കൃപേഷിന്റെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കും

Posted on: February 19, 2019 10:34 am | Last updated: February 19, 2019 at 2:57 pm

എറണാകുളം: കാസര്‍കോട് ഇരട്ടക്കൊലപാതത്തില്‍ മരണപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് വീട് നിര്‍മിച്ച്  നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
കൃപേഷിന്റെ മാതാപിതാക്കളുടെയും സഹോദരിമാരുടെയും ചിരകാല സ്വപ്‌നമായിരുന്നു ഒരു വീട്‌. അത് കോണ്‍ഗ്രസ് യാതാര്‍ഥ്യമാക്കുമെന്ന് അദ്ധേഹം പറഞ്ഞു. എറണാകുളത്ത് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാം നഷ്ടപ്പെട്ട കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയാല്‍ അതൊരു പരിഹാരമാകുമെന്ന് വിശ്വസിക്കുന്നില്ല. എങ്കിലും ജനമഹാ യാത്രയില്‍ പിരിച്ചെടുത്ത പണം അവര്‍ക്ക് നല്‍കാനാണ് തീരുമാനം. പത്ത് ലക്ഷം രൂപ രണ്ട് കുടുംബങ്ങള്‍ക്കും നാളെ തന്നെ നല്‍കുമെന്നും അദ്ധേഹം അറിയിച്ചു. പിന്നീട് 15 ലക്ഷം രൂപയും നല്‍കും. ഈതുക കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചേര്‍ന്ന് ജനങ്ങളില്‍ നിന്നാണ് സ്വരൂപിക്കുക.

പതിനെട്ട് വയസ്സ് പൂര്‍ത്തിയായ കൃപേഷിന് പട്ടാളക്കാരനാകണമെന്നായിരുന്നു ആഗ്രഹം. വീടെന്ന സ്വപ്‌നവുമായി അതിനായി അവന്‍ കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നു. കിട്ടുന്ന സമയം പാര്‍ട്ടിക്കായി ചെലവഴിച്ചിരുന്ന പോരാളിയായിരുന്നു കൃപേഷെന്നും മുല്ലപ്പള്ളി പറഞ്ഞു.

കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന് തന്റെ തണല്‍ ഭവനപദ്ധതിപ്രകാരം വീടുണ്ടാക്കിനല്‍കുമെന്ന് നേരത്തെ ഹൈബി ഈഡന്‍ എം.എല്‍.എയും പറഞ്ഞിരുന്നു. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തണല്‍ ഭവനപദ്ധതിയുമായി സഹകരിക്കുന്ന സുഹൃത്ത് ഇതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
ഓലമേഞ്ഞ ഒറ്റമുറി വീടാണ് കൃപേഷിന്റേത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൃപേഷിന്റെ സ്ഥാനത്തുനിന്ന് മാതാപിതാക്കളുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം നിയോജകമണ്ഡലത്തില്‍ പ്രളയത്തില്‍ വീടുനഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കാന്‍ ഹൈബി ഈഡന്‍ നടപ്പാക്കുന്ന പദ്ധതിയാണ് തണല്‍.