Ongoing News
വസന്തകുമാറിന്റെ വീട്ടില്‍ ആശ്വാസ വാക്കുകളുമായി മുഖ്യമന്ത്രിയെത്തി

കല്‍പ്പറ്റ: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മന്ത്രിമാരായ ഇ പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. വസന്തകുമാറിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. വസന്ത കുമാറിന്റെ ഭാര്യയുടെ വെറ്ററിനറി യൂനിവേഴ്‌സിറ്റിയിലെ ജോലി സ്ഥിരപ്പെടുത്തുകയോ കേരളാ പോലീസില്‍ എസ് ഐ തസ്തികയില്‍ ജോലി നല്‍കുകയോ ചെയ്യാമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. ഇതില്‍ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കു നേരെയുണ്ടായ അത്യന്തം ഹീനമായ ഭീകരാക്രമണത്തെ മന്ത്രിസഭായോഗം അപലപിച്ചിരുന്നു. വസന്തകുമാറിന്റെ ഭാര്യയ്ക്ക് ഇപ്പോള്‍ താല്‍ക്കാലിക തസ്തികയില്‍ ജോലി ചെയ്യുന്ന വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് തസ്തികയില്‍ സ്ഥിരം നിയമനം നല്‍കാനും ഭാര്യക്ക് സഹായധനമായി 15 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
ഇതിനു പുറമെ വസന്തകുമാറിന്റെ മാതാവിന് 10 ലക്ഷം രൂപ അനുവദിക്കും. വസന്തകുമാറിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും. വസന്തകുമാറിന്റെ കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ചു നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.