Connect with us

National

പുല്‍വാമ ഭീകരാക്രമണം: വിവാദ പരാമര്‍ശം നടത്തിയ സിദ്ദുവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന്

Published

|

Last Updated

ചണ്ഡീഗഡ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് തദ്ദേശ-സാംസ്‌കാരിക വകുപ്പു മന്ത്രിയും മുന്‍ ക്രിക്കറ്ററുമായ നവജോത് സിംഗ് സിദ്ദു നടത്തിയ പ്രസ്താവന വിവാദമായി. ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു രാഷ്ട്രത്തെ മുഴുവനായി കുറ്റപ്പെടുത്തരുതെന്ന പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. സിദ്ദുവിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു.

പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബ് നിയമസഭയില്‍ ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പായി സിദ്ദു പാക് സന്ദര്‍ശന വേളയില്‍ പാക് സൈനിക മേധാവിയെ ആശ്ലേഷിച്ചു നില്‍ക്കുന്നതിന്റെ ചിത്രങ്ങളുള്‍പ്പടെ അകാലിദള്‍ നേതാക്കള്‍ കത്തിച്ചു. സഭയില്‍ അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീദിയയും സിദ്ദുവും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

സംഭവത്തില്‍ കോണ്‍ഗ്രസും പഞ്ചാബ് സര്‍ക്കാറും നിലപാടു വ്യക്തമാക്കണമെന്ന് അകാലിദള്‍ ആവശ്യപ്പെട്ടു. പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനെയും പാക് സൈനിക മേധാവിയെയും കുറ്റപ്പെടുത്താന്‍ കോണ്‍ഗ്രസ് തയാറുണ്ടോയെന്ന് പുല്‍വാമ ആക്രമണത്തെ അപലപിക്കുന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച ശേഷം സംസാരിക്കവെ പാര്‍ട്ടി നേതാവ് മജീദിയ ചോദിച്ചു.

സ്വകാര്യ ചാനലിലെ പരിപാടിക്കിടയിലാണ് ഭീകരവാദികളുടെ ഭീരുത്വം നിറഞ്ഞ പ്രവൃത്തികള്‍ക്ക് ഒരു രാഷ്ട്രത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് സിദ്ദു പറഞ്ഞത്. ജാതി, മതം, ദേശാതിര്‍ത്തി തുടങ്ങിവയൊന്നും ഭീകരവാദികള്‍ക്കു പ്രശ്‌നമല്ല. നല്ലതും ചീത്തയുമായ ആളുകള്‍ എല്ലാ ഭരണകൂടത്തിലുമുണ്ടാകും. പുല്‍വാമയിലുണ്ടായ ആക്രമണം ദുഃഖകരമാണെന്നും അങ്ങേയറ്റം അപലപിക്കുന്നുവെന്നും ഇതു നടത്തിയവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും സിദ്ദു പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ വിവാദമായതോടെ സിദ്ദുവിനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Latest