേഖലയെ നവീകരിച്ച് പൊതുസമൂഹത്തിന് സ്വീകാര്യവും പുതിയകാലത്തിന് ചേരുന്നതുമാക്കി. പച്ചക്കറി, പാല്‍, മുട്ട എന്നിവയില്‍ സ്വയം പര്യാപ്തതയിലേക്ക് അടുക്കുന്ന സ്ഥിതിയും ഉണ്ടായി. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തില്‍ ഭവനരഹിതരായി ആരും ഉണ്ടാവുകയില്ല എന്ന വിധത്തില്‍ ഭവന നിര്‍മാണ മേഖലയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ സാധിച്ചു. സംസ്ഥാനത്തെയാകെ വെളിയിട വിസര്‍ജന വിമുക്തമാക്കാനും നൂറ് ശതമാനം വൈദ്യുതീകരണം സാധ്യമാക്കാനും കഴിഞ്ഞു.

ചെറുപ്പക്കാര്‍ക്കുള്ള തൊഴിലുകള്‍ ഇവിടെ തന്നെ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിന് ഐ ടി മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനായി ഐ ടി പാര്‍ക്കുകളിലെ വിസ്തീര്‍ണം ഒരു കോടി ചതുരശ്ര അടിയായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നു. അതിന്റെ പകുതിയോളം ഇതിനകം വര്‍ധിപ്പിച്ചിട്ടുണ്ട്. നിസ്സാന്‍, ഫുജിസ്റ്റ്‌സു തുടങ്ങിയ കമ്പനികള്‍ കേരളത്തില്‍ വന്നു എന്നത് വലിയ നേട്ടമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്രദമായ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനം കേരളത്തില്‍ യാഥാര്‍ഥ്യമാകുന്നു എന്നത് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള കുതിച്ചു ചാട്ടത്തിന്റെ ഉദാഹരണമാണ്. പൊതു, പരമ്പരാഗത മേഖലകളെ ശക്തിപ്പെടുത്തി. പലതും ലാഭത്തിലാക്കി. കേന്ദ്രം അടച്ചുപൂട്ടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്തു. കയര്‍, കൈത്തറി, ഖാദി, കശുവണ്ടി വ്യവസായങ്ങളെ പുനരുജ്ജീവിപ്പിച്ചു.
പ്രതിമാസം 1,200 രൂപ എന്ന ഉയര്‍ന്ന നിരക്കില്‍ സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ ശ്രദ്ധിച്ചു എന്നത് ഇടതുപക്ഷം ജനപക്ഷമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സവിശേഷമായി കൈകാര്യം ചെയ്യാന്‍ അവര്‍ക്കായി ഒരു പ്രത്യേക വകുപ്പ് ആരംഭിച്ചതോടൊപ്പം അവരുടെ സുരക്ഷ മുന്‍നിര്‍ത്തി പിങ്ക് പട്രോളും ഷീലോഡ്ജും മറ്റും യാഥാര്‍ഥ്യമാക്കി. ട്രാന്‍സ്ജന്‍ഡറുകള്‍ക്കായി പ്രത്യേക നയം നടപ്പിലാക്കി. അംഗപരിമിത സൗഹൃദമാക്കി പൊതു ഇടങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നു. ദളിത് വിഭാഗങ്ങളിലുള്‍പ്പെടെയുള്ള പിന്നാക്കക്കാരെ ദേവസ്വം ബോര്‍ഡ് അമ്പലങ്ങളില്‍ ശാന്തിക്കാരായി നിയമിക്കാനും കഴിഞ്ഞു. ഒരു ലക്ഷത്തിലധികം പേര്‍ക്ക് പട്ടയം നല്‍കി. എല്ലാ വിഭാഗം ജനങ്ങളെയും വികസനത്തിന്റെ ഭാഗമാക്കുന്നതിന്റെ ഭാഗമാണിതെല്ലാം.
ഭരണനിര്‍വഹണത്തിന്റെയും ക്രമസമാധാനത്തിന്റെയും കാര്യങ്ങളില്‍ കേരളം ഈ സര്‍ക്കാറിന്റെ കാലയളവില്‍ മുന്നിട്ടുനില്‍ക്കുന്നതാണ് കണ്ടത്. കഴിഞ്ഞവര്‍ഷം പദ്ധതിനിര്‍വഹണത്തിന് നീക്കിവെച്ചിരുന്ന തുകയുടെ 90 ശതമാനവും വിനിയോഗിക്കപ്പെട്ടു. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതാണെന്ന് പലയാവര്‍ത്തി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ തന്നെ വിലയിരുത്തുന്ന സ്ഥിതിയുണ്ടായി.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ദേശീയതലത്തില്‍ തൊഴിലുകള്‍ കുറഞ്ഞു എന്ന വാര്‍ത്ത ഈയടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍, കേരളത്തിലാകട്ടെ ഈ സര്‍ക്കാറിന്റെ കാലത്ത് ലക്ഷത്തോളം പേര്‍ക്കാണ് പി എസ് സി വഴി നിയമനം നല്‍കിയത്. ഇരുപതിനായിരത്തോളം പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.

പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തി സംവരണ വിഭാഗങ്ങളില്‍ പെട്ടവരുടെ തൊഴില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള ഇടപെടലുകളും നടത്തി. 80 ശതമാനം തൊഴില്‍ മേഖലകളിലും ഇടപെട്ടുകൊണ്ട് സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തി. തൊഴിലിടങ്ങളില്‍ തൊഴിലാളിക്ക് ഇരിക്കാനുള്ള അവകാശം നല്‍കുന്ന ഇടപെടല്‍ നടത്താന്‍ കഴിഞ്ഞു എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്.
സോളാര്‍ പോലെയുള്ള പാരമ്പര്യേതര ഊര്‍ജത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി സൗഹൃദ വികസന മാതൃകകള്‍ അവലംബിക്കുകയാണ് നാം. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനരംഗത്ത് കേരളം പുതിയ ചുവടുവെപ്പ് നടത്തുകയാണ്. ഹാര്‍ഡ്‌വെയര്‍ ഉത്പാദന സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സ്വന്തം കമ്പ്യൂട്ടര്‍ വിപണിയിലെത്തുകയാണ്. വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്, ലൈഫ് സയന്‍സസ് പാര്‍ക്ക് എന്നിവ യാഥാര്‍ഥ്യമാക്കുന്നത് അറിവിലധിഷ്ഠിതമായ പുതിയ സാധ്യതകള്‍ തുറന്നു വെക്കുകയാണ്. കേരളാ ബേങ്ക് ഈ വര്‍ഷം യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ പൊതു വികസനവുമായി സംസ്ഥാനത്തെ സഹകരണ മേഖലയെയും കേരളത്തിലെ ജനങ്ങളെ ആകെയും കൂടുതല്‍ ബന്ധിപ്പിക്കാന്‍ കഴിയും.

കേരളത്തിന്റെ സമ്പദ്ഘടനയില്‍ കാതലായ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുക ഉത്പാദന മേഖലകളിലെ ഇടപെടലുകളില്‍ കൂടിയാണ്. ഇവിടെ ഏറ്റവുമധികം സാധ്യതയുള്ളത് കാര്‍ഷിക ഉത്പന്നങ്ങളുടെയും സമുദ്ര ഉത്പന്നങ്ങളുടെയും മറ്റും മൂല്യവര്‍ധനവിലൂടെയാണ്. ഇത്തരം വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി ലോക കേരളസഭ സ്ഥാപിക്കുകയും അവരുടെ നിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്താവുന്ന ഡയ്‌സ്‌പോറ ബോണ്ടുകളും കെ എസ് എഫ് ഇ ചിട്ടികളും ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.
സമാനതകളില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഒക്കെ ഇടയില്‍ പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും പ്രതിസന്ധികളില്‍ തളരാത്തവണ്ണം കേരള സമൂഹത്തിന് ഒറ്റക്കെട്ടായി നില്‍ക്കാനും കഴിഞ്ഞു എന്നതാണ് കഴിഞ്ഞ ആയിരം ദിനങ്ങളിലെ നമ്മുടെ ഏറ്റവും വലിയ നേട്ടം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെയാണ് കഴിഞ്ഞ കാലവര്‍ഷത്തില്‍ നാം അതിജീവിച്ചത്. കേരളത്തിന്റെ പുനര്‍നിര്‍മാണം എന്ന അതിബൃഹത്തായ കടമ പൂര്‍ണതോതില്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ വേണ്ടിവരും.
ഈ ഘട്ടത്തില്‍ നമ്മുടെ ഒരുമയെ തകര്‍ക്കാനും മതനിരപേക്ഷതയെ വെല്ലുവിളിക്കാനും ആസൂത്രിത ശ്രമങ്ങള്‍ നടന്നു. എന്നാല്‍, കേരളജനത അത്തരം ശ്രമങ്ങളെ തള്ളിക്കളയുന്നതാണ് നാം കണ്ടത്. ആ പ്രക്രിയക്ക് ചാലകശക്തിയായി നിന്ന് നവോത്ഥാനത്തിന്റെ പുതുതുടര്‍ച്ചകള്‍ സാധ്യമാക്കാനും വര്‍ഗീയതയെ ചെറുക്കാനും കഴിഞ്ഞു.

അഞ്ച് വര്‍ഷം കൊണ്ട് ഒരു സര്‍ക്കാറിന് സാധാരണ ചെയ്യാന്‍ കഴിയുന്നതിലുമപ്പുറമാണ് ആയിരം ദിവസം കൊണ്ട് ഈ സര്‍ക്കാര്‍ ചെയ്തത്. അതിനു സഹായകരമായത് കേരള ജനതയുടെ ഒത്തൊരുമയാണ്. സുസ്ഥിര വികസനത്തിനുവേണ്ടി ഒറ്റക്കെട്ടായി നില്‍ക്കാന്‍, നമ്മുടെ നാടിനും വരും തലമുറകള്‍ക്കും പ്രയോജനപ്രദമാകുന്നവയെ രണ്ട് കൈയും നീട്ടി സ്വീകരിക്കാന്‍ തുടര്‍ന്നുള്ള നാളുകളിലും നമുക്ക് കഴിയേണ്ടതുണ്ട്.
പ്രതികൂല ഘടകങ്ങളുടെ മലവെള്ളപ്പാച്ചില്‍ തന്നെ ഉണ്ടായ ഒരു ഘട്ടത്തിലാണ്, അവയെ മറികടന്ന് കേരളം അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം, സാമൂഹിക ക്ഷേമ മേഖലകളെ കൈയൊഴിക്കാന്‍ നിര്‍ബന്ധിക്കുന്ന കേന്ദ്ര സാമ്പത്തിക നയം, സംസ്ഥാന താത്പര്യങ്ങളോട് അവഗണന കാട്ടുന്ന കേന്ദ്ര സമീപനം, നോട്ടുനിരോധനം, പ്രകൃതിദുരന്തത്തിന് അര്‍ഹമായ സഹായം നിഷേധിക്കല്‍, കേരളത്തിന്റെ ന്യായമായ അവകാശങ്ങള്‍ നിരാകരിക്കല്‍ തുടങ്ങിയ എത്രയോ അധികമായിരുന്നു പ്രതികൂല ഘടകങ്ങള്‍. അവക്ക് കടപുഴക്കാന്‍ വിട്ടുകൊടുക്കാതെ കേരളത്തിന്റെ താത്പര്യങ്ങളെ ഒരു തിരിനാളത്തെ കൈക്കുമ്പിളിലെന്ന പോലെ കാത്തുരക്ഷിക്കുകയായിരുന്നു എല്‍ ഡി എഫ് സര്‍ക്കാര്‍. ആ പ്രക്രിയയില്‍ ആഗോളവത്കരണ ഉദാരവത്കരണ നയങ്ങള്‍ക്ക് ബദലില്ല എന്ന ലോക മുതലാളിത്തത്തിന്റെ വാദത്തെ പൊളിച്ചടുക്കുംവിധമുള്ള ഒരു ബദല്‍ മാതൃക ഉയര്‍ത്തിക്കാട്ടുക കൂടിയായിരുന്നു. ഈ വഴിയേ നാട് ഇനിയും മുന്നോട്ടുപോകും. പുതിയ ഒരു കേരളത്തെ പടുത്തുയര്‍ത്തും.

പിണറായി വിജയന്‍

 

കേരള മുഖ്യമന്ത്രി

---- facebook comment plugin here -----

Latest