Connect with us

Kerala

കൊലപ്പെടുത്തിയത് പീതാംബരനും സംഘവും, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

Published

|

Last Updated

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരതിനെയും കൊലപ്പെടുത്തിയത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം  എ പീതാംബരനും കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേരും ചേര്‍ന്നാണെന്ന് മൊഴി. യുവാക്കളെ വെട്ടിയത് താനാണെന്ന് പീതാംബരന്‍ മൊഴി നല്‍കിയതായാണ് വിവരം. കൊല നടത്തിയത് കഞ്ചാവ് ലഹരിയിലാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. പീതാംബരനും കസ്റ്റഡിയിലുള്ള ആറ് പേരും മൊഴിയില്‍ ഉറച്ചുനല്‍ക്കുകയാണ്. പീതാംബരനാണ് കൃപേഷിന്റെ തലക്ക് വെട്ടിയതെന്നാണ് സൂചന. തനിക്കേറ്റ അപമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പീതാംബരന്റെ മൊഴി. തനിക്കെതിരെ ആക്രമണമുണ്ടായിട്ടും പാര്‍ട്ടി കാര്യമായ പരിഗണന നല്‍കാത്തത് നിരാശ ഉണ്ടാക്കിയെന്നും ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിക്കാതെ വന്നതോടെ തിരിച്ചടിക്കാന്‍ തീരുമാനിച്ചുവെന്നും പീതാംബരന്റെ മൊഴിയിലുണ്ട്. എന്നാല്‍, മൊഴി പൂര്‍ണമായും വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുമെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ വൈകീട്ടോടെയാണ് സി പി എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ ചെയ്തത്. കൊല ആസൂത്രണം ചെയ്തത് പീതാംബരനാണെന്ന് പോലീസ് പറഞ്ഞു.
ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പള്ളിക്കരയില്‍ നിന്നാണ് പീതാംബരന്‍ ഉള്‍പ്പെടെ ഏഴ് പേരെ കസ്റ്റഡിയിലെടുത്തത്. സി പി എം അനുഭാവികളായ മുരളി, സജീവന്‍, ദാസന്‍, ഹരി എന്നിവരടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. കല്യോട്ട് നടന്ന സി പി എം കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി പീതാംബരനെയും മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകനായ രവീന്ദ്രനെയും ആക്രമിച്ച കേസില്‍ കൃപേഷും ശരതും പ്രതികളായിരുന്നു. ഇതിലെ വൈരാഗ്യമാണ് കൊലക്ക് കാരണം.
പാക്കം വെളുത്തോളിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ കാറിന്റെ ഉടമയായ സി പി എം അനുഭാവിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പീതാംബരനെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

സി പി എമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ് എഫ് ഐ ആര്‍. നേരത്തെ യുവാക്കള്‍ക്കെതിരെ വധഭീഷണി മുഴക്കിയ ഏതാനും പേരെയും പോലീസ് ചോദ്യം ചെയ്തുവരുന്നുണ്ട്. പ്രതികളെത്തിയെന്ന് കരുതുന്ന കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ജീപ്പുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനായി പ്രദേശത്തെയും മറ്റും സി സി ടി വികള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് പുറത്താക്കിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

Latest